- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങളെ സുരക്ഷിതരാക്കിയതിന് കടപ്പെട്ടിരിക്കുന്നു; വിവാഹത്തിന് നിങ്ങളെ ക്ഷണിക്കുന്നതിൽ സന്തോഷം ഉണ്ട്'; ഇന്ത്യൻ ആർമിയെ വിവാഹത്തിന് ക്ഷണിച്ച് മലയാളി വരനും വധുവും; ആശംസകൾ നേർന്ന് സേനയുടെ മറുപടി
ന്യൂഡൽഹി: ഹൃദയ സ്പർശിയായ കുറിപ്പോടെ തങ്ങളുടെ വിവാഹത്തിന് ഇന്ത്യൻ സേനയെ ക്ഷണിച്ചുകൊണ്ട് ക്ഷണക്കത്തയച്ച തിരുവനന്തപുരം സ്വദേശികളായ വരനും വധുവിനും ആശംസകൾ നേർന്ന് സൈന്യത്തിന്റെ മറുപടി. കല്യാണക്കുറിക്കൊപ്പം ഒരു കത്തും കൂടെ ചേർത്താണ് ഇന്ത്യൻ സൈന്യത്തെ വരനായ രാഹുലും വധുവായ കാർത്തികയും ചേർന്ന് ക്ഷണിച്ചത്. പട്ടാളക്കാരുടെ ത്യാഗത്തിന് കുറിപ്പിലൂടെ നന്ദി പറഞ്ഞുകൊണ്ടായിരുന്നു ക്ഷണക്കത്ത്.
സൈനികർക്ക് ഒന്നടങ്കം ആദരവും സ്‌നേഹവും അറിയിച്ചുകൊണ്ട് തങ്ങളുടെ വിവാഹത്തിന് സൈനികരെയെല്ലാം ക്ഷണിച്ചുകൊണ്ട് ഇവർ ക്ഷണക്കത്തിനൊപ്പം ചേർത്തിരിക്കുന്ന കുറിപ്പാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്.
'ഡിയർ ഹീറോസ്' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് തുടങ്ങിയിരിക്കുന്ന കുറിപ്പ് സൈനികർ രാജ്യത്തിന് നൽകുന്ന സേവനത്തെ പ്രകീർത്തിച്ചുകൊണ്ടുള്ളതാണ്.
'ഞങ്ങൾ (കാർത്തികയും രാഹുലും) ഈ നവംബർ10ന് വിവാഹിതരാവുകയാണ്. രാജ്യത്തോടുള്ള നിങ്ങളുടെ സ്‌നേഹത്തിലും കരുതലിലും നിശ്ചയദാർഢ്യത്തിലും ദേശത്തോടുള്ള സത്യസന്ധമായ നിങ്ങളുടെ സമർപ്പണത്തിലും ഞങ്ങൾ എന്നും നന്ദിയുള്ളവരാണ്. ഞങ്ങളെ എന്നെന്നും സുരക്ഷിതരാക്കി വയ്ക്കുന്നതിന് നിങ്ങളോടുള്ള കടപ്പാട് ഒരുപാടാണ്. നിങ്ങൾ കാരണമാണ് ഞങ്ങൾ സമാധാനപൂർവം ഉറങ്ങുന്നത്. പ്രിയപ്പെട്ടവർക്കൊപ്പം ഞങ്ങൾക്ക് ഈ സന്തോഷങ്ങൾ നൽകുന്നതിന് ഒരുപാട് നന്ദി. ഈ വിവാഹവും നിങ്ങൾ നൽകുന്ന സുരക്ഷയിൽ നിന്നുള്ള അവസരമാണ്. അതിനാൽ തന്നെ നിങ്ങളെ വിവാഹത്തിന് ക്ഷണിക്കുന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തിലേക്ക് നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ക്ഷണിക്കുന്നു... ഞങ്ങളെ സംരക്ഷിക്കുന്നതിന് നന്ദി'- ഇതായിരുന്നു ഇവരുടെ കുറിപ്പ്.
'ഇന്ത്യൻ ആർമി' ഈ ക്ഷണത്തിന് മറുപടിയും അറിയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് ആർമിയുടെ ഒഫീഷ്യൽ പേജ് ഇവർക്ക് മറുപടി നൽകിയിരിക്കുന്നത്. ഇരുവരുടെയും വിവാഹത്തിന് എല്ലാം മംഗളങ്ങളും- ക്ഷണിച്ചതിന് ഒരുപാട് നന്ദിയെന്നും സന്തോഷകരമായ ദാമ്പത്യം നേരുന്നുവെന്നുമായിരുന്നു ആർമിയുടെ മറുപടി.
നിരവധി പേരാണ് ആർമിയുടെ പോസ്റ്റിന് പ്രതികരണമറിയിച്ചിരിക്കുന്നത്. വിവാഹം പോലൊരു വ്യക്തിപരമായ സന്തോഷത്തിന്റെ വേളയിലും സൈനികരോട് ഇത്തരത്തിൽ ബഹുമാനവും സ്‌നേഹവും പ്രകടിപ്പിക്കാൻ ഓർമ്മിച്ചു വധൂവരന്മാരെ ആശംസിച്ചും നിരവധി പേർ കമന്റ് ചെയ്തിരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