- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അതിഘോരമാം കൊടുങ്കാറ്റിതാ, വഴി നീളവേ പ്രതിസന്ധികൾ...; തളരില്ല തെല്ലുമിനി വീഥിയിൽ ഒരു ചാട്ടുളി പൊലീനി നീങ്ങുമേ...'; രാജ്യത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ് ഭാരത് ജോഡോ യാത്രയുടെ യാത്രാഗീതം; സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകർന്ന് യാത്രാഗീതം പുറത്തിറങ്ങി. കന്യാകുമാരി മുതൽ കശ്മീർ വരെ നീളുന്ന ഭാരത് ജോഡോ യാത്രയിലെ ദൃശ്യങ്ങളും നാടിന്റെ സാംസ്‌കാരിക പൈതൃക പെരുമകളും കോർത്തിണക്കിയാണ് ഗാനത്തിന് ദൃശ്യാവിഷ്‌കാരം നടത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയിലേക്ക് ജനങ്ങളെ ആഹ്വാനം ചെയ്യുന്നതാണ് ഗീതം.
''അതിഘോരമാം കൊടുങ്കാറ്റിതാ, വഴി നീളവേ പ്രതിസന്ധികൾ, തളരില്ല തെല്ലുമിനി വീഥിയിൽ ഒരു ചാട്ടുളി പൊലീനി നീങ്ങുമേ..' എന്ന് തുടങ്ങുന്ന യാത്രാഗീതത്തിന്റെ വരികൾക്കൊപ്പം നാടിന്റെ ചേതനയെ തൊട്ടറിയുന്ന ദൃശ്യങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. കോൺഗ്രസിന്റെ ട്വിറ്റർ ഹാന്റിലിലൂടെയാണ് ഗാനം പുറത്തുവിട്ടത്.
Bharat is a beautiful bouquet of cultures & languages that is tied together by the belief of its people in it.#BharatJodoYatra's aim is to spread the fragrance of this bouquet in every corner of the country.
- Congress (@INCIndia) September 11, 2022
Presenting you the Bharat Jodo theme song in Malayalam. pic.twitter.com/4ACIRBHPCy
രാജ്യത്തിന്റെ ഹൃദയം തൊട്ടറിയുന്നതിനായി വിവിധ വിഭാഗങ്ങളുമായി സംവദിച്ചും അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞുമാണ് രാഹുലിന്റെ യാത്ര പുരോഗമിക്കുന്നത്. ജോഡോ യാത്രയുടെ മൂന്നാം ദിനത്തിൽ മാർത്താണ്ഡത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടെ രാഹുൽ സമയം ചെലവഴിച്ചിരുന്നു.
രാവിലെ 7 മുതൽ 10 വരെയും തുടർന്ന് വൈകുന്നേരം നാല് മുതൽ രാത്രി ഏഴ് വരെയുമായി ഓരോ ദിവസവും 25 കി.മീറ്റർ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്. തിരുവനന്തപുരം മുതൽ തൃശൂർ വരെ ദേശീയ പാതവഴിയും തുടർന്ന് തൃശ്ശൂർ നിന്നും നിലമ്പൂർ വരെ സംസ്ഥാന പാതവഴിയുമാണ് പര്യടനം.
പാറശാല മുതൽ നിലമ്പൂർ വരെ 19 ദിവസമായി 453 കി.മീറ്ററാണ് ഭാരത് യാത്ര കേരളത്തിൽ പര്യടനം നടത്തുന്നത്. തിരുവനന്തപുരം ജില്ലയിൽ 11,12,13,14 തീയതികളിൽ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കും. 15,16 തീയതികളിൽ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളിൽ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളിൽ തൃശൂർ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാടും പര്യടനം പൂർത്തിയാക്കും. 27ന് ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലയിൽ പ്രവേശിക്കും.
28,29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കി കർണ്ണാടകത്തിലേക്ക് പ്രവേശിക്കും. ജോഡോയാത്ര കടന്ന് പോകുന്ന വിവിധ ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും ക്രമീകരണങ്ങൾ വരുത്തുന്നതിനുമായി വിവിധ കമ്മിറ്റികൾക്കും കെപിസിസി രൂപം നൽകിയിട്ടുണ്ട്.
കേരളത്തിൽ പാറശാല, നെയ്യാറ്റിൻകര, ബാലരാമപുരം, നേമം, തിരുവനന്തപുരം സിറ്റി, കഴക്കൂട്ടം, ആറ്റിങ്ങൽ, ചാത്തന്നൂർ, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, അരൂർ, ഇടപ്പള്ളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂർ, തൃശ്ശൂർ, വടക്കാഞ്ചേരി, വള്ളത്തോൾ നഗർ, ഷൊർണ്ണൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, വണ്ടൂർ, നിലമ്പൂർ തുടങ്ങി 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലും 12 ലോക്സഭാ മണ്ഡലങ്ങളിലും ഭാരത് ജോഡോയാത്ര കടന്നുപോകും.
'മൈൽ കദം, ജൂഡെ വതാൻ' എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം. 'ഒരുമിച്ച് ചേരൂ, രാജ്യം ഒന്നിക്കും' എന്നതാണ് മുദ്രാവാക്യത്തിന്റെ അർത്ഥം. കോൺഗ്രസിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പദയാത്രയാകും ഭാരത് ജോഡോ യാത്ര. അഞ്ച് മാസം നീണ്ടു നിൽക്കുന്ന പദയാത്രയിൽ 3,500ലധികം കിലോമീറ്ററാണ് രാഹുൽ ഗാന്ധിയും സംഘവും പിന്നിടുക.
അഞ്ച് മാസം നീണ്ടു നിൽക്കുന്ന യാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് പ്രധാനമായും കടന്നുപോകുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്രയിൽ രാഹുലിനൊപ്പം മുഴുവൻ സമയവും 300 പേരാകും ഉണ്ടാകുക. രാഹുൽ അടക്കമുള്ളവർ ഹോട്ടലുകളിൽ താമസിക്കില്ലെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. ഇവർക്ക് എല്ലാ ദിവസവും പ്രത്യേകം തയ്യാറാക്കിയ കണ്ടെയ്‌നറുകളിലാകും താമസം സൗകര്യം ഒരുക്കിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