- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരിക്കൽ ഡൽഹിയിൽ, നന്ദകുമാറിന് ഒരു പറ്റ് പറ്റി..അറിയുന്തോറും പേജുകൾ കൂടുന്ന മഹാത്ഭുതമായ കത്തുമായി ചെന്ന് തട്ടിയത് ഉസ്താദ് വിജയൻ ഖാന്റെ മുറിയിൽ: ആർ എസ് പി നേതാവ് സി കൃഷ്ണചന്ദ്രന്റെ രസകരമായ കുറിപ്പ് 'ഒരുസോളാർ കത്ത് അപാരത'
സോളാർ കത്താണ് ഇപ്പോൾ കത്തി നിൽക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം സോളാർ വിഷയം പരസ്പരം അടിക്കാനുള്ള വടിയായി ഭരണ-പ്രതിപക്ഷങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. വിവാദ ദല്ലാളായ ടി ജി നന്ദകുമാറിനോട് കടക്കുപുറത്ത് എന്ന് പറഞ്ഞയാളാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, പിണറായി വിജയന്റെ അവകാശവാദം തള്ളി ടി ജി നന്ദകുമാറും രംഗത്തെത്തി. ഈ പശ്ചാത്തലത്തിൽ, ആർഎസ്പി നേതാവ് സി കൃഷ്ണചന്ദ്രൻ എഴുതിയ രസകരമായ കുറിപ്പ് ശ്രദ്ധേയമാകുന്നു.
സി.കൃഷ്ണചന്ദ്രന്റെ കുറിപ്പ് വായിക്കാം:
2016 കത്ത് വന്നു, എൽഡിഎഫ് വന്നു
ഒരു ''കത്ത്'' അപാരത:
കത്ത് ബാലകൃഷ്ണപിള്ളയുടെ കൈയിലെന്ന് ഗണേശ്
കത്ത് തന്റെ കൈയിലെന്ന് പരാതിക്കാരി
കത്ത് തന്റെ കൈയിലെന്ന് ശരണ്യാ മനോജ്
കത്ത് തന്റെ കൈയിലെന്ന് നന്ദകുമാർ
കത്ത് തന്റെ കൈയിലെന്ന് ജോഷി കുര്യൻ
കത്ത് തന്റെ കൈയിലെന്ന് പി സി ജോർജ്ജ്
കത്ത് തന്റെ കൈയിലെന്ന് ശിവരാജൻ കമ്മീഷൻ
കത്ത് ഞങ്ങളുടെ കൈയിലെന്ന് സിബിഐ
ദേ ഇപ്പോൾ:
കത്ത്, സിഡി എന്നിവ തന്റെ കൈയിലെന്ന് ഫെനി ബാലകൃഷ്ണൻ
കത്ത് 19 പേജെന്ന് ബാലകൃഷ്ണപിള്ള
കത്ത് 23 പേജെന്ന് ശരണ്യാ മനോജ്
കത്ത് 25 പേജെന്ന് എഴുത്തുകാരി
കത്ത് 30 പേജെന്ന് പി സി ജോർജ്ജ്
കത്ത് 19,23,25 പേജെന്ന് ശിവരാജൻ കമ്മീഷൻ
കത്ത് 4 പേജെന്ന് സിബിഐ
ഇതൊന്നുമല്ല 21 പേജെന്ന് ഫെനി ബാലകൃഷ്ണൻ
കത്തിൽ തർക്കങ്ങൾ തുടരവേ, ഇന്ന്, നന്ദകുമാർ പത്രക്കാരോട് ചില കാര്യങ്ങൾ പറയുന്നത് കേട്ടപ്പോൾ രസകരമായി തോന്നി. തന്നിഷ്ട പ്രകാരമോ, മറ്റെന്തെങ്കിലും പ്രേരണയാലാണോ എന്നറിയില്ല; പറഞ്ഞു വന്നപ്പോൾ ചക്കിന് വച്ചതുകൊക്കിന് കൊണ്ടു എന്നത് പോലെയായി.
