- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ വനിതയുടെ ഇംഗ്ലീഷ് ചോദ്യങ്ങൾക്ക് മലയാളത്തിൽ സരസമായ മറുപടി; റാംജിറാവ് സ്പീക്കിംഗിൽ അഭിനയിക്കുന്ന സമയത്ത് ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖം; നിർമ്മാതാവും നടനുമായുള്ള തന്റെ ജീവിതം വിവരിച്ച് ഇന്നസെന്റ്; വൈറലായി പഴയ വീഡിയോ
കൊച്ചി: മലയാള ചലച്ചിത്ര ലോകത്തെ ചിരിയിലൂടെയും ചിന്തയിലൂടെയും നയിച്ച അതുല്യ പ്രതിഭയാണ് ഇന്നസെന്റ്. നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തിയ അദ്ദേഹം പിൽക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കവർന്നു. സവിശേഷമായ ശരീരഭാഷയും പ്രത്യേക ശൈലിയിലുള്ള സംഭാഷണവുമാണ് ഇന്നസെന്റിനെ മലയാള സിനിമയിൽ ശ്രദ്ധേയനാക്കിയത്.
നടൻ എന്ന നിലയിലാണ് ഇന്നസെന്റിനെ പുതിയ തലമുറയ്ക്ക് പരിചയമെങ്കിലും നാല് സിനിമകളുടെ നിർമ്മാതാവുകൂടിയാണ് അദ്ദേഹം. വിടപറയും മുൻപേ, ഇളക്കങ്ങൾ, ഓർമക്കായി, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ച സിനിമകളാണ്. ഏതാണ്ട് മൂന്നരപ്പതിറ്റാണ്ട് മുൻപ് അദ്ദേഹം നൽകിയ ഒരു അപൂർവ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലാകുകയാണ്.
1989ൽ ഇന്നസെന്റ് നൽകിയ അഭിമുഖത്തിൽ ചോദ്യകർത്താവ് വിദേശ വനിതയാണ്. ചോദ്യങ്ങൾ ഇംഗ്‌ളീഷിലും. 1989ൽ ഖത്തർ ടെലിവിഷന് വേണ്ടി ഗിന കോൾമെൻ നടത്തിയ അഭിമുഖം തന്റെ കളക്ഷനിൽ നിന്നും പോസ്റ്റ് ചെയ്തത് എ.വി എം. ഉണ്ണിയുടെ യൂട്യൂബ് ചാനലിലാണ്.
നിർമ്മാതാവിന്റെ ജീവിതം എങ്ങനെയെന്ന കോൾമെന്റെ ചോദ്യത്തിന്, വളരെ സരസമായാണ് തന്റെ സ്വന്തം ഭാഷയിൽ ഇന്നസെന്റ് മറുപടി നൽകുന്നത്. പ്രൊഡ്യൂസർ എന്ന നിലയിൽ വലിയ തലവേദനയും പ്രശ്‌നങ്ങളുമാണ്. നമ്മൾ കാശെടുത്ത് ചെലവ് ചെയ്യണം. താരങ്ങളുടെ താമസം ഒരുക്കണം. പിന്നെ ഈ സിനിമ പരാജയപ്പെട്ടാൽ അതിന്റെ നഷ്ടം വലിയ പ്രശ്‌നമാണ്. പക്ഷെ ആർട്ടിസ്റ്റ് ആയിരിക്കുമ്പോൾ ഇതൊക്കെ സുഖമാണ്. അവർക്ക് ഈ ബുദ്ധിമുട്ടുകളൊന്നും പ്രശ്‌നമാകില്ലല്ലോ.ബുദ്ധിമുട്ട് മൊത്തം പ്രൊഡ്യൂസർമാർക്കാണ്. കാശുണ്ടായാലേ ഇവിടെ ഒരു സിനിമ ഉണ്ടാകുകയുള്ളു. അന്ന് കാശൊക്കെ ചെലവാക്കി. കുറെ ആർട്ടിസ്റ്റുകൾ വന്നു, ക്യാമറാമാനും മറ്റ് ആളുകളും വന്നു, അഭിനയിച്ചു. ഇതെല്ലാം കഴിഞ്ഞ് സിനിമ പൊളിഞ്ഞാൽ പിന്നെ വലിയ പ്രശ്‌നമല്ലെ. ഒരു ആർട്ടിസ്റ്റ് ആയിരിക്കുമ്പോൾ ഇത്തരം ബുദ്ധിമുട്ടുകൾ അറിയേണ്ടി വരില്ല.
എങ്ങനെയാണ് ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ നിന്നും നടനായി മാറിയത്. ദീർഘനാളത്തെ പരിശ്രമം കൊണ്ടാണോ എന്ന ചോദ്യത്തിന് ഇന്നസെന്റിന്റെ മറുപടി ഇങ്ങനെ. അല്ല,പ്രൊഡ്യൂസർ ആകുന്നതിന് മുമ്പ് ഞാൻ ഒന്നുരണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇളക്കങ്ങൾ എന്ന സിനിമ ഞാൻ എടുത്ത സിനിമയാണ്. സിനിമ എടുത്ത് പൊളിഞ്ഞപ്പോൾ തൽക്കാലം വേറെ ബിസിനസ് ഒന്നും ചെയ്യാൻ പറ്റില്ല. അഭിനയം ആണെങ്കിൽ എനിക്ക് അറിയാവുന്ന കാര്യമാണ്. ഞാൻ മദ്രാസിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ഇരിക്കെ ഒരു പടത്തിൽ അഭിനയിക്കാൻ എന്നെ വിളിച്ചു. അങ്ങനെ വേറെ പടങ്ങൾ ലഭിച്ചു. അത് ജീവിതത്തിൽ വഴിത്തിരിവായി.
നടനായി മാറിയ ശേഷമുള്ള മാറ്റം എങ്ങനെ തോന്നുന്നു എന്ന ചോദ്യത്തോടും ഇന്നസെന്റ് പ്രതികരിച്ചു. നമുക്ക് ഒരു പ്രശ്‌നവും ഇല്ല. ഉടുക്കാനൊരു മുണ്ടും വസ്ത്രവുമെ നമുക്ക് വേണ്ടു. താമസ സൗകര്യവും യാത്രയ്ക്ക് ഫ്‌ളൈറ്റിന് ചാർജും എല്ലാം പ്രൊഡ്യൂസർ നോക്കിക്കോളും. നമ്മൾ അവിടെ ചെന്ന് അവർ പറയുന്നത് എന്താണോ അത് അഭിനയിക്കണം. അത്രയെ ഉള്ളു. പടം വിജയിച്ചാലും പരാജയപ്പെട്ടാലും അത് അഭിനേതാക്കളെ ബാധിക്കാറില്ല. അഭിനയം കഴിയുമ്പോൾ നമ്മുടെ കാശ് അവർ തന്നുകഴിയും.
ഇപ്പോൾ ഏതെങ്കിലും സിനിമകളിൽ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോൾ റാംജിറാവ് സ്പീക്കിങ് എന്ന സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഞാൻ അതിൽ കോമഡിയും അതുപോലെ സീരിയസുമായ ഒരു റോളാണ് ചെയ്യുന്നത് എന്നും മറുപടി നൽകുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