കൊച്ചി: തങ്ങളെ ഏറെ നാൾ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത നടൻ ഇന്നസെന്റിന് വിട ചൊല്ലുകയാണ് മലയാളികൾ. സാമൂഹിക മാധ്യമങ്ങളിലൂടെയും ധാരാളം പേർ അനുശോചന കുറിപ്പുകൾ പങ്കുവയ്ക്കുന്നു. നടന് അവസാനമായി മേക്കപ്പിടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പലരും നൊമ്പരത്തോടെ പങ്കുവച്ചു. സംവിധായകൻ ആലപ്പി അഷറഫ് ആണ് ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. 'ഒരിക്കൽ കൂടി.... ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകർത്ത അഭിനയ മികവ് എന്നും നിലനിൽക്കും'- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിർമ്മാതാവ് ഔസേപ്പച്ചൻ അവസാനമായി കൈയിൽ കുരിശ് പിടിപ്പിച്ചുകൊടുക്കുന്നതും ചിത്രത്തിൽ കാണാം. ഒരു നിയോഗം പോലെയാണ് അദേഹത്തിന് കുരിശ് നൽകി യാത്രയാക്കാനുള്ള അവസരമുണ്ടായതെന്ന് ഔസേപ്പച്ചൻ ഒരു മാധ്യമത്തോട് പറഞ്ഞു. നടന്മാരായ ബാബുരാജ്, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ അദ്ദേഹത്തിനടുത്തുണ്ട്.

അതേസമയം, ജന്മനാടായ ഇരിങ്ങാലക്കുടയിൽ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും ജന്മനാട്ടിലും ജനപ്രവാഹം. പതിനായിരങ്ങളാണ് ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കാൻ ടൗൺഹാളിലേക്ക് എത്തിയത്. 3.30 വരെയാണ് ഇവിടെ പൊതുദർശനത്തിന് തീരുമാനിച്ചിരുന്നതെങ്കിലും ജനപ്രവാഹം എത്തുന്നതു മൂലം ഈ സമയം വീണ്ടും നീട്ടിയിട്ടുണ്ട്.