- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഉമ്മൻ ചാണ്ടിസാർ ജനമനസ്സുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ്; താങ്കളുടെ ഈ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി'; വിനായകനെതിരെ നടൻ അനീഷ് ജി.
കൊച്ചി: ഇന്ന് സൈബറിടത്തിൽ ഏറ്റവും അധികം വിമർശനം കേൾക്കുന്നത് നടൻ വിനായകനാണ്. ഉമ്മൻ ചാണ്ടിയെ അവഹേളിച്ചു കൊണ്ടുള്ള വീഡിയോയുടെ പേരിലാണ് വിനായകനെതിരെ വിമർശനം ഉയരുന്നത്. ഈ വിഷയത്തിൽ വിനായകനെ തള്ളിപ്പറഞ്ഞു കൊണ്ടാണ് വിവിധ കോണുകളിൽ ഉള്ളവർ പ്രതികരിക്കുന്നത്. ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ യുവനടൻ അനീഷ് ജി രംഗത്തുവന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം.
'പ്രേക്ഷകർക്ക് മുന്നിൽ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലെന്നത് ഒരു യാഥാർഥ്യമാണ്. അതുപോലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാർ ജനമനസ്സുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യഥാർഥ്യമാണ്. രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അപ്പുറമാണ് അദ്ദേഹം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് പത്രങ്ങളുടെ ഒന്നാം പേജ് മുഴുവൻ ആ മഹദ് വ്യക്തി നിറഞ്ഞുനിന്നതും കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകൾ താങ്കളെ അസ്വസ്തപ്പെടുത്തിയതും. താങ്കളുടെ ഈ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി', അനീഷ് കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം:
മിസ്റ്റർ വിനായകൻ, ഞാനും നിങ്ങളും ഒരേ ഇൻഡസ്ട്രിയിൽ ഈ നിമിഷവും നിലനിൽക്കുന്ന നടന്മാരാണ്. എന്നുവെച്ച് ഓഡിയൻസിന് മുന്നിൽ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്നത് ഒരു യാഥാർഥ്യമാണ്. അതുപോലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിസാർ ജനമനസ്സുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യഥാർഥ്യമാണ്.
രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അപ്പുറമാണ് അദ്ദേഹം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവൻ ആ മഹത് വ്യക്തി നിറഞ്ഞുനിന്നതും കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകൾ താങ്കളെ അസ്വസ്തപ്പെടുത്തുകയും ചെയ്യുന്നത്. നല്ലൊരു അഭിനേതാവ് എന്ന നിലയിൽ നിങ്ങളോടുള്ള ഇഷ്ടം വെച്ചുകൊണ്ടുതന്നെ പറയട്ടെ... താങ്കളുടെ ഈ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി.
കഴിഞ്ഞ ദിവസമായിരുന്നു വിനായകന്റെ വിവാദ പ്രതികരണം. 'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത്, അതിന് ഞങ്ങൾ എന്ത് ചെയ്യണം. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലേ ഇയാൾ ആരോക്കെയാണെന്ന്' -വിനായകൻ ചോദിച്ചു.
വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു. വ്യാപക പ്രതിഷേധമാണ് താരത്തിനെതിരെ ഉയർന്നത്. വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ ഡി.ജി.പിക്കും കൊച്ചി സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സതീഷാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സോണി പനന്താനമാണ് കൊച്ചി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.
മറുനാടന് ഡെസ്ക്