ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച വിരാട് കോലി-സൗരവ് ഗാംഗുലി തർക്കം ഇനിയും കെട്ടടങ്ങിയിട്ടില്ലെ? കഴിഞ്ഞ ദിവസം നടന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടയിലെ ചില വീഡിയോകൾ പ്രചരിച്ചതോടെ വിവാദങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. ശനിയാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന രണ്ടു സംഭവങ്ങളാണ് വിഡിയോയിൽ പ്രചരിക്കുന്നത്.

മത്സരത്തിൽ അർധസെഞ്ചറി നേടിയ കോലി പ്ലെയർ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ട മത്സരത്തിനു ശേഷം, രണ്ടു സംഭവങ്ങളുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഡൽഹിയുടെ മറുപടി ബാറ്റിങ്ങിൽ 18-ാം ഓവറിൽ നിന്നുള്ളതാണ് ആദ്യ വിഡിയോ. ആ ഓവറിന്റെ മൂന്നാം പന്തിൽ, 10 പന്തിൽ 18 റൺസെടുത്ത് നിൽക്കുന്ന ഡൽഹി താരം അമൻ ഹക്കിം ഖാനെ പുറത്താക്കാൻ കോലി ലോങ്-ഓണിൽ ഒരു തകർപ്പൻ ക്യാച്ചെടുത്തു.

ബൗണ്ടറി റോപ്പിനരികിലൂടെ ഫീൽഡിങ് പൊസിഷനിലേക്ക് തിരിച്ചുപോകുമ്പോൾ, ഡഗൗട്ടിൽ ഇരിക്കുകയായിരുന്ന ഗാംഗുലിയെ കോലി തുറിച്ചു നോക്കുകയായിരുന്നു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. ബാംഗ്ലൂർ 23 റൺസിനു മത്സരം വിജയിച്ചശേഷമുള്ളതാണ് രണ്ടാമത്തെ വിഡിയോ. ഇരുടീമുകളിലെയും അംഗങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യുന്ന സമയത്ത് കോലിയുമായി ഹസ്തദാനം െചയ്യുന്നത് ഒഴിവാക്കാൻ ഗാംഗുലി ക്യൂവിൽ മാറിപോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായിരിക്കെ കോലിയെ ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടക്കം വീണ്ടും ചർച്ചയാകുകയാണ്.

മാധ്യമങ്ങളിലൂടെയുള്ള പരസ്പര വാക്‌പോരിനുശേഷം 2021ൽ ട്വന്റി20 നായകസ്ഥാനത്തുനിന്നും 2022 ജനുവരിയിൽ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും കോലി പടിയിറങ്ങി. 14 മാസങ്ങൾക്കുശേഷവും കോലിയും ഗാംഗുലിയും അത്രനല്ല ബന്ധത്തിലല്ലെന്ന് തെളിയിക്കുന്നതാണ് ശനിയാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഈ രണ്ടു സംഭവങ്ങൾ. സൗരവ് ഗാംഗുലി ഡയറക്ടറായ ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ തോറ്റിരുന്നു.

വിരാട് കോലി മനഃപൂർവ്വം ഗാംഗുലിക്ക് ഹസ്തദാനം നൽകിയില്ലെന്നാണ് വീഡിയോ ചൂണ്ടിക്കാട്ടി ചിലർ പ്രതികരിക്കുന്നത്. എന്നാൽ, കോലി റിക്കി പോണ്ടിംഗുമായി സംസാരിക്കുമ്പോൾ, വരി തെറ്റിച്ച് ഗാംഗുലി കോലിക്ക് ഹസ്തദാനം നൽകാതെ പോവുകയായിരുന്നുവെന്ന് ഒരു കൂട്ടർ വാദം ഉന്നയിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ വഴി തുറന്നിട്ടുള്ളത്. ഇതിനൊപ്പം മത്സരത്തിനിടെ ഒരു ക്യാച്ച് എടുത്ത ശേഷം ഗാഗാംഗുലി ഇരിക്കുന്ന ഭാഗത്തേക്ക് വളരെ രൂക്ഷമായി കോലി നോക്കുന്നതിന്റെ വീഡിയോയും ചർച്ചയാകുന്നുണ്ട്.

അതേസമയം, ഐപിഎല്ലിൽ തുടർച്ചയായ അഞ്ചാം തോൽവിയാണ് ഡൽഹി ക്യാപിറ്റൽസ് ഏറ്റുവാങ്ങിയത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 23 റൺസിനായിരുന്നു ഡൽഹിയുടെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബി നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് നേടിയത്. വിരാട് കോലിയാണ് (34 പന്തിൽ 50) ആർസിബിയുടെ ടോപ് സ്‌കോറർ.

മറുപടി ബാറ്റിംഗിൽ ഡൽഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുക്കാനാണ് സാധിച്ചത്. 50 റൺസെടുത്ത മനീഷ് പാണ്ഡെ മാത്രമാണ് ഡൽഹി നിരയിൽ തിളങ്ങിയത്. മൂന്ന് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരൻ വിജയ്കുമാർ വൈശാഖാണ് ഡൽഹിയെ തകർത്തത്. മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.