പരാതിക്കാരിയെ വച്ച് ശരണ്യാ മനോജ് സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്ന് നന്ദകുമാർ.
ആ ശരണ്യാ മനോജ് തനിക്ക് എറണാകുളത്ത് വന്ന് കത്ത് തന്നിട്ട് പോയി, പക്ഷെ സാമ്പത്തികമൊന്നും കൊടുത്തില്ലായെന്നും നന്ദകുമാർ...
കത്ത് താൻ വായിച്ചിട്ടില്ല, പക്ഷെ കത്തിന്റെ ഘടന കണ്ടപ്പോൾ, അതിന്റെ വാക്കുകൾ വായിച്ചപ്പോൾ ഒറിജിനൽ ആയി തോന്നിയെന്ന് നന്ദകുമാർ...
മുഖഭാവം കൊണ്ടും, പരിമിതമായ വാക്കുകൾ കൊണ്ടും കാര്യങ്ങൾ പറയുന്ന പിണറായി വിജയനെ 2016 ജനുവരി-മെയ് മാസങ്ങൾക്കിടയിൽ 4 തവണ കണ്ടിട്ടുണ്ടത്രേ...
നന്ദകുമാർ പറയുന്നു, പിണറായി വിജയന് ആതിഥ്യ മര്യാദ തീരെ കുറവാണത്രേ...ആർക്കും കുടിക്കാൻ ചായ പോലും കൊടുക്കില്ലത്രേ...
നന്ദകുമാറിന്, പിണറായി വിജയന്റെ മൂന്നാം നിലയിലെ ഫ്ളാറ്റിലെ ചെറിയ മുറിയിൽ ഇരിക്കാനുള്ള, എന്തും സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടത്രേ...
പക്ഷെ ഒരിക്കൽ ഡൽഹിയിൽ, നന്ദകുമാറിന് ഒരു പറ്റ് പറ്റി... കത്ത്, അറിയുന്തോറും പേജുകൾ കൂടുന്ന മഹാത്ഭുതം. ആ കത്തിനെക്കുറിച്ച് പഠിപ്പിക്കണമെന്ന മോഹവുമായി ചെന്ന് തട്ടിയത് ഒരു മിണ്ടാപ്പൂച്ചയുടെ മുറിയിൽ, ഉസ്താദ് വിജയൻ ഖാൻ. ആഗ്രഹം അറിയിച്ചപ്പോൾ ദക്ഷിണ മുൻകൂറായി വയ്ക്കാൻ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടകീശയിൽ എന്തുണ്ട്?
പാര വയ്പ്പിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച, തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ആചാര്യനെ മനസ്സിൽ ധ്യാനിച്ച് സൂര്യ രാഗത്തിൽ ഒരു സോളാർ കീർത്തനം പാടി. പാടി മുഴുമിപ്പിക്കും മുൻപേ മുഖത്തെ സന്തോഷ ഭാവം കൊണ്ട് അദ്ദേഹം എന്നെ വാരിപ്പുണർന്നു. പിന്നെ സിരകളിൽ സോളാർ എഴുത്തിന്റെ ഭാംഗും, കാലമൊരുപാട്...
ഒടുവിലൊരു നാൾ, മുഖ്യനായ ശേഷം ചോറിൽ ഒരു പിടി പച്ച മണ്ണ് വാരിയിട്ടെന്റെ യാത്ര മുടക്കി. ചിറ്റപ്പന്റെ അനുഗ്രഹത്താൽ അവിടെ നിന്നിറങ്ങി യാത്ര തുടർന്നു. ഒരിക്കലും തീരാത്ത യാത്ര.
ചിട്ടിയോം കി സിന്ദഗി ജോ കഭി നഹി ജാത്തേ ഹേ എന്ന് വച്ചാൽ, എഴുത്തിന്റെ സോളാർ കഥകൾ എങ്ങും പോകുന്നില്ല,ഇവിടെയൊക്കെ കറങ്ങി നടക്കും...
മറുനാടന് മലയാളി ബ്യൂറോ