- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിവാദ കാലത്ത് പറഞ്ഞത് വിശ്വാസത്തിന്റെ കാര്യത്തിൽ ലിംഗവിവേചനം പാടില്ല എന്ന്; മാറ്റാൻ പറ്റാത്ത ഒരു ആചാരവുമില്ലെന്നും നിലപാട്; ഇപ്പോൾ ഏകീകൃത സിവിൽ കോഡ് വിവാദത്തിൽ പറയുന്നത് ഓരോ സാമൂഹിക വിഭാഗങ്ങളും സ്വമേധയാ മാറണമെന്ന്; സുനിൽ പി ഇളയിടവും എയറിൽ!
കോഴിക്കോട്: കേരളത്തിനകത്തും, പുറത്തുമായി സാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് സുനിൽ പി ഇളയിടം. മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തെ സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണ പരമ്പര ശ്രദ്ധേയമായിരുന്നു. അതുപോലെ തന്നെ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ നവോത്ഥാന സദസ്സുകളിലെ ഇളയിടത്തിന്റെ പ്രസംഗങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ശബരിമല സമരകാലത്ത് 'വിശ്വാസത്തിന്റെ കാര്യത്തിൽ ലിംഗ വിവേചനം പാടില്ല. മാറ്റാൻ കഴിയാത്ത ഒരാചാരവുമില്ല. ആചാരങ്ങൾ ലംഘിച്ചു ലംഘിച്ചു തന്നെയാണ് കേരളം ഇന്ന് കാണുന്ന നിലയിലെത്തിയത്' എന്ന ശക്തമായ നിലപാട് ആണ് സുനിൽ പി ഇളയിടം എടുത്തത്.
ഒരുകാലത്ത് ഗാന്ധിജിയെ വരെ പുറത്തിരുത്തിയ, വൈക്കം ക്ഷേത്രത്തിന്റെ ഉടമകളുടെ ഇല്ലമായ ഇണ്ടംതുരുത്തി മന, ചെത്തുതൊഴിലാളി യൂണിയൻ ഓഫീസായി മാറിയത് കാലത്തിന്റെ തിരിച്ചടിയായും, ജാതീയതക്കെതിരായ മുന്നറ്റമായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രസംഗങ്ങൾ ഒക്കെയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. പലപ്പോഴും സൈബർ സഖാക്കൾ ഇളയിടത്തിന്റെ വീഡിയോ പ്രചരിപ്പിച്ചാണ് പ്രതിരോധം ഒരുക്കാറുള്ളത്.
എന്നാൽ ഇപ്പോൾ ഏക സിവിൽകോഡിന്റെ സമയം എത്തിയപ്പോൾ, വിശ്വാസ പരിഷ്ക്കണം എന്ന ആശയത്തിൽനിന്ന് ഈ സാംസ്കാരിക നായകനും മലക്കം മറിഞ്ഞിരിക്കയാണ്. 'ഓരോ സാമൂഹ്യ വിഭാഗങ്ങളും പൊതു സിവിൽ കോഡിനെ ഉൾക്കൊള്ളാൻ പ്രാപ്തി കൈവരിക്കുന്ന മുറയ്ക്ക് അവർ സ്വമേധയാ അതിന്റെ ഭാഗമായി മാറുകയാണ് വേണ്ടത്.'- എന്നാണ്് അദ്ദേഹം എഴുതുന്നത്. ഈ നിലപാടിനെതിരെ സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റുകൾ രംഗത്ത് എത്തിയതോടെ സുനിൽ എയറിൽ ആയിരിക്കയാണ്. ശാസ്ത്ര-സ്വതന്ത്രചിന്ത പ്രചരിപ്പിക്കുന്ന 'കോളാമ്പി' എന്ന ഡിജറ്റൽ മീഡിയയിൽ വന്ന ഈ വിശകലനം മറ്റുള്ളവരും ഏറ്റെടുത്തിരിക്കയാണ്. മതപരിഷ്ക്കരണം എന്നാൽ നമ്മുടെ സ്പീക്കർ ഷംസീറിനെപ്പോലെ ഹിന്ദുമതപരിഷ്ക്കരണം മാത്രമാണ്, സുനിൽ പി ഇളയിടവും ലക്ഷ്യമിടുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈവിറയ്ക്കുന്ന സാംസ്കാരിക നായകർ അപമാനമാണെന്നും സ്വതന്ത്രചിന്തകർ പോസിറ്റിടുന്നുണ്ട്.
