തിരുവനന്തപുരം: ശാസ്തമംഗലം എൻ.എസ്.എസ്. ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്രിയപ്പെട്ട അദ്ധ്യാപിക ഗോപിക ടീച്ചറുടെ അവയവങ്ങൾ ഇനി എഴു പേരിൽ തുടിക്കും. അബോധാവസ്ഥയിൽ നാലുദിവസമായി ശ്രീചിത്ര ആശുപത്രിയിൽ കഴിഞ്ഞിരുന്ന വലിയവിള കുണ്ടമൺകടവ് ശ്രീവല്ലഭയിൽ ജി.ഗോപികാറാണി(46) മരണത്തിനു കീഴടങ്ങി. പക്ഷേ, ഗോപികറാണിയുടെ കണ്ണും കരളും കിഡ്നിയും ഹൃദയവാൽവും ഏഴു പേരിലായി ഇനിയും ജീവൻ തുടിക്കും.

വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് ഗോപികാറാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ചതിനാൽ ജീവിതത്തിലേയ്ക്ക് മടങ്ങിവരില്ലന്ന് ഡോക്ടർമാർ ഉറപ്പിച്ചു. തുടർന്ന് അവയവം ദാനം ചെയ്യാൻ ഭർത്താവ് പ്രവീണും മകൻ പ്രാണും തീരുമാനമെടുത്തു.

സർക്കാറിന്റെ സഞ്ജീവിനിയുമായി ബന്ധപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടർമാർ എത്തി. വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ തുടിച്ചിരുന്ന ഗോപികാറാണിയെ വീണ്ടും പരിശോധിച്ചു. അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുന്നതാണെന്ന് ഉറപ്പാക്കി. മരണം സ്ഥിതീകരിച്ചതോടെ അവയവദാന നടപടികൾ വേഗത്തിലാക്കി.

കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിലേയ്ക്കും കിഡ്നിയിൽ ഒന്ന് തിരുവല്ല പുഷ്പ ഗിരിയിലേക്കും രണ്ടാമത്തേത് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കരൾ കിംസ് ആശുപത്രിയിലേക്കും ഹൃദയ വാൽവുകൾ ശ്രീചിത്രയിലേക്കും മാറ്റി. അതാത് ആശുപത്രികൾ അർഹതപ്പെട്ടവർക്ക് അവയവങ്ങൾ നൽകും.

പ്രസിദ്ധ ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻനായരുടെ മകളാണ് ഗോപികാറാണി. തിരുവനന്തപുരം എൽബിഎസിലെ ജീവനക്കാരനായ ഭർത്താവ് കെ. പ്രവീൺകുമാർ ഫോട്ടോഗ്രാഫർകൂടിയാണ്. സ്‌ക്വാഷ് താരമാണ് മകൻ പ്രാൺ്. മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ ശാസ്തമംഗലം സ്‌കൂളിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് വൈകുന്നേരം 4.30 ന് ശാന്തികവാടത്തിൽ സംസ്‌കാരം നടത്തും.

ഗോപിക ടീച്ചറുടെ വിയോഗം അറിയിച്ചുകൊണ്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇനിയൊരു തിരിച്ചു വരവ് സാധ്യമല്ലെന്ന് അറിഞ്ഞെങ്കിലും അവസാന നിമിഷം വരെ ഒരു അത്ഭുതത്തിനായി പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. എല്ലാവരെയും ദുഃഖ കടലിലാക്കി നാൽപ്പത്തി ഏഴാം വയസിൽ ഗോപിക റാണി യാത്രയായി.

