തിരുവനന്തപുരം: ബൂമറാംഗ് എന്ന ചിത്രത്തിന്റെ പ്രമോഷന് പങ്കെടുക്കാത്തതിന് നടി സംയുക്തയ്ക്ക് എതിരെ നടൻ ഷൈൻ ടോം ചാക്കോ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. സംയുക്തയെ പൊതുസമൂഹത്തിന് മുന്നിൽ അവഹേളിച്ച ഷൈനിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി പോസ്റ്റിട്ടു;

ഹരീഷ് പേരടിയുടെ പോസ്റ്റ് ഇങ്ങനെ:

ജോലി സംബന്ധമായ കരാറുകൾ തെറ്റിച്ചിട്ടുണ്ടെങ്കിൽ അതിനെ നിയമപരമായോ,തൊഴിൽ സംഘടനകളുമായി ചർച്ചചെയ്‌തോ ആണ് പരിഹരിക്കപെടേണ്ടത്...അല്ലാതെ സ്വന്തം ജാതിവാൽ മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത..സമൂഹത്തിന് മാതൃകയായ ഒരു അഭിനേത്രിയെ, ഒരു പെൺകുട്ടിയെ പൊതുസമൂഹത്തിനുമുന്നിൽ അവഹേളിച്ച്..നികൃഷ്ടമായ ആൺ കോമാളിത്തം പ്രദർശിപ്പിച്ചിട്ടല്ല...സംയുക്ത യുക്തി ബോധമുള്ള പെണ്ണാവുമ്പോൾ..ഷൈൻ..ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആൺ മാത്രമാകുന്നു..ഷൈൻ തിരുത്തുമെന്ന പ്രതീക്ഷയോടെ.

അതേസമയം, എന്തുകൊണ്ട് സിനിമയുടെ പ്രമോഷന് അവർ വന്നില്ല എന്നാണ് ഷൈൻ ടോം ചാക്കോ ചോദിച്ചത്. ഒരു ജോലി ഏറ്റെടുത്താൽ അത് പൂർണമാക്കാനുള്ള കടമ നമുക്കുണ്ട് എന്നും ഷൈൻ പറഞ്ഞു. പേരിനൊപ്പമുണ്ടായിരുന്ന ജാതിപ്പേരായ മേനോൻ സംയുക്ത ഒഴിവാക്കിയിരുന്നു. ഈ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഷൈൻ പ്രതികരിച്ചത്.'ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയതുകൊണ്ട് ശരിയാകണമെന്നില്ല. പേരൊക്കെ ഭൂമിയിൽ വന്നശേഷം കിട്ടുന്നതല്ലേ. എന്ത് മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്ത് കാര്യം. എപ്പോഴും സഹകരിച്ചവർക്ക് മാത്രമേ നിലനിൽപ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയോട് കൂടുതൽ ഇഷ്ടം കുറച്ച് ഇഷ്ടം എന്നൊന്നും ഇല്ല. ചെയ്തത് മോശമായിപ്പോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത്.'- ഷൈൻ ടോം ചാക്കോ പറഞ്ഞു.

സംയുക്തയ്‌ക്കെതിരെ ബൂമറാംഗ് എന്ന ചിത്രത്തിന്റെ നിർമ്മാതാവും പ്രതികരിച്ചു. പ്രമോഷന് സംയുക്തയെ വിളിച്ചപ്പോൾ 35 കോടിയുടെ സിനിമ ചെയ്യുകയാണ്, എനിക്ക് എന്റേതായ കരിയറുണ്ട്. ഹൈദരാബാദിൽ സ്ഥിരതാമസമാക്കി എന്നൊക്കെയാണ് പറഞ്ഞത്. ചിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം സംയുക്തയാണ്. അവർ അത് നന്നായി അഭിനയിക്കുകയും ചെയ്തു. പ്രമോഷന് വരണമെന്ന് സിനിമയുടെ കരാറിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.