കോഴിക്കോട്: എന്നും ട്രോളുകളിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് ഭീമൻ രഘു. ബിജെപി വിട്ട് സിപിഎമ്മിലേക്കു ചേക്കേറിയ നടൻ കഴിഞ്ഞ വർഷം സംസ്ഥാന സിനിമ അവാർഡ് വിതരണവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച സമയമത്രയും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു നിന്നത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മുഖ്യമന്ത്രി പ്രസംഗിച്ച 15 മിനിറ്റ് സദസ്സിന്റെ മുൻനിരയിൽ കൈകെട്ടി ഭാവഭേദമില്ലാതെ ഒറ്റനിൽപ്പിലായിരുന്നു രഘു. ഇതാണ് ട്രോളന്മാർ ആഘോഷിച്ചത്.

2016- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് ബിജെപി സ്ഥാനാർത്ഥിയായ രഘു, 2023 ഏപ്രിലിലാണ് എകെജി സെന്റർ സന്ദർശിച്ച് സിപിഎമ്മിലേക്ക് എത്തിയത്. അന്നു പാർട്ടി ഓഫിസിനു മുന്നിൽ നിന്ന് ചെങ്കോടിവീശി ബലികൂടീരങ്ങളെ പാടിയശേഷമാണ് മടങ്ങിയത്. അതും ട്രോൾ ആയിരുന്നു. ഈയിടെ ഒരു പൊതുപരിപാടിയിൽ 'നരസിംഹം' സിനിമയിലെ ഡയലോഗ് അവതരിപ്പിക്കുമ്പോൾ നാക്കിൽ തെറി കയറിക്കൂടിയതിലൂടെയും ഭീമൻ വിവാദത്തിലായി. നരസിഹം സിനിമയിലെ 'വരണം വരണം ഇന്ദുചൂഡൻ' എന്ന് തുടങ്ങുന്ന ഡയലോഗാണ് ഭീമൻ രഘു പറഞ്ഞത്. ഡയലോഗിലെ പാലക്കാട് വിക്ടോറിയ കോളേജ് മുതൽ'എന്ന ഭാഗം കഴിഞ്ഞ വന്ന ഒരു വാക്കിൽ തെറി കയറിക്കൂടുകയായിരുന്നു. ഇതും വലിയ രീതിയിൽ ട്രോളായി.

ഇപ്പോഴിതാ ഭീമൻരഘുവിന്റെ ഒരു പ്രാങ്ക് വീഡിയോയാണ് യു ട്യൂബിൽ തരംഗമായിരിക്കുന്നത്. നടനും, സെലിബ്രറ്റി പ്രാങ്ക് വീഡിയോ സ്പെഷ്യലിസ്റ്റുമായ അനൂപ്, തന്റെ ഗുലുമാൽ ഓൺലൈനുവേണ്ടി, ഭീമൻ രഘുവിനെ പ്രാങ്ക് ചെയ്യുന്നതാണ്, വൈറലാവുന്നത്. വീഡിയോ ഇറങ്ങി ഒരു മണിക്കൂറിനുള്ളിൽ യുട്യൂബിൽ ട്രെൻഡിങ് നമ്പർ 3യായി അത് മാറി. പക്ഷേ സാധാരണ ഉണ്ടാവാറുള്ളതുപോലെ പരിഹാസമല്ല, ഭീമൻ രഘുവിന്റെ ഹ്യൂമർ സെൻസിനെയും, ക്ഷമയെയും ഇവിടെ പ്രേക്ഷകർ അഭിനന്ദിക്കയാണ്. ഇത്ര പാവമായിരുന്നോ ഇദ്ദേഹം എന്നും പലരും ചോദിക്കുന്നുണ്ട്.

