നമുക്കു ചുറ്റുമുള്ള മൃഗങ്ങളും പക്ഷികളും തമ്മിൽ പങ്കുവയ്ക്കുന്ന സൗഹൃദങ്ങൾ പലപ്പോഴും കൗതുകക്കാഴ്ചകളാകാറുണ്ട്. വീടുകളിൽ വളർത്തുന്ന നായ്ക്കളും പൂച്ചകളും പക്ഷികളും തമ്മിലുള്ള സൗഹൃദം മാത്രമല്ല, മരങ്ങളിലും ചില്ലകളിലും യഥേഷ്ടം പറന്നുല്ലസിക്കുന്ന പക്ഷികളും വളർത്തുമൃഗങ്ങളും ചിലപ്പോഴൊക്കെ ചങ്ങാതിക്കൂട്ടങ്ങളായി മാറാറുണ്ട്. ഇത്തരത്തിലുള്ള വ്യത്യസ്തമായ പല തരം വീഡിയോകളാണ് നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നത്.

അതിൽ മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റ് ജന്തുക്കളുടെയുമൊക്കെ വീഡിയോകൾക്ക് കാഴ്‌ച്ചക്കാർ ഏറെയാണ്. പലപ്പോഴും ജന്തുക്കൾ തമ്മിലുള്ള പോരാട്ടത്തിന്റെ ചിത്രമാണ് കാണാറുള്ളത്. എന്നാൽ അവയ്ക്കിടയിലും സഹജീവിസ്‌നേഹം എന്നുണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. ഈ ദൃശ്യത്തിൽ കാക്കയാണ് താരം.

ഭക്ഷണം കണ്ടാലും അപകടം ഉണ്ടായാലും തന്റെ കൂട്ടത്തിലുള്ളവരെ വിളിച്ചുവരുത്തുന്നതിൽ മുമ്പിലാണ് കാക്കകൾ. ശബ്ദമുണ്ടാക്കി ഒപ്പമുള്ളവരിലേക്ക് അതിവേഗം സന്ദേശം കൈമാറുന്നവർ. കാക്കകൾ മറ്റു കാക്കകളുമായി ഭക്ഷണം പങ്കുവയ്ക്കാറുണ്ട് താനും. എന്നാൽ വ്യത്യസ്ത ഗണത്തിൽപ്പെട്ട പക്ഷികൾക്കിടയിൽ സൗഹൃദം അപൂർവമാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇവിടെയൊരു കാക്ക തനിക്കു കിട്ടിയ ഭക്ഷണം തത്തയുമായി പങ്കുവയ്ക്കുന്ന ദൃശ്യമാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്.

മരക്കൊമ്പിൽ അടുത്തിരിക്കുന്ന കാക്കയെയും തത്തയെയും ദൃശ്യത്തിൽ കാണാം. കാക്കയുടെ വായിൽ ഭക്ഷണവുമുണ്ട്. കാക്ക തത്തയുടെ അരികിലേക്ക് ചെന്ന് വായിലിരിക്കുന്ന ഭക്ഷണം മരക്കൊമ്പിലേക്ക് വച്ച് നീങ്ങിയിരുന്നു. ഉടൻതന്നെ തത്ത അതിനരികിലേക്കെത്തി ഭക്ഷണം കൊത്തിയെടുത്ത് പറന്നകന്നു. മറ്റു പക്ഷികളെ കണ്ടാൽ കൊത്തിയോടിക്കുന്ന സ്വഭാവമുള്ള കാക്കയുടെ പെരുമാറ്റമാണ് കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തിയത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരമായ വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇവർക്ക് പോലും പങ്കുവയ്ക്കാൻ സാധിക്കുന്നു പിന്നെ നമുക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല എന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. 14 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. പലരും മനോഹരമായ കാഴ്ച എന്നാണ് കമന്റ് ചെയ്തത്. സഹജീവി സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണം ആണ് ഈ വീഡിയോ എന്നും പലരും അഭിപ്രായപ്പെട്ടു.