ലോസ്അഞ്ചലോസ്: ഓസ്‌കർ വേദിയിൽ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് നാട്ടു നാട്ടു ഗാനം. മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്‌കർ പുരസ്‌കാരം വാങ്ങിയതിനു ശേഷം സംഗീത സംവിധായകൻ എംഎം കീരവാണി തന്റെ കുട്ടിക്കാല ഓർമയിലേക്കാണ് പോയത്.

കാർപെന്റർ ബാൻഡിനെ കേട്ടാണ് താൻ വളർന്നത് എന്നാണ് കീരവാണി പറഞ്ഞത്. കാർപ്പെന്റേഴ്സിന്റെ ഇഷ്ട ഗാനമായ ടോപ് ഓഫ് ദി വേൾഡിലൂടെയാണ് അദ്ദേഹം തുടർന്ന് സംസാരിച്ചത്. ഇപ്പോൾ കീരവാണിയെ ഞെട്ടിച്ചുകൊണ്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ് കാർപ്പെന്റർ ബാൻഡിലെ അംഗമായ റിച്ചാർഡ് കാർപ്പെൻഡർ.

കീരവാണിയുടേയും ചന്ദ്രബോസിന്റേയും ഓസ്‌കർ വിജയത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് റിച്ചാർഡ് കാർപ്പെന്റർ പാട്ടുപാടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. കീബോർഡ് വായിച്ചുകൊണ്ട് ടോപ് ഓഫ് ദി വേൾഡ് പാടുകയാണ് റിച്ചാർഡ്. അദ്ദേഹത്തിനൊപ്പം രണ്ടു യുവതികളേയും കാണാം.

നിന്റെ വിജയത്തിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും നിങ്ങളാണ് ഏറ്റവും മികച്ചത് എന്നുമാണ് റിച്ചാർഡ് കാർപ്പെന്റർ പാടിയത്. ഞങ്ങളുടെ കുടുംബത്തിൽ നിന്ന് നിങ്ങളുടെ കുടുംബത്തിലേക്ക് ചെറിയ സമ്മാനം എന്ന കുറിപ്പിലാണ് വിഡിയോ പങ്കുവച്ചത്.

 

പിന്നാലെ കമന്റുമായി കീരവാണി എത്തി. ഇത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. സന്തോഷം കൊണ്ട് കണ്ണുനീർ ഒഴുകുകയാണ്. ഏറ്റവും മികച്ച സമ്മാനം.- എന്നാണ് കീരവാണി കുറിച്ചത്. കൂടാതെ സന്തോഷം പങ്കുവച്ചുകൊണ്ട് എസ്എസ് രാജമൗലിയും കമന്റ് ചെയ്തു. ഈ ഓസ്‌കർ ചടങ്ങിൽ എല്ലാം എന്റെ സഹോദരൻ വളരെ ശാന്തനായി ഇരിക്കുകയായിരുന്നു.

പുരസ്‌കാരം നേടിയപ്പോൾ പോലും തന്റെ വികാരത്തെ പുറത്തുവിട്ടില്ല. പക്ഷേ ഇത് കണ്ടതോടെ അദ്ദേഹത്തിന് കണ്ണുനീർ അടക്കാനായില്ല. ഞങ്ങളുടെ കുടുംബത്തിന് ഏറ്റവും മനോഹരമായ ഓർമ. വളരെ നന്ദി.- രാജമൗലി കുറിച്ചു