- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈകൾ രണ്ടും പിന്നിൽ കെട്ടി, കണ്ണുകളിൽ ഗൗരവം; രണ്ടും കൽപ്പിച്ച് രജനീകാന്തിന്റെ 'ജയിലർ' ഫസ്റ്റ് ലുക്ക്; ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്ന് തുടങ്ങും
ചെന്നൈ: പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ രജനീകാന്ത് ചിത്രമാണ് ജയിലർ. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചത് ജൂൺ 17ന് ആണ്. അന്ന് മുതൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ജയിലറിന്റെ പ്രധാന അപ്ഡേറ്റ് ഇന്ന് രാവിലെ 11 മണിക്ക് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ സൺ പിക്ചേഴ്സ് ഇന്നലെ അറിയിച്ചു. അതിനനുസരിച്ചാണ് ഇപ്പോൾ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. കണ്ണുകളിൽ ഏറെ ഗൗരവം നിറച്ച് കൈകൾ രണ്ടും പുറകിൽ കെട്ടി നടന്ന് വരുന്ന രജനീകാന്ത് ആണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ ഷൂട്ടിങ്ങും ഇന്ന് മുതൽ ആരംഭിക്കുകയാണ്.
ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ, പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് എത്തുക. അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാർത്തിക് കണ്ണൻ ആണ്. 'അണ്ണാത്തെ'യ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയിൽ 'ജയിലർ' ഇതിനകം ഇടം പിടിച്ചു കഴിഞ്ഞു.
ജയിലറിൽ തമന്നയാണ് നായികയായി എത്തുന്നതെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തവരേണ്ടതുണ്ട്. രമ്യാ കൃഷ്ണനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. 'പടയപ്പ' എന്ന വൻ ഹിറ്റിന് ശേഷം 23 വർഷങ്ങൾ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നത്. 'ലൈഗർ' എന്ന ചിത്രത്തിന്റെ പ്രമോഷനിടയിൽ രമ്യാ കൃഷ്ണൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കോലമാവ് കോകിലയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെൽസൺ. പക്ഷേ അദ്ദേഹത്തിന് കരിയർ ബ്രേക്ക് നൽകിയത് ശിവകാർത്തികേയൻ നായകനായ ഡോക്ടർ ആയിരുന്നു. പിന്നാലെ വന്ന വിജയ് ചിത്രം ബീസ്റ്റിന് പരാജയം നേരിടേണ്ടി വന്നിരുന്നു. ജയിലറിലൂടെ ഈ പരാജയം നികത്തി തിരിച്ചുവരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംവിധായകൻ ഇപ്പോൾ.
മറുനാടന് മലയാളി ബ്യൂറോ