ഹൈദരാബാദ്: ഹൈദരാബാദിൽ തെരുവുനായക്കൂട്ടത്തിന്റെ ആക്രമണത്തിൽ നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിന്റെ സിസിടിവി വീഡിയോ വൈറലയതോടെ സാമൂഹ്യ മാധ്യമങ്ങളിൽ വിഷയം ചർച്ചയാകുന്നത്. തെരുവുനായ്ക്കൾക്ക് വേണ്ടി വാദിക്കുന്നവർ ഈ വീഡിയോ ഒന്ന് കാണുക എന്ന അടിക്കുറിപ്പോടെയാണ് മിക്കവരും വീഡിയോ പങ്കുവയ്ക്കുന്നത്. എന്നാൽ ഈ വീഡിയോ അധികപേർക്കും കാണാൻ സാധിക്കുകയില്ല. അത്രമാത്രം ഭയപ്പെടുത്തുന്നതും ദുഃഖിപ്പിക്കുന്നതുമായ കാഴ്ചയാണിത്.

അംബേർപേട്ടിലാണ് സംഭവം നടന്നിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരനായ അച്ഛൻ ജോലി ചെയ്യുന്ന ഹൗസിങ് സൊസൈറ്റിയുടെ പാർക്കിങ് ഏരിയയിലൂടെ നടക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടെ അപ്രതീക്ഷിതമായാണ് നായ്ക്കളുടെ സംഘം നാലു വയസുകാരനായ പ്രതീപിന്റെ നേരെ പാഞ്ഞടുത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രദീപിന്റെ പിതാവ് സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

കുട്ടി ഒറ്റയ്ക്കു നടക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. കുറച്ചുസമയത്തിനുശേഷം മൂന്നു നായ്ക്കൾ കുട്ടിയുടെ നേരെ വന്ന് അവനെ വളയുന്നു. പരിഭ്രാന്തനായ കുട്ടി ഓടാൻ ശ്രമിച്ചെങ്കിലും നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. കുട്ടി രക്ഷപ്പെടാൻ പാടുപെടുമ്പോൾ നായ്ക്കൾ വസ്ത്രങ്ങൾ വലിച്ചുകീറുന്നു.

എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴെല്ലാം നായ്ക്കളുടെ ആക്രമണത്തിൽ കുട്ടി നിലത്തുവീഴുന്നത് വിഡിയോയിൽ കാണാം. അധികം വൈകാതെ നായ്ക്കൾ പൂർണ്ണമായും കുട്ടിയെ കീഴടക്കുകയും ശരീരം മുഴുവൻ കടിക്കുകയും ചെയ്യുന്നു. നായ്ക്കൾ കുട്ടിയെ കടിച്ചെടുത്ത് ഒരു മൂലയിലേക്ക് വലിച്ചിഴയ്ക്കുമ്പോൾ വേറെ മൂന്നു നായ്ക്കളെയും ദൃശ്യങ്ങളിൽ കാണാം. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

നായ്ക്കളുടെ ആക്രമണത്തിൽ സംഭവസ്ഥലത്ത് വച്ചുതന്നെ മൃതപ്രായനായ കുഞ്ഞിന്റെ കരച്ചിൽ കേട്ട് അച്ഛൻ ഗംഗാധർ ഓടിയെത്തിയെങ്കിലും ആശുപത്രിയിലേക്ക് എത്തിക്കും മുമ്പ് തന്നെ കുഞ്ഞിന്റെ അന്ത്യം സംഭവിച്ചു.

തെരുവുനായ്ക്കളുടെ ആക്രമണം തടയാൻ അതത് പ്രദേശങ്ങളിൽ ഭരണസംവിധാനങ്ങൾ കാര്യക്ഷമമായ നടപടികൾ കൈക്കൊള്ളണമെന്നാണ് എവിടെയും ഈ വിഷയത്തിൽ ഉയർന്നുകേൾക്കാറുള്ള ആവശ്യം. ദാരുണമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും ഇപ്പോഴും ഈ പ്രശ്‌നത്തിന് ഒരു പരിഹാരവും കാണാൻ ഉത്തരവാദപ്പെട്ടവർക്ക് സാധിക്കുന്നില്ല- അല്ലെങ്കിൽ അവരതിന് തയ്യാറാകുന്നില്ല എന്നത് ഖേദകരം തന്നെയാണ്.

സംഭവത്തെക്കുറിച്ച് പൊലീസ്് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഗുജറാത്തിലെ സൂറത്തിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നാല് വയസ്സുള്ള ആൺകുട്ടി മരിച്ച് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് തെലങ്കാനയിലും സമാനമായ സംഭവം.