മലപ്പുറം: വടക്കൻ കേരളത്തിലെ, പ്രത്യേകിച്ച് മലപ്പുറത്തുകാരുടേയും കോഴിക്കോടുകാരുടേയും ഫുട്‌ബോൾ പ്രണയവും താരങ്ങളോടുമുള്ള ആരാധനയും ഏറെ പ്രസിദ്ധമാണ്. അത് ലോകകപ്പ് വരുമ്പോൾ മാത്രമല്ല, എന്നും ആ ഇഷ്ടവും ആരാധനയും നെഞ്ചേറ്റുന്നവരുമാണ്. ലോകകപ്പ് വരുമ്പോഴാകട്ടെ അത് ലോകത്തിന്റെ തന്നെ ശ്രദ്ധ ആകർഷിക്കുന്ന രീതിയിലേക്ക് എത്താറുമുണ്ട്. ഖത്തർ ലോകകപ്പിന് അരങ്ങുണർന്നപ്പോൾ അതിന്റെ ആവേശം ഏറ്റവും അധികം നെഞ്ചേറ്റിയതും മലപ്പുറവും കോഴിക്കോടും ഒക്കെയായിരുന്നു.

അങ്ങനെയുള്ള നാട്ടിൽ കടുത്ത ബ്രസീൽ ആരാധികയോട് മെസിയുടെ ജീവചരിത്രം എഴുതാൻ പറഞ്ഞാൽ എന്തായിരിക്കും സംഭവിക്കുക. അത് സ്‌കൂളിലെ ഫൈനൽ പരീക്ഷയ്ക്ക് വന്ന ചോദ്യമായാലോ?.. പരീക്ഷയല്ലേ മാർക്ക് കിട്ടേണ്ടേ.. ബ്രസീൽ ആരാധകരും അത് അങ്ങ് എഴുതുമെന്ന് വിചാരിച്ചെങ്കിൽ തെറ്റി. അങ്ങനെ നാല് മാർക്ക് കിട്ടാൻ വേണ്ടി പോലും ടീമിനെയും ഇഷ്ടതാരത്തെയും മാറ്റാൻ തയാറാകാത്തവരാണെന്ന് ബ്രസീൽ ഫാൻസ് എന്ന് മലപ്പുറം ജില്ലയിൽ നിന്നുള്ള നാലാംക്ലാസുകാരി റിസ ഫാത്തിമ പറയും.

തിരൂർ പുതുപ്പള്ളി ശാസ്താ എഎൽപിഎസിലെ നാലാംക്ലാസുകാരിയാണ് റിസ ഫാത്തിമ. ഇന്നലെ നടന്ന മലയാളം വാർഷിക പരീക്ഷയിലാണ് റിസയുടെ വൈറലായ ഉത്തരമുള്ളത്. മലയാളം പരീക്ഷയുടെ ഭാഗമായി ജീവചരിത്രക്കുറിപ്പ് തയാറാക്കാനായി നൽകിയത് അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയെക്കുറിച്ചാണ്. ജീവചരിത്രക്കുറിപ്പിൽ ഉൾക്കൊള്ളിക്കേണ്ട വിവരങ്ങളും ചോദ്യപേപ്പറിൽ നൽകിയിരുന്നു.



പക്ഷേ കടുത്ത ബ്രസീൽ ആരാധികയായ റിസ നിലപാടും കടുപ്പിച്ചു. ഉത്തരക്കടലാസിൽ 'ഞാൻ എഴുതൂല, ഞാൻ ബ്രസീൽ ഫാൻ ആണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല' എന്നായിരുന്നു റിസ എഴുതിയത്. പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ഉത്തരക്കടലാസ് പരിശോധിക്കുമ്പോഴാണ് അദ്ധ്യാപകനായ റിഫ ഷാലീസ് ഈ വ്യത്യസ്തമായ മറുപടി കണ്ടത്.

കുട്ടികൾ രസകരമായാണ് ഈ ചോദ്യത്തിന് ഉത്തരം നൽകിയതെന്നും, ഫുട്‌ബോളടക്കം ചുറ്റുമുള്ള ലോകസംഭവങ്ങൾ കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നുകൂടി വ്യക്തമാക്കാൻ താൻ ഈ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂർ തണ്ണിക്കടവ് എ യു പി സ്‌കൂളിലെ നാലാം ക്ലാസ്സിലെ ഷാനിദ് കെയും താൻ നെയ്മർ ഫാനാണെന്നും അതു കൊണ്ടുതന്നെ ചോദ്യത്തിന് ഉത്തരം എഴുതാൻ കഴിയില്ലെന്നും പരീക്ഷാപേപ്പറിൽ എഴുതി വെച്ചിരുന്നു. പരീക്ഷാ പേപ്പർ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാവുകയായിരുന്നു.

രാജേഷ് സി വള്ളിക്കോട് എന്ന അദ്ധ്യാപകനാണ് ഫേസ്‌ബുക്കിൽ കുറിപ്പുകൾ പങ്കുവെച്ചത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള ചോദ്യങ്ങളായിരുന്നു പരീക്ഷയ്ക്ക് നൽകിയത്. നാലാം ക്ലാസുകാരനായ ഷാനിദ് താൻ നെയ്മർ ഫാനാണെന്നും അതിനാൽ മെസ്സിയെക്കുറിച്ച് എഴുതാൻ ആവില്ലെന്നും പരീക്ഷാ പേപ്പറിൽ എഴുതി വെക്കുകയായിരുന്നു.

ഇരുവരുടേയും പരീക്ഷാ പേപ്പറുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് ഷെയർ ചെയ്തത്. രസകരമായ കമന്റുകളും ഒപ്പമുണ്ട്. അതേസമയം, കുട്ടികളിലെ സങ്കുചിത മനോഭാവമാണ് ഇതിന് പിന്നിലെന്നും ഇത് പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും ചിലരും കമന്റ് ചെയ്യുന്നുണ്ട്. എന്തൊക്കെയാണെങ്കിലും രസകരമായ സംഭവമാക്കിയെടുത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പരീക്ഷാപേപ്പറുകൾ പാറിക്കളിക്കുകയാണ്.

ലോകകപ്പ് ആരവങ്ങൾ കെട്ടടങ്ങിയിട്ട് അധിക മാസങ്ങളായില്ല. ലോകകപ്പിന് മലപ്പുറമുൾപ്പെടെ കേരളത്തിൽ എല്ലായിടത്തും വലിയ ആവശേമാണ് കണ്ടത്. ആവേശത്തിനെതിരെ ചില സാമുദായിക നേതാക്കന്മാരുടെ പരാമർശം വലിയ ചർച്ചയായെങ്കിലും മലബാർ മേഖലയിലെ ആവേശത്തെ ഇതൊന്നും ബാധിച്ചിരുന്നില്ല. മാർക്കൊക്കെ ആർക്ക് വേണം, നെയ്മറെയും ബ്രസീലിനെയും നാല് മാർക്കിന് വേണ്ടി തള്ളിപ്പറയുന്നവരല്ലെന്ന് ബോധ്യമായില്ലേ എന്നാണ് ഉത്തരക്കടലാസ് കണ്ട ബ്രസീൽ ഫാൻസും പറയുന്നു.