അന്ന് അങ്ങനെ ഇന്ന് അങ്ങനെ
നാല് കൊല്ലങ്ങൾക്ക് മുമ്പ് ശബരിമല വിവാദ കാലത്ത് സുനിൽ പി ഇളയിടം പറഞ്ഞത് ഇങ്ങനെയായിരുന്നു. 'വിശ്വാസത്തിന്റെ കാര്യത്തിൽ ലിംഗ വിവേചനം പാടില്ല. മാറ്റാൻ കഴിയാത്ത ഒരാചാരവുമില്ല. ആചാരങ്ങൾ ലംഘിച്ചു ലംഘിച്ചു തന്നെയാണ് കേരളം ഇന്ന് കാണുന്ന നിലയിലെത്തിയത്. സോഷ്യൽ മോറാലിറ്റിയും കോൺസ്റ്റിറ്റിയൂഷണൽ മോറാലിറ്റിയും തമ്മിലൊരു വൈരുദ്ധ്യം വന്നാൽ കോൺസ്റ്റിറ്റിയൂഷണൽ മോറാലിറ്റിയെ ഒരു ഭരണകൂടത്തിന് ഉയർത്തിപ്പിടിക്കാൻ പറ്റും. ഭരണകൂടം നിലവിൽ വരുമ്പോൾ എല്ലാ പൗരന്മാരും തുല്യന്മാരാണെന്ന് പറഞ്ഞിട്ട് ചിലരോട് 'നിങ്ങൾ അക്കൂട്ടത്തിൽ പെടില്ല' എന്നുകൂടി പറയാൻ പറ്റില്ല. അതുകൊണ്ട് ഒന്നുകിൽ ഇവർ ചെയ്യേണ്ടത് ഭരണഘടന തിരുത്താൻ ആവശ്യപ്പെടണം. പൗരന്മാരെല്ലാം തുല്യന്മാരല്ല, സ്ത്രീകൾക്ക് പാതി പൗരത്വമേയുള്ളൂ എന്ന വ്യവസ്ഥ ഉണ്ടാക്കണം. അതല്ലാതെ ഇവർ പറയുന്നതിൽ യാതൊരർത്ഥവുമില്ല. അതുകൊണ്ടുതന്നെ ലിംഗപരമായ ഒരു വിവേചനത്വം മുൻനിർത്തി ക്ഷേത്ര സന്ദർശനം വിലക്കുന്നത് ഉൾക്കൊള്ളാനാകില്ല. ഒരു വ്യക്തിയുടെ മൗലികാവകാശത്തേക്കാൾ ഉയരത്തിൽ ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ പ്രതിഷ്ഠിക്കാനും പറ്റില്ല''- ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
നാല് കൊല്ലങ്ങൾക്കിപ്പുറം കഴിഞ്ഞ ദിവസം മാതൃഭൂമി ദിനപത്രത്തിൽ 'ഏകീകൃത സിവിൽ കോഡ് വിവാദ'ത്തിൽ സുനിൽ പി ഇളയിടം എഴുതിയത് ഇങ്ങനെയാണ്
'ഓരോ സാമൂഹ്യ വിഭാഗങ്ങളും പൊതു സിവിൽ കോഡിനെ ഉൾക്കൊള്ളാൻ പ്രാപ്തി കൈവരിക്കുന്ന മുറയ്ക്ക് അവർ സ്വമേധയാ അതിന്റെ ഭാഗമായി മാറുകയാണ് വേണ്ടത്. നിലവിലുള്ള വ്യക്തി നിയമങ്ങളിലെ സ്ത്രീവിരുദ്ധവും വിവേചനപരവുമായ ഉള്ളടക്കം പരിഷ്കരിക്കുകയാണ് ഇന്നത്തെ സാഹചര്യത്തിൽ ആശാസ്യമെന്നാണ് ഇരുപത്തിയൊന്നാം