തിരുവനന്തപുരം: തിയേറ്ററിലും ഒടിടിയിലും ഒരുപോലെ വിമർശനം നേരിട്ട സിനിമയാണ് 'ഗോൾഡ്'.ചിത്രത്തിന്റെ പരാജയത്തിന് ശേഷം നിരവധി ട്രോളുകൾക്ക് ഇരയായ സംവിധായകനാണ് അൽഫോൻസ് പുത്രൻ.തനിക്ക് നേരെ വരുന്ന മോശം കമന്റുകൾക്ക് നേരെ അൽഫോൻസ് ഇതിന് മുമ്പ് പ്രതികരിച്ചിട്ടുണ്ട്.എന്നാലിപ്പോൾ ഇതിന് പ്രതിഷേധ സൂചകമായി തന്റെ മുഖം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് സംവിധായകൻ. പ്രൊഫൈൽ ചിത്രം മാറ്റിക്കൊണ്ട് കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

താൻ ആരുടേയും അടിമയല്ല എന്നും തന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ആർക്കും അവകാശം നൽകിയിട്ടില്ല എന്നുമാണ് അൽഫോൻസ് കുറിപ്പിൽ പറയുന്നത്. ഇനിയും ഇത്തരം അധിക്ഷേപങ്ങളുണ്ടായാൽ സോഷ്യൻ മീഡിയയിൽ നിന്ന് അപ്രത്യക്ഷമാകുമെന്നും സംവിധായകൻ പറയുന്നു.

അൽഫോൻസ് പുത്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നിങ്ങൾ എന്നെ ട്രോളുകയും എന്നെയും ഗോൾഡ് സിനിമയെ കുറിച്ച് മോശമായി പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാണ്... അത് നിങ്ങൾക്ക് ഇഷ്ടമായിരിക്കാം. എന്നാൽ എനിക്ക് അങ്ങനെയല്ല. അതുകൊണ്ട് പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളിൽ ഞാൻ എന്റെ മുഖം കാണിക്കില്ല.ഞാൻ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ ആർക്കും അവകാശം നൽകിയിട്ടില്ല. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സിനിമകൾ കാണാം.എന്റെ പേജിൽ വന്ന് നിങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കരുത്.

ഇനി അങ്ങനെ ചെയ്താൽ, ഞാൻ സോഷ്യൻ മീഡിയയിൽ നിന്ന് അപ്രത്യക്ഷമാകും. ഞാൻ പഴയതുപോലെയല്ല. ഞാൻ എന്നോടും എന്റെ പങ്കാളിയോടും കുട്ടികളോടും എന്നെ ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ എന്റെ അരികിൽ നിൽക്കുന്നവരോടും സത്യസന്ധത പുലർത്തുന്നയാളാണ്.ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല.ആരും മനഃപൂർവം വീഴില്ല.അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാൽ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു.