ന്യൂഡൽഹി: ഇന്ത്യ- ഓസ്‌ട്രേലിയ അവസാന ക്രിക്കറ്റ് ടെസ്റ്റിന്റെ ടോസിന് തൊട്ടുമുമ്പ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കൊപ്പം രഥത്തിൽ ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ്. സ്വയം പുകഴ്‌ത്തലിന്റെ അങ്ങേയറ്റമാണ് മോദിയുടേതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു. ഇന്ത്യ - ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് മത്സര വേദിയായ അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനൊപ്പം മോദി രഥത്തിൽ എത്തിയത്.

''നിങ്ങളുടെ ജീവിതകാലത്ത് നിങ്ങൾത്തന്നെ നിങ്ങളുടെ പേരു നൽകിയ സ്റ്റേഡിയത്തിൽ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങുന്നത് സ്വയം പുകഴ്‌ത്തലിന്റെ അങ്ങേയറ്റമാണ്'' കോൺഗ്രസിന്റെ കമ്യൂണിക്കേഷൻസ് വിഭാഗം ജനറൽ സെക്രട്ടറി ഇൻ ചാർജ് കൂടിയായ ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.

നരേന്ദ്ര മോദിയുടെ ചിത്രം നൽകി നരേന്ദ്ര മോദിയെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആദരിക്കുന്നുവെന്ന് മറ്റൊരു ട്വീറ്റിൽ അദ്ദേഹം പരിഹസിച്ചു. ബി.സി.സിഐ. സെക്രട്ടറി ജയ് ഷാ പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്റെ തന്നെ ചിത്രം കൈമാറുന്ന ചിത്രത്തിന്റെ ക്യാപ്ഷനായായിരുന്നു പരിഹാസം. ഇതിൽ കൂടുതൽ ആത്മപ്രശംസയുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. സ്വയം പുകഴ്‌ത്തൽ ശക്തിയായി തുടരുന്നു എന്ന അടിക്കുറിപ്പോടെ ഇതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

പ്രത്യേകം തയാറാക്കിയ രഥത്തിൽ കയറിയ ഇരു പ്രധാനമന്ത്രിമാരും കളിക്കളത്തിനു ചുറ്റും വലംവച്ചിരുന്നു. ടോസിന് മുമ്പ് ഇരുവരും ഗ്രൗണ്ട് വലംവച്ച് കാണികളെ അഭിവാദ്യം ചെയ്തു. ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കുള്ള ടെസ്റ്റ് ക്യാപ് മോദിയും ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനുള്ള ടെസ്റ്റ് ക്യാപ് ആൽബനീസും സമ്മാനിച്ചു. പിന്നീട് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഫോട്ടോ ഗ്യാലറി ഇരുവരും സന്ദർശിച്ചിരുന്നു.

സ്റ്റേഡിയത്തിലെത്തിയ ഇരുവരെയും ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറിയും ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാ എന്നിവർ ചേർന്നു സ്വീകരിച്ചിരുന്നു. തുടർന്നാണ് ഇരുവരും സ്റ്റേഡിയം വലംവച്ച് കാണികളെ അഭിവാദ്യം ചെയ്തത്.

ദേശീയ ഗാനത്തിന്റെ സമയത്ത് ഇരുവരും ടീമിനൊപ്പം ഗ്രൗണ്ടിലുണ്ടായിരുന്നു. അതിന് മുമ്പ് താരങ്ങളെ കണ്ട് ഹസ്തദാനം ചെയ്യുകയും ചെയ്തു. രണ്ട് ടീമിന്റെ ക്യാപ്റ്റന്മാർ അനുഗമിച്ചു.