മെൽബൺ: തനിക്ക് ഭാവിയിൽ അൽഷിമേഴ്‌സ് രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി തോർ താരം ക്രിസ് ഹേംസ്വർത്ത്. വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ രോഗ സാധ്യതയെ കുറിച്ചും ആശങ്കയെ കുറിച്ചും വെളിപ്പെടുത്തിയത്. ഇതിനാൽ കുറച്ചുകാലം താൻ അഭിനയത്തിൽ നിന്നും അവധിയെടുക്കുന്നുവെന്നും നടൻ പറഞ്ഞു.

ക്രിസ് ഹേംസ്വർത്തിന്റെ ഡിഎൻഎയിൽ എപിഒഇ4 ജീനിന്റെ സാന്നിധ്യമുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇത് അൽഷിമേഴ്സ് രോഗത്തിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ ഇത് അൽഷിമേഴ്സിന്റെ രോഗനിർണ്ണയമല്ലെന്ന് നടനെ പരിശോധിച്ച ഡോക്ടർമാർ പറയുന്നു.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ നവംബർ 16 ന് പുറത്തിറങ്ങിയ നാഷണൽ ജിയോഗ്രഫിക് ചാനലിലെ 'ലിമിറ്റ്‌ലെസ് വിത്ത് ക്രിസ് ഹേംസ്വർത്ത്' എന്ന പരിപാടിയുടെ പുതിയ എപ്പിസോഡിലും രോഗത്തെ കുറിച്ച് നടൻ സൂചിപ്പിച്ചിരുന്നു. 'നമ്മുടെ ഓർമകൾ എന്നും നിലനിൽക്കണം എന്നാണ് കരുതപ്പെടുന്നത്. ഓർമകളാണ് നമ്മെ രൂപപ്പെടുത്തുന്നതും നമ്മളെ നമ്മളാക്കുന്നതും. എന്റെ ഭാര്യയെ കുറിച്ചും മക്കളെ കുറിച്ചും ഓർക്കാൻ കഴിയാത്ത അവസ്ഥയായിരിക്കും എന്റെ ഏറ്റവും വലിയ പേടി', പരിപാടിയിൽ ക്രിസ് ഹേംസ്വർത്ത് പറഞ്ഞു.

'നമ്മളിൽ ഭൂരിഭാഗം പേരും മരണത്തെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കാനാണ് ഇഷ്ടപ്പെടുന്നത്. അപ്പോൾ പെട്ടെന്ന് ചില സൂചനകൾ ഇത് സംഭവിക്കാൻ പോകുന്ന വഴി ചൂണ്ടിക്കാണിക്കുന്നു, അത് യാഥാർത്ഥ്യമാണ്,' ക്രിസ് ഹേംസ്വർത്ത് പറഞ്ഞു. നാഷണൽ ജിയോഗ്രഫിക് ചാനൽ പരിപാടിക്കിടെ നടത്തിയ ജനിത പരിശോധനകളിലാണ് ക്രിസ് ഹേംസ്വർത്തിന്റെ അൽഷിമേഴ്‌സ് രോഗ സാധ്യത വെളിപ്പെട്ടത്.