കൊച്ചി: ചുരുക്കം വേഷത്തിൽക്കൂടി തന്നെ പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത നടിയാണ് അനുശ്രീ.ചെറിയ ഒരു ഇടവേളക്ക് ശേഷം അനുശ്രീ മുഴുനീള വേഷത്തിലെത്തുന്ന സിനിമായാണ് കള്ളനും ഭഗവതിയും.ചിത്രത്തിന്റെ പ്രമോഷൻ പുരോഗമിക്കെ അനുശ്രീ പങ്കുവെച്ച ഒരു കാര്യമാണ് ഇപ്പോൾ വൈറലാകുന്നത്.ഒൻപതു മാസത്തോളം തന്റെ കൈ പാരലൈസ്ഡായ അവസ്ഥയിലായിരുന്നു എന്നാണ് അനുശ്രീ പറഞ്ഞത്. ഒൻപതു മാസത്തോളം ഒരു റൂമിന് അകത്തായിരുന്നു ജീവിതമെന്നും സിനിമാ സ്വപ്നങ്ങൾ അവസാനിച്ചെന്ന് കരുതി എന്നുമാണ് താരം പറഞ്ഞത്.

ഒരു എല്ലു വളർന്നതിനെ തുടർന്ന് കയ്യിലേക്കുള്ള രക്തയോട്ടം തടസപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഓപ്പറേഷൻ ചെയ്യേണ്ട സമയം അതിക്രമിച്ചതിനു ശേഷമാണ് ഇത് കണ്ടെത്തുന്നതെന്നും അഭിമുഖത്തിൽ അനുശ്രീ പറഞ്ഞു.പ്രതിസന്ധി കാലഘട്ടത്തിന്റെ ഓർമകൾ താരത്തെ വികാരാധീനയാക്കുകയായിരുന്നു.ഇതിഹാസ കഴിഞ്ഞ സമയമായിരുന്നു. ഒരു ദിവസം നടക്കുന്നതിനിടെ കൈയിന്റെ ബാലൻസ് പോകുന്നതുപോലെ തോന്നി. എന്താണെന്ന് മനസിലായില്ല. പിന്നെ അത് മാറിയെങ്കിലും തുടർച്ചയായി വന്നുകൊണ്ടിരുന്നു. ആശുപത്രിയിൽ പോയി എക്സറെ എടുത്തുനോക്കിയെങ്കിലും കണ്ടുപിടിക്കാനായില്ല. മൂന്നു നാലു മാസത്തെ ചികിത്സയ്ക്കൊടുവിലാണ് അവസാനം കണ്ടെത്തുന്നത്.

എന്റെ ഷോൾഡറിന്റെ ഭാഗത്തായി ഒരു എല്ല് വളർന്നു വരുന്നുണ്ടായിരുന്നു. ഇതിൽ ഞരമ്പു കയറി ചുറ്റി കംപ്രസ്ഡായിട്ട് കൈയിൽ പൾസ് കിട്ടാത്ത അവസ്ഥയിലായതാണ്. ഓപ്പറേഷൻ ചെയ്യേണ്ട സമയം അതിക്രമിച്ചതിനു ശേഷമാണ് നമ്മൾ ഇത് കണ്ടെത്തുന്നത്. ഇതിഹാസ റിലീസാവാനുള്ള തയ്യാറെടുപ്പിലായിരുന്നു അപ്പോൾ. അങ്ങനെ സർജറി ചെയ്ത്. ശസ്ത്രക്രിയയ്ക്കുശേഷം എട്ട്- ഒൻപത് മാസം എന്റെ കൈ തളർന്ന അവസ്ഥയിലായിരുന്നു. സിനിമ സ്വപ്നങ്ങളൊക്കെ പെട്ടിയിൽ പൂട്ടിവെക്കണം എന്നാണ് കരുതിയത്. ഏകദേശം ഒൻപത് മാസത്തോളം ഒരു റൂമിനക്കാത്തായിരുന്നു ജീവിതം.- അനുശ്രീ പറഞ്ഞു.

സിനിമയിൽ എത്തി നാലു വർഷത്തിനു ശേഷമായിരുന്നു ഇത് സംഭവിക്കുന്നത്. എന്നാണ് ഇത് ശരിയാവുക എന്നു പറയാൻ പോലുമാകാത്ത അവസ്ഥയായിരുന്നു. താൻ വീണ് പോയാൽ വീട് വയ്ക്കാൻ എടുത്താ ലോൺ പോലും വീട്ടുകാർക്ക് അടച്ചു തീർക്കാൻ പറ്റില്ലല്ലോ എന്നോർത്ത് ആകെ വിഷമത്തിലായി. ആ സമയത്താണ് ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയുടെ കോൾ വരുന്നത്. തനിക്ക് സിനിമ ചെയ്യാൻ പറ്റില്ല എന്നാണ് അപ്പോൾ പറഞ്ഞത്. എന്നാൽ തനിക്കുവേണ്ടി കാത്തിരിക്കാൻ അവർ തയാറായിരുന്നു. ജീവിതത്തിൽ പ്രതീക്ഷയേകിയത് ചന്ദ്രേട്ടനിലേക്കുള്ള വിളിയാണ്. ഫിസിയോതെറാപ്പി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് സിനിമയിൽ അഭിനയിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെല്ലാം തനിക്ക് പിന്തുണ തന്നുവെന്നും അനുശ്രീ പറയുന്നു.