കൊച്ചി: ബിജെപിയിൽ ചേർന്നതിന് പിന്നാലെ പത്മജ വേണുഗോപാലിനെ പരിഹസിച്ച് ഫേസ്‌ബുക്ക് അഡ്‌മിൻ. പത്മജയുടെ സാമൂഹിക മാധ്യമ പേജിൽ തന്നെയാണ് പോസ്റ്റ് വന്നത്. 'ഇഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല. ബിജെപിയിൽ ചേരുകയെ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ' എന്നായിരുന്നു പോസ്റ്റ്.

പത്മജയുടെ നിർദേശപ്രകാരം പോസ്റ്റ് പിൻവലിച്ചെങ്കിലും സ്‌ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. പോസ്റ്റിനു കീഴിൽ അനേകം കമന്റുകളും നിറഞ്ഞു. സ്വന്തം അഡ്‌മിനെപ്പോലും കൂടെ നിർത്താൻ പത്മജയ്ക്കു കഴിഞ്ഞില്ലെന്ന് കോൺഗ്രസ് പരിഹസിച്ചു.

ഇന്ന് വൈകിട്ട് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു വച്ചാണ് പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവഡേക്കർ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്നും അതുകൊണ്ടു മാത്രമാണ് ബിജെപിയിൽ ചേരുന്നതെന്നും പത്മജ പറഞ്ഞു.