- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡിലും വിജയം ആവർത്തിക്കാൻ ദുൽഖർ; 'ഛുപ്' റിലീസ് തീയതി പ്രഖ്യാപിച്ചു; ആർ ബാൽകി ഒരുക്കുന്ന ചിത്രത്തിൽ സണ്ണി ഡിയോളും പ്രധാന വേഷത്തിൽ
മുംബൈ: സൗത്ത് ഇന്ത്യൻ ചിത്രങ്ങളിലെ വിജയം ആവർത്തിച്ച് ബോളിവുഡിലും ചുവടുറപ്പിക്കാൻ ദുൽഖർ സൽമാൻ.തെലുങ്ക് ചിത്രം സീതാ രാമമാണ് ദുൽഖറിന്റെ അവസാന തിയറ്റർ റിലീസെങ്കിൽ അടുത്തത് ഒരു ബോളിവുഡ് ചിത്രമാണ്. ഛുപ്: റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ആർ ബൽകിയാണ്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
ദുൽഖറിനൊപ്പം സണ്ണി ഡിയോൾ ഒരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി സെപ്റ്റംബർ 23 ന് ആണ്. ചീനി കം, പാ, ഷമിതാഭ്, കി ആൻഡ് ക, പാഡ് മാൻ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആർ ബൽകി. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രമാണിത്. ഒരു ത്രില്ലർ ചിത്രം ബൽകി ആദ്യമായാണ് സംവിധാനം ചെയ്യുന്നത്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു.
SUNNY DEOL - DULQUER SALMAAN: 'CHUP' RELEASE DATE LOCKED... #RBalki locks the release date of psychological thriller #Chup: 23 Sept 2022... Stars #SunnyDeol, #DulquerSalmaan, #PoojaBhatt and #ShreyaDhanwanthary. pic.twitter.com/x6z3gveNsc
- taran adarsh (@taran_adarsh) August 25, 2022
ഗുരു ദത്തിന്റെ ചരമ വാർഷികത്തിലായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. വിശാൽ സിൻഹ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിങ് നയൻ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെൻ, റിഷി വിർമാനി എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.പ്രൊഡക്ഷൻ ഡിസൈനർ സന്ദീപ് ഷറദ് റവാഡെ, സൗണ്ട് ഡിസൈനിങ് ദേബഷിഷ് മിശ്ര, വരികൾ സ്വാനന്ദ് കിർകിറെ, വസ്ത്രാലങ്കാരം അയ്ഷ മർച്ചന്റ്, സംഘട്ടനം വിക്രം ദഹിയ. ഗൗരി ഷിൻഡെ, ആർ ബൽകി, രാകേഷ് ജുൻജുൻവാല എന്നിവർ ചേർന്നാണ് നിർമ്മാണം.
അതേസമയം ദുൽഖർ സൽമാന്റെ മൂന്നാമത് ബോളിവുഡ് ചിത്രമാണിത്. ഇർഫാൻ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം 'കർവാൻ' (2018) ആയിരുന്നു ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വർഷം അഭിഷേക് ശർമ്മയുടെ സംവിധാനത്തിൽ ദുൽഖർ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ 'നിഖിൽ ഖോഡ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി സോയ ഫാക്ടറും' എത്തി.
മറുനാടന് മലയാളി ബ്യൂറോ