- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമനെയും സീതയെയും പ്രതീക്ഷിച്ചിരുന്ന ഞാൻ ആദ്യ സീൻ കണ്ടപ്പോ ഒന്നു ഞെട്ടി; കഥാന്ത്യത്തിലെത്തിയപ്പോൾ ഞെട്ടൽ ഒന്നൊന്നര ഞെട്ടലായി; സീതാരാമം കോപ്പിയല്ലേ എന്ന സംശയം പങ്കുവെച്ച് ബാലചന്ദ്ര മേനോന്റെ കുറിപ്പ് വൈറലാകുന്നു; 'സാമ്യം ഉണ്ടാകാം. അടിച്ചു മാറ്റി എന്ന് പറയാൻ പറ്റില്ലെന്ന് കമന്റുകളും
തിരുവനന്തപുരം: ദുൽഖർ സൽമാന്റെ കരിയറിലെത്തനെ ഏറ്റവും വലിയ വിജയ ചിത്രമായി മുന്നേറുകയാണ് സീതാരാമം.ഏറെ നാളായി വിജയം കാണാതിരുന്ന ബോളിവുഡിനും ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ആശ്വാസമായിരുന്നു.റിലീസ് ചെയ്ത എല്ലാ ഭാഷകളിലും മികച്ച അഭിപ്രായം നേടിയാണ് ചിത്രം മുന്നേറുന്നത്.ഒടിടി റിലീസിന് ശേഷവും ചിത്രം തിയേറ്ററുകളിൽ തുടരുന്നുണ്ട്.എന്നാൽ ഇപ്പോൾ ചിത്രത്തെക്കുറിച്ച് ഒരു സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്് ബാലചന്ദ്രമേനോൻ.
സീതാരാമം ക്ലൈമാക്‌സ് കണ്ട് ഞെട്ടിയെന്നും ആ ഞെട്ടലിന്റെ ഒരു ക്ലൂ തന്റെ പോസ്റ്ററിൽ ഉണ്ടെന്നും ബാലചന്ദ്രമേനോൻ കുറിപ്പിൽ പറയുന്നു. കുറിപ്പിനൊപ്പം സീതാരാമത്തിന്റെയും അമേരിക്കൻ ചിത്രം റോമൻ ഹോളിഡേയുടെയും പോസ്റ്ററുകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കോപ്പിയടിയാണോ സംവിധായകൻ ഉദ്ദേശിച്ചതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
ബാലചന്ദ്ര മേനോന്റെ കുറിപ്പ് പൂർണ്ണരൂപം
ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച 'സീതാരാമം' റിലീസ് ആയ ദിവസം തന്നെ ചിത്രം കണ്ടവരുടെ നല്ല ആസ്വാദനം ഞാൻ കേട്ടറിഞ്ഞു. സന്തോഷം തോന്നി. പക്ഷേ തിയറ്ററിൽ ആൾ സാന്നിധ്യം പ്രതീക്ഷിച്ചതിലും കുറവാണെന്നറിഞ്ഞപ്പോൾ വിഷമം തോന്നി. എന്നാൽ അധികം വൈകാതെ ചിത്രം നല്ലതാണെന്നുള്ള പൊതുജനാഭിപ്രായത്തിനനുസരിച്ചു തിയറ്ററിലും തിരക്ക് കൂടുന്നു എന്ന വാർത്ത എന്നെ സന്തോഷിപ്പിച്ചു.
സിനിമയുടെ തുടക്കത്തിൽ അൽപ്പം അമാന്തം ഉണ്ടായാലും കണ്ടവരുടെ ചുണ്ടിൽനിന്ന് ചുറ്റുവട്ടത്തിലേക്കു പടരുന്ന പ്രേരണ കൊണ്ട് ചിത്രം ഹിറ്റ് ആയി മാറണം. അതു തന്നെയാണ് ആരോഗ്യകരമായ സിനിമയുടെ വ്യാകരണം. അഭിമാനത്തോടെ പറയട്ടെ, ജൂബിലികൾ കൊണ്ടാടിയ എന്റെ ചിത്രങ്ങളുടെ ചരിത്രവും അതു തന്നെയാണ്. സമൂഹ മാധ്യമങ്ങളിൽ നിറമുള്ള വ്യാജപ്രചാരണങ്ങളിലൂടെയും തിയറ്ററുകളിൽ വ്യാജ സദസ്സുകളിലൂടെയും (ളമസല മൗറശലിരല) സിനിമ ജനപ്രിയമാക്കാൻ ശ്രമിക്കുന്നത് ആത്മവഞ്ചനയാണെന്നേ പറയാനാവൂ..
സീതാരാമം ശില്പികൾക്ക് എന്റെ അഭിനന്ദനങ്ങൾ... ഇനി കാര്യത്തിലേക്കു വരട്ടെ. സീതാരാമം നന്നായി ഓടുന്നു എന്നു കേട്ടപ്പോൾ അതിന്റെ കഥ എന്താവും എന്നൊരു അന്വേഷണം നിങ്ങളെപ്പോലെ എന്റെ മനസ്സിലും ഉണ്ടായി. നേരിട്ടല്ലെങ്കിലും രാമരാജ്യമായതു കൊണ്ടു സീതയെ അവലംബമാക്കിയുള്ള, ഒന്നുകിൽ ഒരു പ്രണയകഥ അല്ലെങ്കിൽ കുടുംബകഥ എന്ന് തന്നെയാണ് ഞാനും കരുതിയത്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ഒരു പോലെ പ്രദർശന വിജയം നേടിയ ഈ ചിത്രം പ്രൈം വിഡിയോയിൽ കഴിഞ്ഞ ദിവസമാണ് കണ്ടത്.
