കൊച്ചി: സൈബർ ലോകത്ത് ആരാധകരുടെ എണ്ണത്തിൽ എപ്പോഴും മുന്നിലാണ് ഹണി റോസ്. വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കുന്ന നടിക്ക് തെലുങ്കിലും ഇപ്പോൾ ആരാധകരുണ്ട്. ബാലയ്യയുടെ നായിക ആയതോടെ സെലിബ്രിറ്റി സ്റ്റാറ്റ് വീണ്ടും ഉയർന്നു. ഇതിനിടെ ഉദ്ഘാടനങ്ങളുടെ തിരക്കും കൂടി. ഇതിനിടെയിലും ചില സൈബർ വിമർശനങ്ങളും ഹണിക്കെതിരെ ഉയരുന്നുണ്ട്. ഹണിയുടെ വസ്ത്രധാരണ അടക്കമാണ് വിമർശനത്തിന് ഇടയാക്കുന്നത്. ഇതോടെ ഇതിന് മറുപടിയുമായി ഹണി റോസ് രംഗത്തുവന്നു.

ഹണിയുടെ വാക്കുകൾ ഇങ്ങനെയാണ്: ആളുകൾ എന്തിനാണ് ഇത്രയേറെ നെഗറ്റീവുകൾ പറയുന്നതെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ഉദ്ഘാടന വേദികളിൽ എത്തുമ്പോൾ അവരുടെ സന്തോഷം നമ്മൾ അറിയുന്നതാണ്, പക്ഷേ ഇത് സോഷ്യൽ മീഡിയയിൽ എത്തുമ്പോഴാണ് നെഗറ്റീവ് ആകുന്നത്. എന്ത് ധരിക്കണം എങ്ങനെ പ്രസന്റ് ചെയ്യണം എന്ന് ഞാനാണ് തീരുമാനിക്കുന്നത്. എന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് മാത്രമല്ലേ ഞാൻ മുന്നോട്ട് പേകേണ്ടതുള്ളൂ.

സിനിമയിൽ നമ്മൾ എത്തുന്നത് കഥാപാതരമായാണ്, അതുകൊണ്ട് തന്നെ കഥാപാത്രത്തിന് അനുസരിച്ചുള്ള വേഷങ്ങൾ മാത്രമേ ഇടാൻ സാധിക്കൂ. ഇത്തരം വേദികളാണ് അപ്പോൾ പരീക്ഷണം നടത്താൻ അവസരം നൽകുന്നത്. അത് ഉപയോഗിക്കുന്നു എന്നുമാത്രം. ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം സാരി തന്നെയാണ് പക്ഷേ എപ്പോഴും കൊണ്ട് നടക്കുക എന്ന് പറയുന്നത് കുറച്ച് ബുദ്ധിമുട്ട് തോന്നുന്ന കാര്യമാണ്. ഹണിയുടെ ഡ്രസിങ് വളരെ യുണീക്കാണെന്ന് ആളുകൾ പറയുന്നതിന് കാരണം തനിക്ക് സ്വന്തമായി ഡിസൈൻ ചെയ്ത് തരാൻ ആളുകളുള്ളതുകൊണ്ടാണ്. ഒരു ചേട്ടനാണ് എന്റെ ഒട്ടുമിക്ക എല്ലാ ഡ്രസും തയ്യാറാക്കി തരുന്നത്.

ആളുകൾക്ക് എങ്ങനെയിരുന്നാലും കളിയാക്കാനാണ് അറിയുന്നത്. വണ്ണം കൂടിയാലും കുറഞ്ഞാലും എല്ലാം ആളുകൾ കളിയാക്കും. എനിക്ക് മാത്രമല്ല ഓരോ സ്ത്രീകൾക്കും ഇത് നിരന്തരം കേൾക്കേണ്ടിവരുന്നുണ്ട്. ചങ്ക്സിന് ശേഷം ഒരുപാട് മോശം കമന്റുകളും ട്രോളുകളും വന്നിരുന്നു. അതോടെ ഇനി മലയാളത്തിൽ നിന്ന് ലഭിക്കുന്ന കഥാപാത്രങ്ങൾ കുറച്ചുകൂടി ശ്രദ്ധിക്കണം എന്ന് തോന്നി. അങ്ങനെ വേണ്ടെന്ന് വെച്ച സിനിമകളും ഉണ്ടെന്നും ഹണി റോസ് പറഞ്ഞു.