തിരുവനന്തപുരം: താരത്തോടുള്ള ആരാധന മൂത്ത് ക്ഷേത്രം പണിയത് ഇന്ത്യൻ സിനിമയിൽ പുതിയ സംഭവമൊന്നുമല്ല.പക്ഷെ ഇന്നത്തെ കാലത്ത് ഇത്തരം പ്രവണതകൾ കൂറവാണ്.എന്നാൽ ഇപ്പോഴിത തന്റെ പ്രിയതാരത്തോടുള്ള ആരാധനകൊണ്ട് മാത്രം ക്ഷേത്രം പണിതിരിക്കുകയാണ് ഒരു ആരാധകരൻ.തെന്നിന്ത്യൻ താരം ഹണി റോസിന്റെ ആരാധകനാണ് തന്റെ പ്രിയ നടിക്കായി തമിഴ്‌നാട്ടിൽ ക്ഷേത്രം പണിതത്.ഒരു സ്വകാര്യ ചാനലിന്റെ ഗെയിം ഷോയിലാണ് ഹണി റോസ് തന്റെ പേരിൽ അമ്പലം പണിത കാര്യം വെളിപ്പെടുത്തിയത്.

ചലച്ചിത്ര നടി ഹണി റോസിനായി തമിഴ്‌നാട്ടിൽ ക്ഷേത്രം പണിത് ആരാധകൻ. തന്റെ ആദ്യ സിനിമയായ ബോയ് ഫ്രണ്ട് മുതൽ സ്ഥിരമായി ഫോണിൽ വിളിച്ച് അഭിനന്ദിക്കുന്ന തമിഴ് ആരാധകൻ എല്ലാ സിനിമയും കണ്ട് അഭിപ്രായം പറയാറുണ്ടെന്നും അദ്ദേഹമാണ് ക്ഷേത്രം പണിതതെന്നും ഹണി റോസ് വെളിപ്പെടുത്തി. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന ആരാധകനെ പാണ്ടിയെന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും ഹണി റോസ് പറഞ്ഞു.

പത്ത് പതിനഞ്ച് വർഷങ്ങളായി അദ്ദേഹം സ്ഥിരമായി കൂടെ നിൽക്കുകയെന്നത് അത്ഭുതമാണെന്നും ഹണി റോസ് മനസ്സുതുറന്നു.പത്രത്തിൽ ഒരു കുഞ്ഞുഫോട്ടോ തന്റേത് കണ്ടാലും അദ്ദേഹം വിളിക്കാറുണ്ടെന്നും ഹണി വ്യക്തമാക്കി. തന്നോടുള്ള ആരാധനയിൽ അമ്പലം നിർമ്മിച്ചതായും അതിലെ പ്രതിഷ്ഠ താനാണെന്നും അദ്ദേഹം പറഞ്ഞതായും ഹണി റോസ് വെളിപ്പെടുത്തി. അദ്ദേഹം വിളിച്ചുപറഞ്ഞെങ്കിലും അമ്പലം നേരിട്ടോ ചിത്രത്തിലോ കണ്ടിട്ടില്ലെന്നും ഹണി റോസ് പറയുന്നു.

എല്ലാ പിറന്നാളിനും കൃത്യമായി വിളിക്കും, നാട്ടിലെ ആളുകൾക്ക് പായസം കൊടുത്തെന്നും പറയും. ഒരു പ്രത്യേക സ്‌നേഹമുള്ള മനുഷ്യനാണ് അദ്ദേഹമെന്നും ഹണി റോസ് പറയുന്നു.2005ൽ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസിന്റെ സിനിമാ അരങ്ങേറ്റം.

ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, റിങ് മാസ്റ്റർ, വൺ ബൈ ടു, കുമ്പസാരം, ചങ്ക്‌സ്, ബിഗ് ബ്രദർ, ചാലക്കുടിക്കാരൻ ചങ്ങാതി എന്നീ സിനിമകളാണ് ഹണി റോസിന്റെതായി പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ. 'അക്വാറിയം' ആണ് ഹണി റോസിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 'മോൺസ്റ്റർ' ആണ് ഹണി റോസ് അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.