ആടുജീവിതത്തിന് പകരം പോത്തുജീവിതം

പ്രൊഡക്ഷൻ കൺട്രോളർ റഷീദ് പറഞ്ഞിട്ട് സിനിമക്ക് കഥപറയാൻ എന്ന് പറഞ്ഞാണ് അനൂപ് ഭീമൻ രഘുവിനെ ഫോണിൽ വിളിക്കുന്നത്. നടന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉണ്ണികൃഷ്ണനാണ്, തന്റെ മൊബൈലിൽ രഘുവിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ഷൂട്ടിങ്ങ് കഴിഞ്ഞ് ഒരു ഹോട്ടലിൽ ഇവർ വിശ്രമിക്കുമ്പോഴാണ് കോൾ വരുന്നത്.

അനൂപ് വിളിക്കുന്ന തുടക്കം തന്നെ രസകരമാണ്. ഞാൻ രാജവെമ്പാലയാണ് അനൂപ് പറയുന്നത്. തിരക്കിലാണോ എന്ന് ചോദിക്കുമ്പോൾ, അതെയെന്നും, 'രാജവെമ്പാലയായലും മൂർഖനായാലും ഇപ്പോൾ സമയമില്ല' എന്നും പറഞ്ഞ് രഘുഫോൺ കട്ട് ചെയ്യുകയാണ്. എന്നാൽ അനൂപ് വീണ്ടും വിളിച്ച് തന്റെ പേര് രാജീവ് എം പാല എന്നാണെന്നും, അത് സ്്പീഡിൽ പറയുമ്പോൾ രാജവെമ്പാല ആയിപ്പോയതാണെന്നും, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറഞ്ഞ് കഥ പറയാൻ വിളിക്കയാണ് എന്നും പറയുന്നു. തുടർന്നാണ് രഘു കഥ കേൾക്കുന്നത്. രഘുവിന്റെ പുതിയ തത്തമ്മ എന്ന പടത്തിന്റെ വിശേഷങ്ങളൊക്കെ പറഞ്ഞ് രസകരമായി കാര്യത്തിലേക്ക് കടക്കയാണ്.

ഇതിന് മുമ്പ് വർക്ക് ചെയ്തിട്ടുണ്ടോ, എന്ന ചോദ്യത്തിന് ഇത് ഞാൻ ഡയറക്ട് ചെയ്യാൻ പോവുന്ന പടമാണ് എന്നാണ് അനൂപ് പറയുന്നത്. സാർ നായകനായിട്ട് ചെയ്യേണ്ട പടമാണ് എന്ന് പറയുമ്പോൾ രഘു ഞെട്ടുന്നു. അപ്പോൾ കുറച്ച് ഇൻട്രസ്റ്റായിട്ട് കേൾക്കാം എന്നായി അദ്ദേഹം. പോത്തുജീവിതം എന്നാണ് സിനിമുടെ പേര് എന്ന് പറയുമ്പോൾ രഘുവിന്റെ മറുപടി ഇങ്ങനെ. 'എന്റെ ദൈവമേ, ഇവിടെ ഒരു ആടുജീവിതം ഇറങ്ങയിട്ടില്ലേയുള്ളു. ഇപ്പോൾ പോത്ത് ജീവിതമായോ".

അനൂപ് പറയുന്ന കഥയുടെ ചുരുക്കം ഇങ്ങനെയാണ്. 'പാലക്കാടാണ് കഥ നടക്കുന്നത്. ആര്യൻ എന്ന 45-50 വയസ്സിന് താഴെയൂള്ള ഒരാളുടെ വേഷമാണ് രഘു സാർ ചെയ്യുന്നത്. വിക്ടോറിയ കോളജിന്റെ സൈഡിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് ആര്യന് ഒരു പോത്തിൻ കുട്ടിയെ കിട്ടുകയാണ്. ഒരു കുഞ്ഞിപ്പോത്തിനെ. ഇതിനെ എടുത്തുവളർത്തുന്നതും ഇദ്ദേഹത്തിന്റെ വീട്ടുകാരെല്ലാം ഈ പോത്തുകാരണം പിരിഞ്ഞുപോകുന്നതുമാണ് കഥാ തന്തു. കോട്ടമൈതാനം മുതൽ വിക്ടോറിയ കോളജ് വരെ പോത്തിനെ ഓടിച്ചിട്ട് തല്ലുന്നുണ്ട്."- അനൂപ് പറയുന്നു.

