സമീപകാലത്തെ ചില സംഭവങ്ങളും ചില ജീവനക്കാരുടെ പെരുമാറ്റവും മൂലം എന്നും പ്രതിസ്ഥാനത്ത് നിൽക്കേണ്ടി വരുന്ന വിഭാഗമാണ് കെഎസ്ആർടിസി.കൃത്യമായി ശമ്പളം പോലും കിട്ടാതെ ജോലി ചെയ്യേണ്ടി വരുന്ന ഒരു വിഭാഗത്തെ മനസ്സറിഞ്ഞ് പിന്തുണയ്ക്കാൻ പലരും മടിക്കുന്നതിന്റെ കാര്യവും ഇത്തരം അനുഭവങ്ങൾ തന്നെയാണ്.

എന്നാൽ അങ്ങിനെ ഒന്നോ രണ്ടോ പേരുടെ പ്രവൃത്തികൾ മൂലം അടച്ച് അക്ഷേപിക്കേണ്ടതല്ല കെഎസ്ആർടിയെന്നും മനുഷ്യപ്പറ്റുള്ള ഒരുപാടു പേരുള്ള പ്രസ്ഥാനമാണതെന്നും തന്റെ അനുഭവത്തിലൂടെ പങ്കുവെക്കുകയാണ് തെക്കേടത്ത്

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

പാതിയുറക്കത്തിൽ കണ്ണു തുറന്നപ്പോൾ ബസ് നിർത്തിയിരിക്കുകയാണ്. യൂണിവേഴ്‌സിറ്റി ക്യാംപസിൽ 2 വർഷം പഠിച്ചതുകൊണ്ട് സ്ഥലം പെട്ടെന്നു മനസിലായി. യൂണിവേഴ്‌സിറ്റിക്കും രാമനാട്ടുകരയ്ക്കും ഇടയിലുള്ളൊരിടമാണ്. പുലർച്ചെ 2.15. വണ്ടിയുടെ വെട്ടമൊഴിച്ചാൽ കുറ്റാക്കൂരിരുട്ട്.

അൽപം മുൻപ് ബസിൽ നിന്നിറങ്ങിയ ഒരു പെൺകുട്ടി വഴിവക്കിൽ അവളോളമുള്ളൊരു ബാഗും തൂക്കി നിൽക്കുന്നു. കൂട്ടാനുള്ളയാളെ കാണാത്തതിനാൽ ഫോണിൽ തുരുതുരെ വിളിക്കുന്ന അവർ താനിറങ്ങിയ ബസ് പോയിട്ടില്ലെന്നത് ശ്രദ്ധിക്കുന്നേയില്ല. 2 മിനിറ്റ് ഇരമ്പിയ ബസ് ഓഫാക്കി. ഡ്രൈവറും കണ്ടക്ടറും പുറത്തേക്കു നോക്കിക്കൊണ്ടിരിക്കുന്നു; ഒപ്പം ഞാനും ഉറങ്ങാത്ത മറ്റു ചിലരും. വണ്ടി ഓഫായതുകൊണ്ടാകാം ഉറക്കം പോയ ചിലർ കോഴിക്കോട് എത്തിയോ എന്നു ചോദിക്കുന്നുണ്ട്. 'ഇല്ല. ഒരു പെൺകുട്ടി ഇറങ്ങിയതാ, കൂട്ടാനുള്ള ആൾ വരാൻ വെയ്റ്റ് ചെയ്യുന്നു.' ബത്തേരി വരെയുള്ള യാത്രക്കാരിൽ ഒരാൾ പോലും അലോസരം പ്രകടിപ്പിച്ചില്ല. അക്ഷമ കാട്ടിയില്ല.

ഏഴെട്ടു മിനിറ്റ് കഴിഞ്ഞുകാണും. അവൾക്കുള്ള വണ്ടിയെത്തി. ബസിനെയോ അതിലെ ജീവനക്കാരെയോ ഗൗനിക്കാതെ അവരതിൽ കയറിപ്പോയി. ആധി കൊണ്ടാകാം, ബസ് നിർത്തിയിട്ടത് അവളറിഞ്ഞിട്ടുണ്ടാകില്ല. ആ വണ്ടി പുറപ്പെട്ടു എന്നു കണ്ടുറപ്പാക്കിയ ശേഷമാണ് കണ്ടക്ടർ ബെല്ലടിച്ചത്; ഡ്രൈവർ വണ്ടി സ്റ്റാർട്ടാക്കിയതും.

നാഴികയ്ക്കു 40 വട്ടം കെഎസ്ആർടിസിക്കാരെ പഴി പറയുന്നവരാണ് നമ്മിൽ പലരും. പക്ഷെ, ഇവിടെ ആ കുട്ടി ആവശ്യപ്പെടാതെ തന്നെ അവർ കാണിച്ച കരുതൽ നിസ്സീമം. ഏഴാം തിയതിയായിട്ടും ശമ്പളം കിട്ടാത്തതിൽ ഇന്നലെ രാവിലെക്കൂടി പ്രതിഷേധ പ്രകടനം നടത്തിയവരാണവർ.
ഇതിലെ ഡ്രൈവറെയോ കണ്ടക്ടറെയോ എനിക്ക് മുൻപരിചയമില്ല. ഇപ്പൊഴും അറിയില്ല. പക്ഷെ ഈ 8 മിനിറ്റ് കൊണ്ട് ഞാനവരെ മനസ്സോടു ചേർത്തുനിർത്തുന്നു.

ഒരു കാര്യം ഉറപ്പ്: ഏതെങ്കിലും ജീവനക്കാരുടെയോ അവരുടെ നേതാക്കന്മാരുടെയോ വെളിവില്ലായ്മ കൊണ്ടുള്ള പ്രശ്‌നങ്ങൾക്ക് ഇനി ഞാൻ കെഎസ്ആർടിസി യെ അടച്ചാക്ഷേപിക്കില്ല. മനുഷ്യപ്പറ്റുള്ള ഒരുപാടു പേരുള്ള പ്രസ്ഥാനമാണത്. ഒരിക്കൽകൂടിയല്ല, ഒരായിരം വട്ടം സല്യൂട്ട്. ആ കരുതലിന്.