പുറത്തിറങ്ങി 25 വർഷം പിന്നിടുമ്പോഴും സിനിമാ ആസ്വാദകരുടെ മനസിലെ മനോഹര പ്രണയകാവ്യമാണ് ടൈറ്റാനിക്.1997- ഡിസംബർ 19-നാണ് ജെയിംസ് കാമറൂൺ സംവിധാനത്തിൽ ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് 25 വയസ്സാകുമ്പോഴും സിനിമാ പ്രേമികൾ ഇപ്പോഴും ചോദിക്കുന്ന ഒന്നുണ്ട്. റോസ് എന്തുകൊണ്ട് ജാക്കിനെക്കൂടി രക്ഷിച്ചില്ലാ എന്നത്.ഈ വാർഷിക വേളയിൽ ഈ ചോദ്യത്തിന് ഉത്തരമായി ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംവിധായകൻ. ചിത്രത്തിന്റെ ക്ലൈമാക്‌സുമായി ബന്ധപ്പെട്ടാണത്.

കപ്പലപകടത്തിൽ നായകനായ ജാക്ക് മരിക്കുന്നതായിട്ടാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. എന്നാൽ ഒപ്പമുണ്ടായിരുന്ന നായിക റോസിന് ജാക്കിനെ രക്ഷിക്കാനുള്ള സാഹചര്യമുണ്ടായിരുന്നല്ലോ എന്ന തരത്തിൽ ചർച്ചകൾ സജീവമായിരുന്നു. ഇതിനുള്ള വിശദീകരണം കൂടിയാണ് കാമറൂണിന്റെ ഇപ്പോഴത്തെ പ്രതികരണം. സിനിമയിൽ ജാക്ക് മരിക്കേണ്ടത് അനിവാര്യമായിരുന്നെന്നും അത് തെളിയിക്കാനായി ശാസ്ത്രീയപഠനങ്ങൾ നടത്തിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മരപ്പലകയിൽ രണ്ടുപേർക്ക് കിടക്കാനാകുമായിരുന്നില്ലെന്നും ഇത് സ്ഥിരീകരിക്കുന്നതിനായി ഫോറൻസിക് പഠനം നടത്തിയെന്നുമാണ് ജെയിംസ് കാമറൂൺ വ്യക്തമാക്കിയത്.സിനിമയിൽ ഉപയോഗിച്ച ചങ്ങാടം പുനർനിർമ്മിച്ചു. ഒരു ഹൈപ്പോഥെർമിയ വിദഗ്ദ്ധന്റെ സഹോയത്തോടെ സമഗ്രമായ ഫോറൻസിക് വിശകലനം നടത്തി. സിനിമയിൽ ജാക്കും റോസുമായി എത്തിയ കേറ്റിന്റെയും ലിയോയുടെയും അതേ ശരീരഭാരമുള്ള രണ്ട് സ്റ്റണ്ട് ആർട്ടിസ്റ്റുകളെയാണ് പഠനത്തിനായി ഉപയോഗിച്ചത്.

അവരുടെ പുറത്തും ഉള്ളിലുമായി സെൻസറുകൾ സ്ഥാപിച്ചു. തുടർന്ന് അവരെ ഐസ് വെള്ളത്തിൽ ഇടുകയും അവർക്ക് തണുപ്പിനെ അവർക്ക് അതിജീവിക്കാൻ കഴിയുമോയെന്ന് വിവിധ രീതികളിൽ പരീക്ഷിക്കുകയും ചെയ്തു. രണ്ടുപേരും അതിജീവിക്കുക എന്നത് സാദ്ധ്യമല്ലെന്നും ഒരാൾക്ക് മാത്രമേ അതിജീവിക്കാൻകഴിയൂവെന്നും കണ്ടെത്തിയെന്നും ജെയിംസ് കാമറൂൺ വിശദീകരിച്ചു.കനേഡിയൻ മാധ്യമമായ പോസ്റ്റ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കാമറൂണിന്റെ വെളിപ്പെടുത്തൽ.

ഫെബ്രുവരിയിലെ വാലന്റൈൻസ് വാരാന്ത്യത്തിൽ പുറത്തിറങ്ങുന്ന ടൈറ്റാനിക് 4കെ പതിപ്പിനൊപ്പം ഈ പരീക്ഷണത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തുമെന്ന സൂചനയും അദ്ദേഹം നൽകി.ജാക്ക് മരിക്കേണ്ടതുണ്ടായിരുന്നെന്ന് മറ്റൊരു അഭിമുഖത്തിലും ജെയിംസ് കാമറൂൺ വ്യക്തമാക്കിയിരുന്നു. റോമിയോ- ജൂലിയറ്റ് എന്നിവരുടെ കഥ പോലെയാണിത്. പ്രണയം, ത്യാഗം, മരണം എന്നിവ സംബന്ധിച്ച സിനിമയാണ് ടൈറ്റാനിക്. ത്യാഗത്തിലൂടെയാണ് പ്രണയത്തെ അളക്കുന്നതെന്നും ജെയിംസ് കാമറൂൺ വിശദീകരിച്ചിരുന്നു.

1997-ൽ തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സോഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമാണ്. ലിയനാഡോ ഡികാപ്രിയോ, കേറ്റ് വിൻസ്‌ളെറ്റ് എന്നിവരായിരുന്നു യഥാക്രമം ജാക്കും റോസുമായെത്തിയത്. ജെയിംസ് ഹോണർ ഈണമിട്ട എവരി നൈറ്റ്‌സ് ഇൻ മൈ ഡ്രീം എന്ന ഗാനം ഇപ്പോഴും സൂപ്പർഹിറ്റാണ്. ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാർ: ദ വേ ഓഫ് വാട്ടർ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.