രാമനെയും സീതയെയും പ്രതീക്ഷിച്ചിരുന്ന ഞാൻ ചിത്രത്തിന്റെ തുടക്കത്തിൽ കണ്ട ഇന്തോ-പാക്കിസ്ഥാൻ പട്ടാള അധിനിവേശം കണ്ടപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടി എന്ന് പറയാം. എന്നാൽ പോകെപ്പോകെ കഥാന്ത്യത്തിലെത്തിയപ്പോൾ ആ ഞെട്ടൽ ഒരു 'ഒന്നൊന്നര ഞെട്ടലായി' മാറി. ആ ഞെട്ടലിന്റെ ഒരു ക്ലൂ ഞാൻ കൊടുത്തിരിക്കുന്ന ഈ പോസ്റ്ററിൽ നോക്കിയാൽ മനസ്സിലാക്കാൻ കഴിയും. അങ്ങനെ എന്തെങ്കിലും സൂചന നിങ്ങൾക്ക് കിട്ടുന്നുവെങ്കിൽ ദയവായി കമന്റായി എഴുതുക. അതിന് ശേഷം ഞാൻ തീർച്ചയായും പ്രതികരിക്കാം... പോരെ ? സീതാ രാമാ !
പോസ്റ്റിനു താഴെ സീതാരാമം സിനിമയെ പിന്തുണച്ചാണ് മുഴുവൻ കമന്റുകളും. 'സാമ്യം ഉണ്ടാകാം. അടിച്ചു മാറ്റി എന്ന് പറയാൻ പറ്റില്ല. അങ്ങനെ എങ്കിൽ അവതാർ വിയറ്റ്നാം കോളനി റീമേക്ക് എന്ന് പറയേണ്ടി വരില്ലേ?'എന്നാണ് ഒരു പ്രേക്ഷകൻ കുറിച്ചത്.
മറ്റു ചില കമന്റുകൾ :
''സർ പറഞ്ഞത് ശരിയാണ്. ഈ സിനിമ കണ്ടപ്പോൾ എനിക്കും റോമൻ ഹോളിഡേ ഓർമ വന്നു. തീർച്ചയായിട്ടും അത് പ്രചോദനം ആയിട്ടുണ്ടാവും. എങ്കിലും കോപ്പി എന്ന് പറയാൻ ആവില്ലല്ലോ. റോമൻ ഹോളിഡേ, സൗണ്ട് ഓഫ് മ്യൂസിക്, ഗോഡ്ഫാദർ, ദേവദാസ് ഇതിൽ നിന്നൊക്കെ പ്രചോദനം കൊണ്ട് എത്രയോ സിനിമകൾ വന്നിട്ടുണ്ട്. സീതാരാമത്തിന്റെ മറ്റെല്ലാം ഒറിജിനൽ ആണോ? അതോ ബർഫി പോലെ പല സിനിമകൾ മിക്‌സ് ചെയ്തതാണോ എന്ന് വിശദമായി അന്വേഷിച്ചാലേ അറിയൂ. അപാകതകൾ പലതുണ്ടെങ്കിലും ഒരു പ്രണയ കഥയിൽ സസ്‌പെൻസ്, ട്വിസ്റ്റുകൾ ഇതെല്ലാം പുതുമയുള്ള അനുഭവമാണ്
''കൊട്ടാരം വിട്ട് പുറത്ത് വന്ന രാജകുമാരി ഒരു സാധാരണക്കാരനായ ആളെ പ്രേമിക്കുന്നു എന്ന സാമ്യം അല്ലാതെ സീതാരാമവും റോമൻ ഹോളിഡെയും തമ്മിൽ വേറെന്ത് സാമ്യം ആണ് ഉള്ളത്. രണ്ട് സിനിമകളുടെയും കഥകളും കഥാ സന്ദർഭങ്ങളും വ്യത്യസ്തം തന്നെ ആണ്. തെലുങ്കിൽനിന്ന് ഡബ്ബ് ചെയ്ത സിനിമ ആയതുകൊണ്ട് തെലുങ്ക് ഭാഷയിൽ അവർ ഉദ്ദേശിച്ച ഇന്റൻസിറ്റി നമ്മുടെ ഭാഷയിലേക്ക് ഡബ്ബ് ചെയ്തതുകൊണ്ട് കിട്ടുന്നില്ല.. പ്രത്യേകിച്ച് കവിതകൾ... പിന്നെ കോമഡി രംഗങ്ങൾ... ഇവ രണ്ടും ഒഴികെ തരക്കേടില്ലാത്ത സിനിമ തന്നെയാണ് സീതാ രാമം.. എന്ന് വച്ച് ക്ലാസ്സിക് ആണോ എന്ന് ചോദിച്ചാൽ..അല്ലെന്നും പറയാം.''
മറുനാടന് മലയാളി ബ്യൂറോ