സഹജീവികളുടെ കണ്ണീരൊപ്പാൻ കഴിയുന്നവർ പുണ്യാത്മാക്കളാണ്. അങ്ങനെ എങ്കിൽ ഈ കുടുംബം പുണ്യ കുടുംബം തന്നെ. ഗോപിക ചേച്ചി മോക്ഷ പദം പ്രാപിക്കും എന്ന കാര്യത്തിൽ സംശയമില്ല. സ്വർ ലോകത്തിൽ ഇരുന്ന് ഇതൊക്കെ കണ്ട് ഗോപിക ചേച്ചി സന്തോഷിക്കുന്നുണ്ടാകും. ചേച്ചിക്ക് അഭിമാനിക്കാം ഇങ്ങനെ ഒരു കുടുംബം ഉണ്ടായതിൽ എന്ന് കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

മരണത്തിലും ഗോപികാറാണി മഹാറാണിയായി തന്നെ വിടവാങ്ങി. 7 പേർക്ക് ജീവിതം നൽകിയാണ് പ്രിയപ്പെട്ട പ്രവീണിന്റെ ഭാര്യ ഗോപിക യാത്രയായത്. ഗോപികയെ ശ്രീചിത്രയിൽ പ്രവേശിപ്പിച്ചു എന്ന പ്രവീണിന്റെ മെസ്സേജ് ഇടിത്തീ പോലെയാണ് തോന്നിയത്. തിരുവനന്തപുരം നഗരം ഒന്നടങ്കം കഴിഞ്ഞ 4 ദിവസമായി ശ്രീചിത്രയിലേക്ക് ഒഴുകിയെത്തി. പരോപകരം എന്ന വാക്കിന്റെ പര്യായമായ പ്രവീണിനോടുള്ള കടപ്പാട് മാത്രമല്ല ഗോപിക ടീച്ചറോടുള്ള സ്‌നേഹവും അതിന് കാരണമായി.

ഇനിയൊരു തിരിച്ചു വരവ് സാധ്യമല്ലെന്ന് അറിഞ്ഞെങ്കിലും അവസാന നിമിഷം വരെ ഒരു അത്ഭുതത്തിനായി പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. എല്ലാവരെയും ദുഃഖ കടലിലാക്കി നാൽപ്പത്തി ഏഴാം വയസിൽ ഗോപിക റാണി യാത്രയായി. നൂറു കണക്കിന് രോഗികൾക്ക് സഹായ ഹസ്തം നൽകിയ പ്രവീണിന്റെ മനസ്സ് ഭാര്യയുടെ മരണത്തിലും മറ്റുള്ളവരെ പറ്റിയായിരുന്നു ചിന്തിച്ചത്.
ചേച്ചിയുടെ അവയവങ്ങൾ ദാനം ചെയ്യാം എന്ന നിർദ്ദേശം മടിച്ചു മടിച്ചാണ് മുന്നോട്ട് വെച്ചത്. പക്ഷേ എന്നെ ഞെട്ടിച്ച് പ്രവീണും മകൻ പ്രാണും ഉടനടി സമ്മതം മൂളി. ഉന്നതമായ നിലവാരം ഉള്ളവർക്ക് മാത്രം സാധിക്കുന്ന കാര്യം. തിരുവല്ല പുഷ്പഗിരിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും കിംസിലും ശ്രീചിത്രയിലും ഉള്ള 7 പേരെയാണ് അച്ഛനും മകനും ചേർന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നത്. സഹജീവികളുടെ കണ്ണീരൊപ്പാൻ കഴിയുന്നവർ പുണ്യാത്മാക്കളാണ്. അങ്ങനെ എങ്കിൽ ഈ കുടുംബം പുണ്യ കുടുംബം തന്നെ. ഗോപിക ചേച്ചി മോക്ഷ പദം പ്രാപിക്കും എന്ന കാര്യത്തിൽ സംശയമില്ല. സ്വർ ലോകത്തിൽ ഇരുന്ന് ഇതൊക്കെ കണ്ട് ഗോപിക ചേച്ചി സന്തോഷിക്കുന്നുണ്ടാകും. ചേച്ചിക്ക് അഭിമാനിക്കാം ഇങ്ങനെ ഒരു കുടുംബം ഉണ്ടായതിൽ. ഹരി ഓം.
.............

പ്രശസ്ത ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരുടെ മകളാണ് ഗോപിക. ശാസ്തമംഗലം എൻ.എസ്.എസ്. എച്ച്.എസ്.എസിലെ അദ്ധ്യാപികയും സ്റ്റുഡന്റ്‌സ് പൊലീസ് കോഓർഡിനേറ്ററും കൂടിയാണ്.