തിരുവനന്തപുരം: വിവാഹ വസ്ത്രവും ആഭരണങ്ങളും മേക്കപ്പുമൊക്കെയായി അണിഞ്ഞൊരുങ്ങി പരീക്ഷ ഹാളിലേയ്ക്ക് പ്രവേശിച്ച നവവധുവിനെക്കണ്ട് സഹപാഠികൾ പോലും ഒന്ന് അമ്പരന്നുകാണും. എന്നാൽ ബഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി അനിലിന് മറിച്ചൊരു തീരുമാനമുണ്ടായിരുന്നില്ല. ആദ്യം പരീക്ഷ, പിന്നെ വിവാഹം. വിവാഹ ദിവസം ഫിസിയോതെറാപ്പി പ്രാക്ടിക്കൽ പരീക്ഷ എഴുതാനാണ് ശ്രീലക്ഷ്മി അനിൽ വിവാഹ വേഷത്തിൽ പരീക്ഷ ഹാളിൽ എത്തിയത്.

വിവാഹ വേഷമായ പട്ടുസാരിയോടൊപ്പം കോട്ട് ധരിച്ചാണ് ശ്രീലക്ഷ്മി അനിൽ പരീക്ഷ ഹാളിലേയ്ക്ക് പ്രവേശിച്ചത്. ആഭരണങ്ങളും മേക്കപ്പുമൊക്കെയായി വധു അണിഞ്ഞൊരുങ്ങി ക്ലാസിൽ എത്തുകയായിരുന്നു. കോളേജിൽ എത്തിയ ശ്രീലക്ഷ്മി ലാബ് കോട്ട് ധരിച്ചാണ് പരീക്ഷ ഹാളിലേയ്ക്ക് പ്രവേശിച്ചത്.

ഒപ്പം പഠിക്കുന്ന വിദ്യാർത്ഥികളാണ് കോളേജിൽ എത്തിയ വധുവായ ശ്രീലക്ഷ്മിക്ക് ലാബ് കോട്ടും മറ്റും ധരിപ്പിച്ചത്. ലാബ് കോട്ടിനൊപ്പം സ്റ്റെതസ്‌കോപ്പും ധരിച്ചാണ് വധു പരീക്ഷ ഹാളിലേയ്ക്ക് പ്രവേശിച്ചത്.

വിവാഹദിനവും പരീക്ഷാ ദിനവും ഒരുമിച്ച് വന്നാൽ എന്തുചെയ്യുമെന്ന ചോദ്യത്തിനാണ് ശ്രീലക്ഷ്മി ലളിതമായി പരിഹാരം കണ്ടത്. അങ്ങനെയൊരു ദിവസത്തെ വളരെ സ്മാർട്ടായി കൈകാര്യം ചെയ്ത ശ്രീലക്ഷ്മിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിവാഹതിരക്കിനേക്കാൾ പരീക്ഷക്ക് മുൻഗണന നൽകിയ വധുവിന്റെ വീഡിയോ ഗ്രൂസ് ഗേൾസ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ആണ് പ്രചരിച്ചത്. രണ്ട് മില്യണിൽ അധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. വിവാഹ ദിനത്തിൽ പരീക്ഷ എഴുതാൻ എത്തിയ യുവതിയുടെ നിശ്ചയദാർഢ്യത്തെ സോഷ്യൽ മീഡിയ വലിയ രീതിയിൽ അഭിനന്ദിക്കുകയും ചെയ്തു. വിവാഹ ജീവിതത്തിന് ശേഷം കരിയർ അവസാനിപ്പിക്കുന്ന സ്ത്രീകൾക്ക് ശ്രീലക്ഷ്മി ഒരു മാതൃകയാണെന്നും പലരും കമന്റിലൂടെ അഭിപ്രായപ്പെട്ടു.