പോത്തിനെ പ്രണയിച്ച നായകൻ

കോട്ടമൈതാനവും വിക്ടോറിയ കോളജും വന്നപ്പോൾ ചിരിച്ചുകൊണ്ട് ഭീമൻ ഇടപെടുന്നുണ്ട്. അവർ തമ്മിലുള്ള സംഭാഷണം ഇങ്ങനെ.

രഘു: കോട്ട മൈതാനം വിക്ടോറിയ കോളജ്..ഞാൻ പണ്ടു ചെയ്ത പടത്തിന്റെ ഓർമ്മ വന്നു.

അനൂപ്: പാലക്കാട്ടെ ഒരു പൂക്കാരി പെണ്ണുമായി പ്രണയം ഉണ്ട്. പക്ഷേ ആ പ്രണയം നിഷേധിക്കയാണ്. ആര്യന് പോത്തിനോടുമുണ്ട് പ്രണയം.

രഘു: വി ഡി രാജപ്പന്റെ കാസറ്റുകൾ ഓർമ്മവരുന്നു. (തുടർന്ന് അദ്ദേഹം ഒരു പാട്ടുപാടുന്നു.) പോത്തേട്ടാ, പോയി ചൊല്ലാമോ, എന്റെ പോത്തേട്ടാ പോയി ചെല്ലാമോ? എരുമക്ക് നിലക്കണ്ണാണ്, നീലക്കണ്ണുള്ള വേളിപ്പെണ്ണോട്.... (തുടർന്ന് പോത്ത് അമറുന്നതുപോലുള്ള 'ബാാാ' എന്ന ശബ്ദവും അനുകരിക്കുന്നു.)

അനൂപ്: അങ്ങനെ പൂക്കാരിയെയും കോട്ടമൈതാനം മുതൽ വിക്ടോറിയ കോളജ്വരെ ഓടിക്കുന്നുണ്ട്.

രഘു: നിങ്ങൾ പാലക്കാട്ടുകാരനാണോ, ഇടക്കിടെ ഇത് കയറിവരുന്നല്ലോ.

തുടർന്നുള്ള ചില രസകരമായ സംഭാഷണങ്ങൾക്ക്ശേഷം അനൂപ് കഥ ഇങ്ങനെ ചുരുക്കുന്നു.

അനൂപ്: 'വീട്ടിലുള്ള എല്ലാവരും പിണങ്ങിപ്പോവുമ്പോഴും ആര്യൻ പോത്തിനെ നെഞ്ചോട് ചേർത്തുപിടിക്കുന്നു. ഒരു ദിവസം പോത്ത് ആര്യനെ കുത്തിമറിക്കയാണ്. ആര്യന്റെ രണ്ടുകാലും അനക്കാൻ വയ്യാതെ ആവുന്നു. അപ്പോൾ ഡോക്ടർമാർ വന്നു പറയുന്നു, ഇനി ഈ കാൽ ഒന്നും ചെയ്യാൻ കഴിയല്ലെന്ന്. ഇനി ഒരു മൂന്ന് വർഷത്തേക്ക് ആര്യന്റെ കാൽ അനങ്ങില്ല എന്ന് പറഞ്ഞ്, ഡോക്ടർമാർ തിരിയുകയും മുഖ്യമന്ത്രിയുടെ പ്രസംഗം ടിവിയിൽ വരികയും ആര്യൻ ചാടി എഴുന്നേറ്റ് അനങ്ങാതെ നിൽക്കുകയും ചെയ്യുന്നു. "

രഘു: കണ്ടോ കണ്ടോ കഥ കറങ്ങിത്തിരിഞ്ഞ് എന്റെ നേർക്കുവരുന്നത്.

