തിരുവനന്തപുരം: മലയാളത്തിൽ തങ്ങളുടെ ആദ്യ വെബ് സിരീസുമായി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ. കേരള ക്രൈം ഫയൽസ് എന്നു പേരിട്ടിരിക്കുന്ന സിരീസ് പേര് സൂചിപ്പിക്കുന്നതുപോലെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ്. മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് എന്ന് അണിയറക്കാർ വിശേഷിപ്പിക്കുന്ന സിരീസിന്റെ ഓരോ സീസണിലും തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളാവും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക. പൂർണ്ണമായും കേരളീയ പശ്ചാത്തലത്തിലാണ് ഓരോ കഥകളും അവതരിപ്പിക്കുക.

സിരീസിന്റെ ആദ്യ സീസണിൽ അജു വർഗീസും ലാലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയ്‌ക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലേക്കുയർത്തുന്ന വേറിട്ട അഭിനയ മുഹൂർത്തങ്ങളും നിറയുന്നതാണ് ആദ്യ സീസണെന്ന് അണിയറക്കാരുടെ വാക്ക്. സംവിധായകൻ രാഹുൽ റിജി നായർ (ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ്) പ്രൊഡക്ഷൻ ചുമതല നിർവ്വഹിക്കുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് യുവ സംവിധായകരിൽ ശ്രദ്ധേയനായ അഹമ്മദ് കബീറാണ്. ജൂൺ, മധുരം എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അഹമ്മദ് കബീർ.

 

തിരക്കഥ ആഷിഖ് അയ്മർ, ഛായാഗ്രഹണം ജിതിൻ സ്റ്റാനിസ്ലസ്, സംഗീതം ഹിഷാം അബ്ദുൾ വഹാബ്, പ്രൊഡക്ഷൻ ഡിസൈൻ പ്രതാപ് രവീന്ദ്രൻ, എഡിറ്റിങ് മഹേഷ് ഭുവനേന്ദർ. ഒരു സംവിധായകനെന്ന നിലയിൽ പറയുകയാണെങ്കിൽ വെബ് സീരീസുകളുടെ സമയം കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതാണ്. കഥാപാത്രങ്ങളുടെ വ്യത്യസ്ത മാനസികതലങ്ങൾ നിശ്ചിത സമയത്തിൽ ചുരുക്കാതെ, കൂടുതൽ വിശദമായി അവതരിപ്പിച്ച് കഥ ആഴത്തിൽ പറയാൻ സഹായിക്കുന്നു അത്, അഹമ്മദ് കബീർ പറയുന്നു.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ വെബ് സീരീസ് എന്ന നിലയിൽ പ്രൊഡക്ഷൻ വാല്യുവിലും ക്വാളിറ്റിയിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് കേരള ക്രൈം ഫയൽസ് ഒരുക്കിയിരിക്കുന്നത്. കഥ നടക്കുന്നത് കേരളത്തിന്റെ പശ്ചാത്തലത്തിലാണെങ്കിലും കേരള ക്രൈം ഫയൽസിന്റെ മേക്കിംഗും സ്റ്റോറി ടെല്ലിംഗും ഇന്ത്യയിലെ പ്രശസ്തമായ വെബ് സീരീസുകളോട് കിടപിടിക്കുന്ന രീതിയിലുള്ളതാണ്, പ്രൊഡ്യൂസർ രാഹുൽ റിജി നായർ പറഞ്ഞു.