- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് ലക്കുക്കെട്ട് ആനയുടെ കൊമ്പിൽ പിടിച്ചുതൂങ്ങി പാപ്പാൻ; നിലത്തുവീഴാതിരിക്കാൻ കസേരയിട്ടുനൽകി; പാപ്പാൻ 'ഇടഞ്ഞിട്ടും' ശാന്തനായി ആന; പുലിവാല് പിടിച്ച് നാട്ടുകാർ; എഴുന്നള്ളിപ്പ് വേണ്ടെന്ന് വെച്ച് സംഘാടകർ
തൃശൂർ: പാപ്പാൻ മദ്യപിച്ച് ലക്കുക്കെട്ടതോടെ തൃശൂർ പെരുമ്പിലാവ് പൊറവൂർ ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിന്റെ രാത്രി നടത്തേണ്ട എഴുന്നള്ളിപ്പ് വേണ്ടെന്ന് വച്ച് സംഘാടകർ. കാല് നിലത്ത് ഉറയ്ക്കാതെ വന്നതോടെ നിലത്തു വീഴാതിരിക്കാൻ പാപ്പാൻ ആനയുടെ കൊമ്പിൽ പിടിച്ച് തൂങ്ങിയതോടെ ആനയ്‌ക്കൊപ്പം പാപ്പാനെയും എഴുന്നള്ളിക്കേണ്ട അവസ്ഥയിലായി സംഘാടകർ.
തോട്ടിയെടുത്ത് നിൽക്കാൻ കഴിയാതെനിന്ന് 'ആടി'യ പാപ്പാന് സംഘാടകർ കസേരയിട്ടു നൽകി. ഉച്ചയൂണിന് പോയപ്പോൾ സമീപത്തെ ബാറിൽനിന്നു പാപ്പാൻ മദ്യപിച്ചു. അമിതമായി മദ്യപിച്ചതോടെ കാൽ നിലത്തുറയ്ക്കാതെയായി. ആനയുടെ കൊമ്പിൽ പിടിച്ചാടുന്ന പാപ്പാനെ കണ്ട് സംഘാടകരും ഞെട്ടി. ആനയാകട്ടെ പാപ്പാൻ 'ഇടഞ്ഞു'നിൽക്കുമ്പോഴും ശാന്തനായിരുന്നു.
പാപ്പാൻ 'വീഴാ'തിരിക്കാൻ ഏറെ പണിപ്പെട്ടാണ് സംഘാടകർ എഴുന്നള്ളിപ്പിന്റെ സമയം കഴിച്ചുകൂട്ടിയത്. പിന്നീട് മറ്റൊരു പാപ്പാനെ കൊണ്ടുവന്ന് ആനയെ തിരിച്ചു കൊണ്ടുപോയി. 'മിനുങ്ങിയ' പാപ്പനെക്കൊണ്ട് ഗതികെട്ട് രാത്രി നടത്തേണ്ട എഴുന്നള്ളിപ്പ് വേണ്ടെന്ന് വെയ്‌ക്കേണ്ടിയും വന്നു.
പൊറവൂർ ശിവരാത്രി എഴുന്നള്ളിപ്പിനെത്തിയ ആനയുടെ പാപ്പാനാണ് മദ്യലഹരിയിൽ ആനയ്‌ക്കൊപ്പമെത്തിയത്. കൂടെയുള്ള പാപ്പാനും നാട്ടുകാരും ചേർന്ന് ഒന്നാം പാപ്പാനെ താങ്ങി നടന്നാണ് എഴുന്നള്ളിപ്പ് പൂർത്തിയാക്കിയത്. പാതാക്കര ദേശം ശിവരാത്രി ആഘോഷ കമ്മിറ്റിക്കായി ഗുരുവായൂർ ദേവസ്വം ഗജേന്ദ്ര എന്ന ആനയുടെ ഒന്നാം പാപ്പാനായ ഉണ്ണികൃഷ്ണനാണ് (മോഹനൻ) മദ്യപിച്ച് ആനയെ എഴുന്നള്ളിച്ചത്.
കുണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നുമാണ് എഴുന്നള്ളിപ്പാരംഭിച്ചത്. എഴുന്നള്ളിപ്പ് തുടങ്ങി പാതാക്കര സെന്ററിൽ എത്തിയതോടെ പാപ്പാന് നിൽക്കാനോ നടക്കാനോ വയ്യാത്ത സ്ഥിതിയായി. ശിവക്ഷേത്രത്തിലെത്തിയതോടെ ഒന്നാം പാപ്പാനെ കസേരയിട്ട് ഇരുത്തി എഴുന്നള്ളിപ്പ് പൂർത്തിയാക്കി. ഇതിനിടെ കമ്മിറ്റിക്കാർ എഴുന്നള്ളിപ്പ് നിർത്തിവയ്ക്കുന്നതിനെപ്പറ്റിയും ആലോചിച്ചു. സംഘാടകർ അറിയിച്ചതിനെ തുടർന്ന് ദേവസ്വത്തിൽനിന്ന് കൂടുതൽ പാപ്പാന്മാരും സ്‌ക്വാഡുംഎത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