വൽസാദ്: സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ 'ഫയർ ഹെയർകട്ട്' അനുകരിച്ച് നടത്തിയ പരീക്ഷണത്തിൽ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ട്രെൻഡിങ് രീതിയിൽ മുടി മുറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഗുജറാത്ത് വൽസാദ് ജില്ലയിലെ വാപി പട്ടണത്തിലെ ഒരു ബാർബർ ഷോപ്പിലാണ് അപകടമുണ്ടായത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

മുടിവെട്ടുന്നതിനിടയിൽ യുവാവിന്റെ തലയിലും മുഖത്തും തീപിടിക്കുന്നതിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. കഴുത്തിലും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാപ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 18 കാരനെ പിന്നീട് വൽസാദിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തീ കൊണ്ട് മുടിവെട്ടാൻ ശ്രമിച്ചയാളുടെ മൊഴി രേഖപ്പെടുത്തിയതായി വാപി പൊലീസ് പറഞ്ഞു.

മുടി വെട്ടിയതിനു ശേഷം തീ ഉപയോഗിച്ച് സെറ്റ് ചെയ്യുന്ന രീതിയാണ് ഫയർ ഹെയർകട്ട് എന്ന പേരിൽ അറിയപ്പെടുന്നത്. സോഷ്യൽമീഡിയയിൽ ഇങ്ങനെ തീ കൊണ്ട് മുടി സെറ്റ് ചെയ്യുന്ന നിരവധി വീഡിയോകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമാന ഹെയർകട്ട് പരീക്ഷിക്കുന്നതിനിടയിലാണ് പതിനെട്ടുവയസ്സുള്ള യുവാവിന് ഗുരുതരമായി പൊള്ളലേറ്റത്.

ഇന്നലെയായിരുന്നു സംഭവം. മുടി വെട്ടിയതിനു ശേഷം മുഖത്ത് ടൗവൽ വെച്ച് മറച്ച് തലയിൽ മുടിയിൽ തീ കൊടുത്ത് സെറ്റ് ചെയ്യുന്നതാണ് രീതി. എന്നാൽ, തീപെട്ടി ഉപയോഗിച്ച് മുടി കത്തിച്ച ശേഷം ബാർബർ ഉദ്ദേശിച്ച രീതിയിൽ തീ നിയന്ത്രിക്കാനായില്ല. മുടിയിൽ നിന്നും തലയിലേക്കും മുഖത്തും തീപടർന്നതോടെ യുവാവ് ഇറങ്ങി ഓടുന്നതും വീഡിയോയിൽ കാണാം.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുടിയിൽ ഉപയോഗിച്ചിരുന്ന കെമിക്കൽ കാരണമാണ് തീപടർന്നത് എന്നാണ് പ്രാഥമിക കണ്ടെത്തൽ. യുവാവിന്റെ ശരീത്തിന്റെ മുകൾഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മുടിയിൽ തേക്കാൻ ഉപയോഗിച്ചത് എന്ത് രാസവസ്തുവാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.