കൊച്ചി: പ്രവാസി വ്യവസായ പ്രമുഖനും ചലച്ചിത്ര നിർമ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്റെ വിയോഗത്തിൽ ആദരാഞ്ജലി അറിയിച്ച് നടൻ ബാബു ആന്റണി. തനിക്ക് മികച്ച കഥാപാത്രത്തെ സമ്മാനിച്ച ചിത്രത്തിന്റെ നിർമ്മാതാവാണ് അദ്ദേഹമെന്നും വേർപാടിൽ ദുഃഖിതനാണെന്നും നടൻ ഫേസ്‌ബുക്കിൽ കുറിച്ചു. അറ്റ്ലസ് രാമചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ബാബു ആന്റണിയുടെ കുറിപ്പ്.

'മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻ ഭരതേട്ടൻ സംവിധാനം ചെയ്ത 'വൈശാലി' എന്ന ഇതിഹാസ ചിത്രം നിർമ്മിച്ച ശ്രീ രാമചന്ദ്രന്റെ വേർപാടിൽ ദുഃഖമുണ്ട്. ലോമപാദൻ രാജാവ് എന്റെ ഏറ്റവും പ്രശംസനീയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാൻ ഭാഗ്യവാനായിരുന്നു. എനിക്ക് ഏറ്റവും പ്രശംസ നേടിത്തന്ന ലോമപാദൻ രാജാവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായത് ഭാഗ്യമായി കരുതുന്നു', എന്നാണ് ബാബു ആന്റണി കുറിച്ചത്.

ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ആസ്റ്റർ മൻഖൂൾ ഹോസ്പിറ്റലിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു അറ്റ്ലസ് രാമചന്ദ്രന്റെ വിയോ?ഗം. ശാരീരിക അസ്വാസ്ഥ്യങ്ങൾ കാരണം ശനിയാഴ്ചയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകൾ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു.

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം കൊണ്ട് ശ്രദ്ധനേടിയ അദ്ദേഹം നടനായും നിർമ്മാതാവായും സിനിമയിൽ തിളങ്ങി. പ്രവാസികൾക്കിടയിലെ മികച്ച സാംസ്‌കാരിക പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. ഗൾഫ് മേഖലയിലെ നിരവധി കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് അദ്ദേഹം മുൻനിരയിൽ പ്രവർത്തിച്ചു.