ഹൈദരാബാദ്: നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'ലൂസിഫറി'ന്റെ തെലുങ്ക് റീമേക്ക് 'ഗോഡ്ഫാദർ' റിലീസിനൊരുങ്ങുകയാണ്. ചിരഞ്ജീവി പ്രധാന കഥാപാത്രമാകുന്ന ലൂസിഫറിനെക്കുറിച്ചുള്ള നടന്റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ലൂസിഫർ തനിക്ക് പൂർണ്ണ തൃപ്തി തന്നില്ലെന്നും തങ്ങൾ അത് അപ്‌ഗ്രേഡ് ചെയ്തു കൂടുതൽ ആകർഷകമാക്കിയെന്നുമാണ് സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടയിൽ ചിരഞ്ജീവി പറഞ്ഞത്. ഗോഡ്ഫാദർ പ്രേക്ഷകർക്ക് തൃപ്തി നൽകുമെന്നാണ് നടന്റെ അഭിപ്രായം.

സിനിമയുടെ ട്രെയ്ലർ പുറത്തുവിട്ടതിന് പിന്നാലെ മോഹൻലാലിന്റെയും ചിരഞ്ജീവിയുടെയും രംഗങ്ങൾ താരതമ്യം ചെയ്യുകയാണ് സിനിമാപ്രേമികൾ. മോഹൻലാലിന്റെ കാല് കൊണ്ടുള്ള മാസ് കിക്ക് സീനും ചിരഞ്ജീവിയുടേതും താരതമ്യം ചെയ് ട്രോളുകളടക്കം പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. അതേസമയം ട്രോളുമായി മലയാളി ആരാധകരും രംഗത്തുവന്നു കഴിഞ്ഞു.

മോഹൻലാലിന്റെ അത്രയും പെർഫക്ടായി ചെയ്യാൻ ആർക്കും സാധിക്കില്ലെന്നാണ് ആരാധകർ പറയുന്നത്. 'ചെലരുടേത് ശരി ആകും എന്റെ എന്തായാലും ശരി ആയില്ല', 'മെയ് വഴക്കം അങ്ങിനെ ഇങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ, എന്നിങ്ങനെയാണ് കമന്റുകൾ.

നെറ്റ്ഫ്‌ളിക്സാണ് ഗോഡ്ഫാദറിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മോഹൻരാജയാണ് ഗോഡ്ഫാദർ സംവിധാനം ചെയ്യുന്നത്. നാളെ ചിത്രം തിയറ്ററുകളിൽ എത്തും.