തൃശൂർ: വിവാഹ ഫോട്ടോഷൂട്ടിനിടയിൽ നവദമ്പതികൾക്ക് പിന്നിൽ ആനയിടഞ്ഞു പാപ്പാനെ ആക്രമിച്ചു. ആനയുടെ ആക്രമണത്തിൽ നിന്നും പാപ്പാൻ അത്ഭുതകരമായി രക്ഷപെടുന്ന വീഡിയോ സൈബറിടത്തിലും വൈറലാണ്. ഈ മാസം 10ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിന്റെ ഫോട്ടോഷൂട്ടിനിടയിലാണ് ആനയിടഞ്ഞത്. ആന കൂടുതൽ അപകടം ഉണ്ടാക്കുന്ന വിധത്തിലേക്ക് കടക്കും മുമ്പ് നിയന്ത്രിക്കാൻ സാധിച്ചതു കൊണ്ട് വൻ അപകടമാണ് ഒഴിവായത്.

അല്പസമയത്തേക്ക് പരിഭ്രാന്തി സൃഷ്ടിച്ച ആനയുടെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പാലക്കാട് സ്വദേശി നിഖിലിന്റെയും ഗുരുവായൂർ സ്വദേശി അഞ്ജലിയുടെയും വിവാഹ ഫോട്ടോഷൂട്ടിനിടയിലാണ് സംഭവം. താലികെട്ടിന് ശേഷം ക്ഷേത്രത്തിന്റെ വലതുഭാഗത്തെ നടക്ക് സമീപമായിരുന്നു ഫോട്ടോഷൂട്ട്.

ഇതിനിടെ ക്ഷേത്രത്തിൽ ശീവേലി എഴുന്നെള്ളിപ്പിനെത്തിച്ച ആനയെ കൊണ്ട് പോകുന്നത് രസകരമായി തോന്നിയതോടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. വരനും വധുവിനും തൊട്ട് പിന്നിലെത്തിയ ആന പെട്ടെന്ന് തിരിഞ്ഞ് ഒന്നാം പാപ്പാനെ ആക്രമിക്കുകയായിരുന്നു. പാപ്പാനെ തുമ്പിക്കൈയിലെടുത്ത് ഉയർത്തിയെങ്കിലും പിടുത്തം മുണ്ടിലായതിനാൽ ഉടുതുണി ഊരി താഴെ വീഴുകയാണ് ഉണ്ടായത്. ഉടൻ പാപ്പാൻ ഒഴിഞ്ഞു മാറിയതിനാൽ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.

ഇതിനിടയിൽ ആനപ്പുറത്തുണ്ടായിരുന്ന രണ്ടാം പാപ്പാൻ തോട്ടി ഉപയോഗിച്ച് ആനയെ നിയന്ത്രണത്തിലാക്കിയതോടെ കൂടുതൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. കോഴിക്കോട് വെഡിങ് മോയിറ്റോയിലെ വീഡിയോ ഗ്രാഫർ ജെറി ആണ് ആന ഇടയുന്ന ദൃശ്യങ്ങൾ പകർത്തിയത്. കഴിഞ്ഞ ദിവസമാണ് ഈ ദൃശ്യങ്ങൾ ഇവർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്. ആനയിടഞ്ഞത് അറിഞ്ഞില്ലെന്നും ഭയന്ന് പോയെന്നും നിഖിലും അഞ്ജലിയും പറയുന്ന വീഡീയോയും പുറത്ത് വന്നിട്ടുണ്ട്.