- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
'എങ്കിലും ജോർജ് നിങ്ങൾ വന്നല്ലോ, ഇത്രയും ഒന്നും വേണ്ടായിരുന്നു എന്നു തിരിച്ചറിഞ്ഞല്ലോ': എസ്എഫ്ഐ സമരത്തിൽ ലാത്തി കൊണ്ട് തലതല്ലി പൊട്ടിച്ച വിദ്യാർത്ഥിനിയെ കാണാൻ 29 വർഷങ്ങൾക്ക് ശേഷം പൊലീസുകാരൻ; അഡ്വ.ഗീനാ കുമാരിയോട് ജോർജ് പറഞ്ഞത് ഇങ്ങനെ
തിരുവനന്തപുരം: സമരതീക്ഷ്ണമായിരുന്ന ഒരുകാലമുണ്ടായിരുന്നു എസ്എഫ്ഐക്ക്. പ്രീഡിഗ്രി ബോർഡ് വിരുദ്ധ സമരം, ഡോ.ജെ വി വിളനിലം വിരുദ്ധ സമരം, അങ്ങനെ എത്രയോ സമരങ്ങൾ. സർക്കാരിന്റെ തെറ്റായ പ്രവർത്തനങ്ങൾക്കെതിരെ, പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള സമരങ്ങൾ എന്നാണ് എസ്എഫ്ഐ നേതാക്കൾ പറയുക. അത്തരത്തിൽ, 1994 ലെ വിദ്യാർത്ഥി സമര കാലത്ത് എസ്എഫ്ഐയുടെ ജ്വലിക്കുന്ന നേതാവായിരുന്നു ടി. ഗീനാ കുമാരി. അന്നത്തെ സമരത്തിനിടെ പൊലീസ് മർദ്ദനത്തിൽ തല പൊട്ടി ചോരയിൽ കുളിച്ച് നിൽക്കുന്ന ഗീനായുടെ ചിത്രങ്ങൾ പത്രങ്ങളുടെ ഒന്നാം പേജിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പൊലീസിന്റെ മർദ്ദനമുറകൾക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

ഇന്ന് സർക്കാർ അഭിഭാഷകയാണ് ഗീനാകുമാരി. പഴയ സംഭവം കഴിഞ്ഞ് 29 വർഷങ്ങൾക്ക് ശേഷം ഗീനയെ മർദിച്ച പൊലീസുകാരൻ അവരെ നേരിട്ട് കാണാൻ എത്തി.
ഒരിക്കൽ പോലും കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്ത ഒരാൾ തന്നെ കാണാൻ വന്നുവെന്ന് ഗീനാ കുമാരി ഫേസ്ബുക്കിൽ കുറിച്ചു. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടയാൾ തന്നെയാണ്. ആദ്യമായാണ് മുഖം കാണുന്നത്. 20-ാം വയസിൽ തലതല്ലി പൊട്ടിച്ചയാളോട് എന്ത് പറയണമെന്ന് ആകെ കൺഫ്യൂഷൻ ആയിരുന്നുവെന്നും ഗീന കുറിച്ചു. എങ്കിലും ജോർജ് നിങ്ങൾ വന്നല്ലോ. വർഷങ്ങൾക്ക് ശേഷം ഇത്രയും ഒന്നും വേണ്ടായിരുന്നു എന്നു തിരിച്ചറിഞ്ഞല്ലോ. നന്ദി സുഹൃത്തേ എന്ന് കുറിച്ചാണ് ഗീനയുടെ പോസ്റ്റ് അവസാനിക്കുന്നത്.
ഗീനാ കുമാരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ഒരിക്കൽ പോലും കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്ത ഒരാൾ എന്നെ കാണാൻ വന്നു. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടയാൾ തന്നെയാണ്. ആദ്യമായാണ് മുഖം കാണുന്നത്. എന്ത് പറയണമെന്ന് ആകെ കൺഫ്യൂഷൻ ആയിരുന്നു. ഇരുപതാം വയസ്സിൽ തലതല്ലി പൊട്ടിച്ചയാൾ.
കുറ്റബോധത്തോടെ ,'ക്ഷമ ചോദിക്കുന്നു, പറ്റിപ്പോയി, മുപ്പതു വർഷമായി കൊണ്ടുനടക്കുന്ന ഉള്ളിലെ നീറ്റൽ നേരിട്ട് കണ്ട് പറയാനാണ് വന്നത്'. ജോർജ്ജിന്റെ വാക്കുകൾ പതറുകയായിരുന്നു. 1994 നവംബർ 15ന് ഉച്ചയ്ക്ക് 12.15 നായ് ജോർജ്ജിന്റെ ലാത്തി എന്റെ നെറ്റിയിലേക്ക് ആഞ്ഞു പതിച്ചത്.
ട്രെയിനിങ് കഴിഞ്ഞു ഫീൽഡിലേക്ക് വന്ന പൊലീസ് തന്റെ ഔദ്യോഗിക കൃത്യനിർവഹണം ആണ് നടത്തിയത്. പശ്ചാത്തപിക്കാനൊന്നും ഇല്ല. ഞങ്ങളും പോരാട്ടഭൂമികയിൽ അടിയുറച്ച് നിന്നിരുന്നു. അതിന്റെ ഫലമായി നേരിട്ട വിഷമതകൾ മാഞ്ഞു പോയിട്ടൊന്നും ഇല്ല.
പൊലീസ് അസോസിയേഷൻ നേതാവ് സി.പി.ബാബുരാജിനൊപ്പം പാലക്കാട് നിന്നാണ് ജോർജ് വന്നത്. ദേശാഭിമാനി ഫോട്ടോഗ്രാഫർ ആയിരുന്ന രാജേന്ദ്രൻ സഖാവിനെയും ഫോണിൽ വിളിച്ച് സംസാരിച്ചു.
മെയ് മാസത്തിൽ റിട്ടയർ ചെയ്യുന്നതിന് മുമ്പായി നേരിട്ട് കാണണമെന്ന് നേരത്തെ സുബൈദ സഖാവ് Subaida Issac പറഞ്ഞിരുന്നെങ്കിലും ഞാനത് പ്രോത്സാഹിപ്പിച്ചില്ല. എങ്കിലും ജോർജ് നിങ്ങൾ വന്നല്ലോ. വർഷങ്ങൾക്ക് ശേഷം ഇത്രയും ഒന്നും വേണ്ടായിരുന്നു എന്നു തിരിച്ചറിഞ്ഞല്ലോ..നന്ദി.. സുഹൃത്തേ..




