മുംബൈ: ബോളിവുഡിന് കുറേയായി കഷ്ടകാലമായിരുന്നു. വൻ ബജറ്റിൽ ഒരുങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസിൽ തകർന്നു വീഴുന്ന കാഴ്ചയായിരുന്നു ബോളിവുഡിൽ നിന്ന് കണ്ടിരുന്നത്. എന്നാൽ ഏറ്റവുമൊടുവിലെത്തിയ 'ബ്രഹ്മാസ്ത്ര' ബോളിവുഡിന്റെ രക്ഷയായി മാറുന്നതാണ് ഇപ്പോൾ കാണുന്നത്. 'ബ്രഹ്മാസ്ത്ര'യുടെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷൻ പുറത്തുവന്നിരിക്കുന്നത് ബോളിവുഡിന് ആശ്വാസം പകരുന്ന കണക്കുകളുമായിട്ടാണ്.

ആഗോള അടിസ്ഥാനത്തിൽ ബോക്‌സ് ഓഫീസ് കളക്ഷനിൽ ചിത്രം ഒന്നാം സ്ഥാനത്താണ്. ആദ്യ ആഴ്ച നേടിയിരിക്കുന്നത് 300 കോടി രൂപയാണ്. രൺബിർ കപൂർ നായകനായ ചിത്രം വൻ വിജയമായി മാറിയിരിക്കുകയാണ്. അയൻ മുഖർജി ആണ് ചിത്രം സംവിധാനം ചെയ്തത്.'ഇഷ' എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തിൽ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്മാസ്ത്ര' എത്തിയത്.

 

രൺബീർ കപൂറിന് ഏറെ പ്രതീക്ഷയുള്ള ചിത്രമായ 'ബ്രഹ്മാസ്ത്ര' ആദ്യ ദിനം ലോകമെമ്പാടും നിന്നുമായി 75 കോടിയാണ് കളക്ഷൻ ആണ് നേടിയത്. അമിതാഭ് ബച്ചനും 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന പ്രത്യേകതയുണ്ട്. ഹുസൈൻ ദലാലും സംവിധായകൻ അയൻ മുഖർജിയും ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

എസ് എസ് രാജമൗലിയാണ് മലയാളമുൾപ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ 'ബ്രഹ്മാസ്ത്ര' അവതരിപ്പിച്ചത്. നാഗാർജുനയും 'ബ്രഹ്മാസ്ത്ര'യിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തിയത് 'ബ്രഹ്മാസ്ത്ര പാർട് വൺ: ശിവ' എന്ന പേരിലാണ്.