കൊച്ചി: പൊതുവേദിയിൽ വെച്ച് നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാർത്ഥിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. അപർണയ്ക്ക് പൂവ് സമ്മാനിക്കുവാനായി വേദിയിൽ കയറിയ വിദ്യാർത്ഥി കയ്യിൽ പിടിച്ചു വലിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു.

തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി എറണാകുളം ലോ കോളേജ് യൂണിയൻ ഉദഘാടനത്തിന് എത്തിയതായിരുന്നു താരം. കയ്യിൽ ബലമായി പിടിച്ചു വലിച്ച വിദ്യാർത്ഥിയോട് അപർണ അനിഷ്ടം പ്രകടിപ്പിക്കുന്നതും ഇയാൾ വീണ്ടും അപർണയുടെ തോളിൽ പിടിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. അപർണയോടൊപ്പം നടൻ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ബിജിപാലും ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരും ഉണ്ടായിരുന്നു.



അപർണയ്ക്ക് പൂവ് സമ്മാനിക്കാൻ അടുത്തെത്തിയ വിദ്യാർത്ഥി അപർണയുടെ കയ്യിൽ പിടിച്ചു വലിച്ച് എഴുന്നേൽപ്പിച്ചു. താരത്തിന്റെ മുഖത്ത് അനിഷ്ടം പ്രകടമായത് വിഡിയോയിൽ വ്യക്തമായി ദൃശ്യമാണ്. വീണ്ടും യുവാവ് അപർണയുടെ തോളിൽ കയറി പിടിക്കുകയും അപർണ വെട്ടിച്ച് മാറുകയും ചെയ്യുന്നുണ്ട്. വിദ്യാർത്ഥിയിൽ നിന്നുണ്ടായ പെരുമാറ്റം നടിക്ക് ഇഷ്ടപ്പെട്ടില്ലെന്നത് തിരിച്ചറിഞ്ഞ വിദ്യാർത്ഥികളിലൊരാൾ പിന്നീട് വേദിയിൽ വച്ചുതന്നെ അപർണയോട് ക്ഷമ പറഞ്ഞു.

തുടർന്ന് യുവാവ് വീണ്ടും എത്തുകയും താൻ ഒന്നുമുദ്ദേശിച്ച് ചെയ്തതല്ല അപർണയുടെ ഫാൻ ആയതുകൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാൻ അപർണ വിസമ്മതിച്ചതിനെ തുടർന്ന് യുവാവ് ഒപ്പമുണ്ടായിരുന്ന വിനീതിന് കൈ കൊടുക്കാൻ ശ്രമിച്ചു. എന്നാൽ കൈകൊടുക്കാതെ വിനീത്, കുഴപ്പമില്ല പോകൂ എന്നാണ് വിദ്യാർത്ഥിയോട് പറഞ്ഞത്.

വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. വിദ്യാർത്ഥിയുടെ പെരുമാറ്റത്തിൽ വിമർശിച്ചും അപർണയെ പിന്തുണച്ചും നിരവധിപ്പേർ സമൂഹ മാധ്യമങ്ങളുടെ എത്തുന്നുണ്ട്. പ്രതികരിച്ച് കുറച്ച് കുറഞ്ഞുപോയെന്ന് പറയുന്നുവരുമുണ്ട്. ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും മനോധൈര്യം കൈവിടാതെ നിന്ന അപർണയ്ക്ക് കയ്യടികളെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അയാളുടെ ദേഹത്ത് സ്പർശിക്കാൻ പാടില്ലെന്നും അപർണ സംഭവത്തെ സധൈര്യം നേരിട്ടുവെന്നും പലരും അഭിപ്രായപ്പെട്ടു.