ചെന്നൈ: വിവാഹത്തിന് തൊട്ടുമുമ്പ് വധുവും വരന്റെ സുഹൃത്തുക്കളും തമ്മിൽ ഒപ്പിട്ട ഒരു കരാറിന്റെ വാർത്തയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. വരനെ ഇനിയും ക്രിക്കറ്റ് കളിക്കാൻ വിടണമെന്ന സുഹൃത്തുക്കളുടെ ആവശ്യത്തിനാണ് വധു 'കരാർ വ്യവസ്ഥയിൽ ഒപ്പിട്ട്' അനുമതി നൽകിയത്.

കല്യാണപ്പന്തലിൽ, വരണമാല്യം ചാർത്തുന്നതിനു തൊട്ടുമുമ്പ് വരന്റെ കൂട്ടുകാർ മുദ്രപ്പത്രവുമായി വന്നു, വിവാഹം നടക്കണമെങ്കിൽ വധു ഇതിലെ വ്യവസ്ഥ അംഗീകരിച്ച് ഒപ്പിട്ടുകൊടുക്കണം. കരാറിലെ ഉപാധി ലളിതമായിരുന്നു, 'വിവാഹത്തിനുശേഷവും എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഭർത്താവിനെ ക്രിക്കറ്റ് കളിക്കാൻ വിടണം.'

തമിഴ്‌നാട്ടിലെ തേനിയിലാണ് വ്യത്യസ്തമായൊരു കരാറിൽ ഒപ്പുവെച്ച് വധൂവരന്മാർ പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്. സ്വകാര്യകോളേജിൽ അദ്ധ്യാപകനായ ഹരിപ്രസാദ് കടുത്ത ക്രിക്കറ്റ് പ്രേമിയാണ്.

നാട്ടിലെ സൂപ്പർ സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബിന്റെ താരവുമാണ്. പൂജയുമായുള്ള കല്യാണം ഉറപ്പിച്ചപ്പോൾ ഹരിപ്രസാദിനെ ക്രിക്കറ്റ് കളിക്കാൻ കിട്ടാതാവുമോ എന്നായിരുന്നൂ കൂട്ടുകാരുടെ ആശങ്ക. അതിനു പരിഹാരമായാണ് വധുവിൽനിന്ന് രേഖാമൂലം ഉറപ്പുവാങ്ങിയത്.

ഇരുപതു രൂപയുടെ മുദ്രപ്പത്രം വിവാഹ വേദിയിൽ അവർ പൂജയ്ക്കു നൽകി. മുദ്രപ്പത്രത്തിൽ എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ പൂജയ്ക്ക് ചിരി അടക്കാനായില്ല. മുദ്രപ്പത്രത്തിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയായിരുന്നു: 'പൂജ എന്ന ഞാൻ ശനി, ഞായർ ദിവസങ്ങളിൽ ക്യാപ്റ്റൻ ഹരിപ്രസാദിനെ ക്രിക്കറ്റ് പരിശീലനത്തിനായി സൂപ്പർസ്റ്റാർ ക്രിക്കറ്റ് ടീമിനൊപ്പം അയക്കും'. പൂജ ഈ മുദ്രപ്പത്രത്തിൽ ഒപ്പുവയ്ക്കുകയും ചെയ്തു. വരനും വധുവും കൂട്ടുകാരും കരാർ മുന്നിൽവെച്ച് ഫോട്ടോക്ക് പോസ്ചെയ്തു.