കൊച്ചി: മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ സംഗമിച്ച വിവാഹ വേദിയിൽ ആശാ ശരത്തിന്റെ മകളും നടിയും നർത്തകിയുമായ ഉത്തര വിവാഹിതയായി. ആദിത്യനാണ് ഉത്തരയുടെ വരൻ. വിവാഹത്തിന് താരങ്ങളായ ദിലീപ്, കാവ്യ മാധവൻ, അൻസിബ, ലാൽ, ദീപക് ദേവ്, അനുശ്രീ തുടങ്ങി അനവധി പേർ പങ്കെടുത്തു.

കൊച്ചിയിൽ അഡ്ലക്സ് ഇന്റർനാഷ്‌നൽ കൺവെൻഷനിൽ വച്ച് നടക്കുന്ന വിവാഹത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തു. മുംബൈയിൽ ജൂഹു ബീച്ചിന് സമീപമുള്ള ഹോട്ടലിൽ വിവാഹ റിസപ്ഷനും നടക്കും.



കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരയുടെ മെഹന്ദി, ഹൽദി സംഗീത് നൈറ്റ് പോലെ വിവാഹാഘോഷവുമായി ബന്ധപ്പെട്ട് മറ്റ് ചടങ്ങുകൾ നടന്നിരുന്നു. വൻ താരനിരയാണ് ഉത്തരയുടെ വിവാഹത്തിനായി എത്തിയത്.

സർവാഭരണ ഭൂഷിതയായാണ് ഉത്തരയെ ആശാ ശരത്ത് ഒരുക്കിയത്. ചുവന്ന പട്ടുസാരിയിൽ നിറയെ വലിയ വില കൂടിയ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങൾ ധരിച്ച് സുന്ദരിയായാണ് ഉത്തര വിവാഹ പന്തലിലേക്ക് വന്നത്. പ്രത്യേകം ഡിസൈൻ ചെയ്ത സാരിയും ആഭരണങ്ങളുമാണ് ഉത്തര ധരിച്ചത്.

മുംബൈക്കാരനായ ആദിത്യനാണ് ഉത്തരയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. മലയാളികളാണെങ്കിലും വർഷങ്ങൾക്കു മുമ്പെ മുംബൈയിൽ സെറ്റിൽ ചെയ്ത കുടുംബമാണ് ആദിത്യന്റേത്.

വൻതാരനിര വിവാഹ വേദിയിൽ എത്തിയെങ്കിലും വിവാഹ വേദിയിൽ ഏറെ തിളങ്ങിയത് കാവ്യ മാധവനും ദിലീപുമായിരുന്നു. നീല സാരിയിൽ അതിമനോഹരിയായാണ് കാവ്യ എത്തിയത്. ഇരുവരും ഒന്നിച്ച് കാറിൽ നിന്നറങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മെക്കാനിക്കൽ എഞ്ചിനീയറായ ഉത്തര അമ്മയ്ക്കൊപ്പം നൃത്ത വേദികളിൽ സജീവമാണ്. 2021 ലെ മിസ്സ് കേരള റണ്ണർ അപ്പായിരുന്ന ഉത്തര സിനിമാ ലോകത്തും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മനോജ് ഖന്നയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ഖെദ്ദ' യാണ് ഉത്തരയുടെ ആദ്യ ചിത്രം.



2022 ഒക്ടോബർ 23നായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം. കൊച്ചിയിൽ വച്ചു നടന്ന ചടങ്ങിൽ സിനിമാലോകത്തു നിന്നും മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ ജയൻ, വിനീത്, ജയരാജ്, രഞ്ജി പണിക്കർ, ഇടവേള ബാബു, മേജർ രവി തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു. വിവാഹനിശ്ചയത്തിന് ദിലീപ് എത്തിയിരുന്നുവെങ്കിലും കാവ്യയ്ക്ക് പങ്കെടുക്കാൻ സാധിച്ചില്ലായിരുന്നു.

കീർത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകൾ. കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്നും സിന്തറ്റിക് ബയോളജിയിലാണ് കീർത്തന ബിരുദം നേടിയിരിക്കുന്നത്