തികച്ചും പ്രതീക്ഷിക്കാതെയാണ് ആ യുവ ഡോക്ടറുടെ ഉദ്യാനത്തിൽ ഒരു അതിഥിയെത്തിയത്. ഒരു പറ്റം പക്ഷികൾ തന്റെ ഉദ്യാനത്തിൽ കലപില കൂട്ടുന്നതു കണ്ടാണ് ശനിയാഴ്ച, ന്യൂകാസിലിലുള്ള ഡോക്ടർ ബെൻ ബെസ്‌ക എന്ന 33 കാരൻ ഇറങ്ങി ചെന്നത്. അവിടെ ഡോക്ടർ കണ്ടത് പുൽത്തകിടിയിൽ കിടക്കുന്ന ഗോൾഡ് ഫിഷിനെയായിരുന്നു. എൻ എച്ച് എസ്സിലെ കാർഡിയോളജി ഡോക്ടറായ ബെൻ, അതിനെ എടുത്ത് വെള്ളം നിറച്ച ഒരു ഫ്രീസർ ഡ്രോയറിലാക്കി.

ഇപ്പോൾ ആ മീനിനെ വളർത്താനാണ് ഡോക്ടർ തീരുമാനിച്ചിരിക്കുന്നത്. പുൽത്തകിടിയിൽ മീനിനെ കണ്ടെത്തുക എന്നത് അതിശയകരമായ ഒന്നാണെന്ന് ബെൻ പറയുന്നു. അത് അവിടെ എങ്ങനെ എത്തി എന്നതിനെ കുറിച്ച് ഒരു പിടിയുമില്ലെന്നും ഡോക്ടർ പറയുന്നു. ഈ മത്സ്യം ജീവിച്ചിരിക്കുന്നു എന്ന് കാണിച്ചു കൊണ്ട് ഡോക്ടർ തന്റെ സുഹൃത്തിന് 'ഇറ്റ് ഈസ് എലൈവ് ' എന്നൊരു ടെക്സ്റ്റ സന്ദേശം അയച്ചു. മൊബൈലിലെ ഓട്ടോ കറക്റ്റ് സംവിധാനം അത് 'ഇറ്റ് ഈസ് ആലിസ് ' എന്നാക്കി. അതോടെ ഈ മത്സ്യത്തിന് ആലീസ് എന്ന പേരും ലഭിച്ചു.

പുൽത്തകിടിയിൽ ഒരു മത്സ്യം പിടയ്ക്കുന്നത് കണ്ടപ്പോൾ അതിനെ ഉപേക്ഷിക്കാൻ തോന്നിയില്ല എന്ന് ഡോക്ടർ ബെൻ പറയുന്നു. അപ്പോഴാണ് അവിടെ വെള്ളം നിറഞ്ഞ ഒരു പഴയ ഫ്രീസർ ഡ്രോയർ കാണുന്നത്. മീനിനെ ആ വെള്ളത്തിൽ ഇട്ടപ്പോൾ അത് നീന്താൻ തുടങ്ങി. ഇപ്പോൾ തന്റെ വളർത്തു പൂച്ചകളെ മത്സ്യത്തെ സൂക്ഷിക്കുന്ന അടുക്കളയിലേക്ക് കയറ്റാതായി എന്നും അദ്ദേഹം പറയുന്നു. പൂച്ചകൾ മത്സ്യത്തെ ഭക്ഷിക്കാതിരിക്കാനാണ് ഈ മുൻകരുതൽ.

അടുത്തുള്ള ഒരു കടയിൽ പോയി ഒരു ചെറിയ ടാങ്കും മറ്റ് അവശ്യ സാധനങ്ങളും വാങ്ങി ഇപ്പോൾ അതിലാണ് ഈ ഗോൾഡൻ ഫിഷിനെ വളർത്തുന്നത്. മരണത്തിൽ നിന്നും ഏതാണ് സെക്കന്റുകളുടെ വ്യത്യാസത്തിനാണ് അത് രക്ഷപ്പെട്ടത്. അതുകൊണ്ടു തന്നെ അതൊരു ഭാഗ്യമുള്ള മത്സ്യമാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. തൊട്ടടുത്തുള്ള കുളത്തിൽ നിന്നും മത്സ്യത്തെ പിടിച്ചു കൊണ്ടു പോകുന്ന വഴി ഏതെങ്കിലും പക്ഷികളുടെ കൊക്കിൽ നിന്നും താഴെ വീണതാകാം എന്നാണ് ഡോക്ടർ കരുതുന്നത്.

എന്നാൽ തൊട്ടടുത്തൊന്നും കുളങ്ങൾ ഇല്ലാത്തതിനാൽ, ഇത് ബഹുദൂരം സഞ്ചരിച്ചായിരിക്കും ഇവിടെയെത്തിയിട്ടുണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു. ഈ ഗോൾഡൻ ഫിഷിന്റെ അതിജീവന കഥ ഡോക്ടർ എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവച്ചതോടെ വൈറലായി.16 മില്യൻ ആളുകളാണ് അത് വായിച്ചത്.