മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലും നടൻ സുനിൽഷെട്ടിയുടെ മകൾ അതിയാ ഷെട്ടിയും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. സുനിൽ ഷെട്ടിയുടെ ഖണ്ഡാലയിലെ ഫാംഹൗസിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമായിരുന്നു ക്ഷണം. ഇത്തവണത്ത ഐപിഎൽ സീസണ് ശേഷം വിവാഹ വിരുന്ന് പ്രത്യേകമായി നടത്തുമെന്ന് ഇരുവരുടേയും കുടുംബം അറിയിച്ചു.

അഥിയയുടെ പിതാവും നടനുമായ സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസിൽ വച്ചായിരുന്നു വിവാഹം. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകളാണ് വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

സിനിമയിലെയും ക്രിക്കറ്റിലെയും സുഹൃത്തുക്കൾക്ക് വേണ്ടി പിന്നീട് വിരുന്ന് സംഘടിപ്പിക്കും. വിവാഹത്തിന് പിന്നാലെ ഖണ്ടാലയിലെ ഫാം ഹൗസിന് മുന്നിലെത്തിയ മാധ്യമപ്രവർത്തകർക്കും അവിടെയെത്തിയ ആരാധകർക്കും സുനിൽ ഷെട്ടിയും മകൻ അഹാൻ ഷെട്ടിയും ചേർന്ന് മധുരം നൽകി.

വിവാഹത്തിന് ശേഷം രാഹുൽ ഇൻസ്റ്റ്ഗ്രാമിലിട്ട പോസ്റ്റിന് താഴെ വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവരുൾപ്പെടെ നിരവധി പേരാണ് ആശംസ അറിയിച്ചത്. രാഹുലിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു... ''എങ്ങനെ സ്നേഹിക്കണമെന്ന് ഞാൻ പഠിച്ചത്, നീ നൽകിയ വെളിച്ചത്തിൽ നിന്നുകൊണ്ടാണ്. ഇന്ന്, ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഞങ്ങൾ വിവാഹിതരായി. ഞങ്ങളുടെ ഒരുമിച്ചുള്ള യാത്രയിൽ നിങ്ങളുടെ അനുഗ്രഹമുണ്ടായിരിക്കണമെന്ന് സ്നേഹം നിറഞ്ഞ ഹൃദയത്തോടെ ഞങ്ങൾ ആഗ്രഹിക്കുന്നു.'' രാഹുൽ കുറിച്ചിട്ടു. പോസറ്റ് വായിക്കാം...

ഇരുവരും 2019 മുതൽ ഡേറ്റിംഗിലാണ്. കഴിഞ്ഞ വർഷമാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം പരസ്യമാക്കിയത്. വിവാഹത്തിന് മുന്നോടിയായി കെ എൽ രാഹുലിന്റെ മുംബൈയിലെ വസതിയായ പാലി ഹൗസ് ദീപങ്ങൾ കൊണ്ട് അലങ്കരിച്ചതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ കളിക്കുന്ന ഇന്ത്യൻ ടീം അംഗങ്ങളിൽ ആരൊക്കെ വിവാഹത്തിനെത്തുമെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.

മൂന്നാം ഏകദിനത്തിനായി ഇന്ത്യൻ ടീം അംഗങ്ങളെല്ലാം ഇൻഡോറിലാണെങ്കിലും മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയും മുൻ നായകൻ വിരാട് കോലിയും ബോളിവുഡ് സൂപ്പർ താരങ്ങളുമെല്ലാം എത്തുമെന്നാണ് റിപ്പോർട്ട്.

 
 
 
View this post on Instagram

A post shared by Athiya Shetty (@athiyashetty)

ബോളിവുഡ് താരവും സുനിൽ ഷെട്ടിയുടെ അടുത്ത സുഹൃത്തുമായ അജയ് ദേവ്ഗൺ താരവിവാഹത്തിന് ആശംസകളുമായി ട്വീറ്റ് ചെയ്തു. അടുത്ത മാസം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും പിന്നാലെ ഏപ്രിൽ-മെയ് മാസങ്ങളിലായി നടക്കുന്ന ഐപിഎല്ലും അടക്കം തിരക്കിട്ട മത്സരക്രമം കണക്കിലെടുത്ത് ഐപിഎല്ലിനുശേഷമായിരിക്കും ഇവരുവരും വിവാഹസൽക്കാരം നടത്തുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വിവാഹത്തിനായി ന്യൂസിലൻഡിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് വിട്ടു നിൽക്കുന്ന രാഹുൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ തിരിച്ചത്തുമെന്നാണ് കരുതുന്നത്.