അനൂപ്: മുഖ്യമന്ത്രിയെ ബഹുമാന പൂർവം കാണുന്നതാണ് ഈ ആര്യൻ. സാറിന്റെ ജീവിതത്തിലെ കഥയും ഞാൻ ഇതിൽ എടുത്തിട്ടുണ്ട്. ഒരുദിവസം പോത്ത് വിഷച്ചടി ഭക്ഷിച്ച് മരണാസന്നനാവുന്നു. വായിലൂടെ നുരയും പതയും വന്ന് കിടക്കയാണ്. താൻ ആത്മാർഥമായി സ്്നേഹിച്ച പോത്തിന്റെ മരണ സമയത്ത് ആര്യൻ കണ്ണീരോടെ നിൽക്കയാണ്. ഡോക്ടർ നോക്കിയിട്ട് പറയും, ഇനി ഇത് 15 മിനുട്ടകൂടി മാത്രമേ ജീവിക്കൂ എന്ന്. ആര്യൻ കരഞ്ഞുകാലുപിടിച്ചിട്ടും ഡോക്ടർ പറയുന്നു, ഈ പോത്തിനോടൊപ്പമുള്ള നിങ്ങളുടെ ജീവിതം തീരാൻപോവുകയാണ്. പിന്നെ കാണുന്നത് ആര്യൻ ഒരു വഴിയിലൂടെ എങ്ങോട്ടോ ഓടുന്നതാണ്.

അടുത്ത ഷോട്ട് ഒരു ഷട്ടർ പൊക്കുന്നതാണ്. അപ്പോൾ കാണുന്നത്, ആര്യനിവാസ് ഇറച്ചിക്കട എന്ന ബോർഡാണ്. സ്വന്തം പോത്തിന്റെ ഇറച്ചി 350 രൂപക്ക് ആര്യൻ വിഷമത്തോടെ വിൽക്കുന്നിടത്താണ് സിനിമ തീരുന്നത്.'

കഥ കേട്ട് ആദ്യം രഘുചിരിക്കുന്നു. നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി ഈ സബ്ജക്റ്റ് എന്ന് ചോദിക്കുന്നു. പിന്നെ ചീത്തവിളിയും, തെറിയുമാണ്. 'ആരാടാ ഈ കഥ പറഞ്ഞുതന്നത്, നിന്റെ പേരന്തൊടാ' എന്ന് പറഞ്ഞ് ചൂടാവുകയാണ്. പക്ഷേ താൻ അനൂപ് ആണെന്നും ഇത് താങ്കളുടെ സുഹൃത്ത് തന്ന പ്രാങ്കാണെന്ന് പറയുകയും ചെയ്തതോടെ നിഷ്‌ക്കളങ്കനായി പൊട്ടിച്ചിരിക്കുന്ന രഘുവിനെയാണ കാണുന്നത്. താൻ ഇതും ഒരു തമാശയായാണ് എടുത്തത് എന്നും, പറഞ്ഞ് ചൂടായതിന് അദ്ദേഹം ക്ഷമ ചോദിക്കുന്നു.

തുടർന്ന്, 'പോത്തേട്ടാ' എന്ന പാട്ട് ഭീമൻ ഒരിക്കൽകൂടി പാടുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. പക്ഷേ ഈ പ്രാങ്കിൽ ഉടനീളം സ്‌കോർ ചെയ്തത് രഘുതന്നെയാണ്. അദ്ദേഹത്തിന്റെ സെൻസ് ഓഫ് ഹ്യൂമറും, ക്ഷമയും, സോഷ്യൽമീഡിയയിൽ ചർച്ചയുമാവുന്നുണ്ട്.