ലോ കമ്മീഷൻ ചൂണ്ടിക്കാണിച്ചത്. ഇതിനുതകുന്ന വിധത്തിൽ അതത് മത സാമുദായിക വിഭാഗങ്ങൾക്കകത്ത് പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും ഉയർന്നു വരികയാണ് വേണ്ടത്. അത്തരം പരിഷ്കരണ ശ്രമങ്ങൾക്ക് മുഴുവൻ ജനാധിപത്യവാദികളും അകമഴിഞ്ഞ് പിന്തുണ നൽകുകയും വേണം. പൊതുവായ വ്യക്തി നിയമത്തിലേക്കുള്ള വഴി ഇത്തരത്തിൽ അകത്തുനിന്നുള്ള ജനാധിപത്യ സമരങ്ങളിലൂടെയാണ് വികസിച്ചു വരേണ്ടത്. ഭരണകൂടപരവും മുകളിൽ നിന്ന് അടിച്ചേൽപ്പിക്കപ്പെടുന്നതുമായ നിയമനിർമ്മാണം വഴിയല്ല. രാജ്യത്തെ വർഗീയമായ വിഭജനത്തിലേക്ക് തള്ളി വിടുന്ന രാഷ്ട്രീയമാണ് അതിന് പിന്നിലുള്ളത്.ജനാധിപത്യവാദികളായ മുഴുവൻ പേരും അതിനെ ഒരുമിച്ച് എതിർക്കേണ്ടതിന്റെ കാരണവും മറ്റൊന്നല്ല''- ഇത് ക്വാട്ട് ചെയ്തുകൊണ്ട് 'അഭിപ്രായം ഇരുമ്പുലക്കയല്ല. ഗോത്രങ്ങൾക്ക് മീതെ സൈദ്ധാന്തികരും പറക്കില്ല.' എന്ന ട്രോളിയാണ്, പ്രചാരണം.
വിഷയം ഇസ്ലാം ആവുമ്പോൾ പ്രതികരണം ഇല്ലാതാവുന്നത് ശരിക്കും ഇരട്ടത്താപ്പാണെന്ന് നേരത്തെയും സോഷ്യൽ മീഡിയയിൽ സ്വതന്ത്രചിന്തകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മനോരമ ന്യുസിൽ ആയിരുന്നപ്പോൾ, ഇസ്ലാം ആണിനെയും പെണ്ണിനെയും, രണ്ടുരീതിയിൽ കാണുന്ന മതമെന്ന് പറഞ്ഞ പ്രമോദ് രാമന്, മീഡിയാവണ്ണിൽ എത്തിയപ്പോൾ ഇസ്ലാം തുല്യതയുടെ മതമായി. ഗണപതിയൊക്കെ വെറും മിത്തായ സ്പീക്കർ ഷംസീറിന് ഖുർആനും മലക്കുമൊന്നും മിത്താണെന്ന് പറയാനുള്ള ധൈര്യമില്ല. ഇസ്ലാം വളരെ പ്രോഗസീവായ കാഴ്ചപ്പാട് എടുക്കുന്ന മതമാണെന്ന് ഷംസീർ ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തതിനെയും സോഷ്യൽ മീഡിയ ട്രോളിയിരുന്നു. ഇതിന് പിന്നാലെയാണ് സുനിൽ പി ഇളയിടവും എയറിലായത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