തൃശൂർ: രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഇരട്ടക്കുട്ടികളുടെ ചോറൂണിന്റെ ചിത്രത്തിലുള്ള 'യഥാർത്ഥ ഉടമയെ' കണ്ടെത്തി നൽകിയിരിക്കുകയാണ് സോഷ്യൽ മീഡിയ. 21 വർഷം മുൻപായിരുന്നു ഇരട്ടകളായ കുഞ്ഞുങ്ങളുടെ ചോറൂണ് നടന്നത്. ഈ ഫോട്ടോയിൽ ഇരട്ടക്കുട്ടികളെ മടിയിലിരുത്തി ഇരിക്കുന്നവരെ കണ്ടെത്താൻ സഹായിക്കാമോ എന്ന ചോദ്യവുമായാണ് കഴിഞ്ഞ ദിവസം ഒരാൾ ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. എന്നാൽ ചോദ്യം ഉന്നയിച്ച ആൾക്ക് ഏറെയൊന്നും കാത്തിരിക്കേണ്ടി വന്നില്ല. മറുപടിയുമായി തേടിയെത്തിയതോ അന്നത്തെ ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരാൾ തന്നെ.

സാമൂഹ്യ മാധ്യമങ്ങളുടെ കരുത്താണ് കൗതുകകരമായ സംഭവത്തിലൂടെ വ്യക്തമാകുന്നത്. സംഭവം നടന്ന് രണ്ട് പതിറ്റാണ്ട് കഴിഞ്ഞതൊന്നും ഇവിടെ പ്രതിബന്ധമായില്ല. അന്നത്തെ ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരാൾ തന്നെ ആ ഫോട്ടോ തിരിച്ചറിഞ്ഞെത്തി എന്നതാണ് കൗതുകം.

കൃഷ്ണ ബിജു എന്ന വോയിസ് ആർട്ടിസ്റ്റ് ആണ് വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ ക്യാമറയിൽ പതിഞ്ഞ ആ കുടുംബത്തെ തേടി ഇറങ്ങിയത്. ഇവരെ കണ്ടെത്താൻ ഒന്ന് സഹായിക്കാമോ എന്ന കുറിപ്പോടെയാണ് കൃഷ്ണയുടെ ഫേസ്‌ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റ്

ഒരു ഇരുപത്തിഒന്ന് വർഷം പിന്നോട്ട് പൊയ്‌ക്കോട്ടേ... ഗുരുവായൂരപ്പന്റെ തിരുനട..ആ തിരുമുൻപിൽ ഒരുപാട് കുഞ്ഞ് മക്കൾ ആദ്യ ചോറൂണിനായി കാത്തു നിൽക്കുന്നു..ആ ചിത്രങ്ങൾ എന്നും ഓർമയാക്കാൻ ചുറ്റും കുറച്ചു ക്യാമറകളും.. അന്ന് ക്യാമറ എന്ന വസ്തു സ്വന്തമായി ഉള്ളത് വലിയ ഒരു കാര്യമാണ്..ഗുരുവായൂരപ്പന്റെ മുന്നിൽ വെച്ചു സ്വന്തം മക്കളുടെ ചോറൂണ് ക്യാമറയിൽ പകർത്താൻ എല്ലാരും തിരക്കു കൂട്ടുന്നു..

അതിനിടയിൽ ഓമനത്തമുള്ള കുഞ്ഞ് ഇരട്ട കുട്ടികളെയും ചേർത്ത് പിടിച്ചു ഒരു അമ്മയും അച്ഛനും...പക്ഷെ ആ സന്തോഷമുള്ള നേരത്തും ഒരു ചെറിയ വിഷമം ഉണ്ട് അവരുടെ മുഖത്ത്..തന്റെ മക്കളുടെ ഈ സൗഭാഗ്യം എന്നും കണ്ടു സന്തോഷിക്കാൻ ഒരു ചിത്രം എടുക്കാൻ കഴിഞ്ഞെങ്കിൽ.....അതിനായി ഒരു ക്യാമറ അവരുടെ കൈവശം ഇല്ല..

അവരുടെ തൊട്ടടുത്താണ് എന്റെ നാത്തൂനും കൂട്ടരും. ഞങ്ങളുടെ കുഞ്ഞ് അനന്ദു കുട്ടന് ചോറൂണിനായി അവസരം കാത്തു നിൽക്കുന്നത്..ആദ്യം സമ്മാനിച്ച പുഞ്ചിരിയിൽ ചേച്ചിയുടെ കൈയിലെ ക്യാമറ തെല്ലു കണ്ടപ്പോൾ അവരുടെ മുഖത്ത് ഒരു കുഞ്ഞ് സന്തോഷം..ആദ്യം ഒന്ന് മടിച്ചെങ്കിലും ആ തിരക്കിനിടയിൽ നാത്തൂനോട് ചോദിച്ചു വിരോധമില്ലെങ്കിൽ..ഞങ്ങളുടെ കുഞ്ഞിന് ചോറ് കൊടുക്കുന്ന ഫോട്ടോ ഒന്ന് എടുത്തു തരാമോ.. എന്നിട്ട് അഡ്രെസ്സ് തരാം ഒന്ന് അയച്ചു തരുമോ ഒരു ആഗ്രഹം.ഒട്ടും മടിക്കാതെ അവരുടെ ആഗ്രഹം അവരോടൊപ്പം നിന്ന് സന്തോഷത്തോടെ സാധിച്ചു കൊടുത്തു..

അനന്ദു കുട്ടന് ചോറൂണും കഴിഞ്ഞു വന്നപ്പോഴാണ് വലിയ ഒരു മറവി സംഭവിച്ചു എന്ന് മനസിലായത്..അവരുടെ അഡ്രസ് വാങ്ങാൻ മറന്നിരിക്കുന്നു.. ??വളരെ വിഷമത്തോടെ ആണ് അന്ന് തിരിച്ചു വന്നത്...ചിത്രം കുറച്ചു മങ്ങിയെങ്കിലും..അനന്ദുകുട്ടന്റെ ചോറൂണിന്റെ ചിത്രങ്ങൾക്കൊപ്പം ഇന്നും നിറമുള്ള ഓർമ്മയോടെ..മനസ്സ് തിരക്കുന്നു ഈ ചിത്രത്തിന്റെ ഉടമസ്ഥരെ...ഇന്ന് അത് വീണ്ടും കൈയിൽ തടഞ്ഞപ്പോൾ ഒരു ആഗ്രഹം...ഇന്നത്തെ സാമൂഹ്യ മാധ്യമത്തിന്റെ ശക്തിയാൽ വർഷങ്ങൾക്കു ശേഷം ഇവരെ കണ്ടെത്താൻ പറ്റിയാലോ..ഇരുപതു വർഷത്തിന് ശേഷം അവർ ഒരുപാട് ആഗ്രഹിച്ച ചിത്രം അവരെ ഒന്ന് കാണിക്കാനും ഏൽപ്പിക്കാനും ഒരു ആഗ്രഹം...