കൊൽക്കത്ത: ദേശീയഗാനത്തെയും പതാകയെയും അവഹേളിക്കുന്ന രീതിയിൽ പെൺകുട്ടികളുടെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിനെച്ചൊല്ലി വിവാദം. ദേശീയഗാനത്തെ പരിഹസിക്കുകയും സിഗരറ്റിനോട് താരതമ്യം ചെയ്യുകയും ചെയ്യുന്ന തരത്തിലുള്ള വിഡിയോയാണ് പെൺകുട്ടികൾ ഫേസ്‌ബുക്കിൽ പങ്കുവച്ചത്.

സിഗരറ്റ് വലിക്കുന്നതിനിടെ വരികൾ തെറ്റിച്ചാണ് ദേശീയഗാനം ആലപിക്കുന്നതും. സമൂഹമാധ്യമത്തിൽ ഇവർക്കെതിരെ രൂക്ഷ വിമർശനമാണ്. കർശന നടപടി ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തി. വിവാദമായതോടെ സമൂഹമാധ്യമ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് തടിതപ്പാനുള്ള ശ്രമത്തിലാണ് പെൺകുട്ടികൾ.

നടപടി ആവശ്യപ്പെട്ട് അഭിഭാഷകൻ അത്രായി ഹാൽദർ ലാൽബസാർ സൈബർ സെല്ലിലും ബാരക്പുർ കമ്മിഷണറേറ്റിലും പരാതി നൽകിയതായി റിപ്പോർട്ടുണ്ട്. തമാശയ്ക്കു വേണ്ടിയാണ് ഇത്തരത്തിലൊരു വിഡിയോ ഉണ്ടാക്കിയതെന്നാണ് പെൺകുട്ടികളുടെ വിശദീകരണം. പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തവരാണെന്നും റിപ്പോർട്ടുണ്ട്. അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.