മുംബൈ: ഷൂട്ടിംഗിനിടെ ബോളിവുഡ് താരം അമിതാഭ് ബച്ചനു (80) പരുക്കേറ്റു. ഹിന്ദിയിലും തെലുങ്കിലുമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. വാരിയെല്ലിനു പൊട്ടലും പേശികൾക്കു ക്ഷതവുമുണ്ടായതിനെതുടർന്ന് ഷൂട്ടിങ് നിർത്തിവച്ച് അദ്ദേഹം മുംബൈയിലേക്കു മടങ്ങി. ഹൈദരാബാദിൽ വച്ചാണു താരത്തിനു പരുക്കേറ്റത്. ശരീരത്തിന് വേദനയുണ്ടെന്നും മുംബൈയിലെ വസതിയിൽ വിശ്രമത്തിലാണെന്നും താരം ബ്ലോഗിൽ കുറിച്ചു.

ഹിന്ദിയിലും തെലുങ്കിലുമായി നിർമ്മിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അമിതാഭ് ബച്ചനു പരുക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ച് സിടി സ്‌കാൻ ചെയ്തു. ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചതിനെ തുടർന്നാണ് ഷൂട്ടിങ് നിർത്തിവെച്ച് അദ്ദേഹം മുംബൈയിലേക്ക് മടങ്ങിയത്. അനങ്ങുമ്പോഴും ശ്വസിക്കുമ്പോഴും വേദനയുണ്ടെന്നും ഏതാനും ആഴ്ച വിശ്രമിക്കേണ്ടിവരുമെന്നും ബച്ചൻ അറിയിച്ചു.

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'പ്രോജക്ട് കെ' എന്നു താൽക്കാലികമായി പേരിട്ടിരിക്കുന്ന പുതിയ സിനിമയിൽ ബച്ചനോടൊപ്പം പ്രഭാസ്, ദീപിക പദുക്കോൺ തുടങ്ങിയ വൻതാരനിരയുണ്ട്. അടുത്ത വർഷം ജനുവരിയിൽ റിലീസ് ചെയ്യാനായിരുന്നു പദ്ധതി.

1982ൽ മന്മോഹൻ ദേശായിയുടെ 'കൂലി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മേശയുടെ മൂലയിൽ ഇടിച്ച ബച്ചന്റെ കുടലിനു ഗുരുതരമായി പരുക്കേറ്റിരുന്നു. 2018 ൽ 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ' ചിത്രീകരിക്കുമ്പോൾ ചുമലിനു പരുക്കേറ്റു.