മുംബൈ: ബോളിവുഡ് സിനിമയുടെ കഷ്ടകാലം തീർക്കാൻ ഒരുങ്ങി ഇറങ്ങാനാണ് സാക്ഷാൻ ഷാരൂഖ് ഖാന്റെ തീരുമാനം. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ജവാൻ' വമ്പൻ വരവ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമ റിലീസിനു മുൻപേ വമ്പൻ തുക ഒടിടി, സാറ്റലൈറ്റ് അവകാശത്തിലൂടെ സ്വന്തമാക്കിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

നെറ്റ്ഫ്‌ളിക്സാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഓൾ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്‌സ് സീ ടിവിക്കാണ്. സാറ്റലൈറ്റ്, ഒടിടി അവകാശങ്ങളിലൂടെ ചിത്രം 250 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് സൂചന. വിജയ് സേതുപതി, നയൻതാര എന്നിങ്ങനെ തെന്നിന്ത്യൻ താരങ്ങളുടെ വലിയ നിര തന്നെ സിനിമയിലുണ്ട്.

ജവാനിൽ വിജയ് സേതുപതി വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുക. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റമാണിത്. അന്വേഷണ ഉദ്യോഗസ്ഥയായാണ് നയൻതാര എത്തുന്നത്. ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിൽ എത്തും. ദീപിക പദുകോണും സിനിമയിൽ കാമിയോ വേഷത്തിലെത്തുന്നുണ്ട്. നടൻ വിജയ്‌യും സിനിമയുടെ ഭാഗമാകുമെന്ന അഭ്യൂഹങ്ങളുണ്ട്.

പ്രിയാമണിയും പ്രധാന വേഷം ചെയ്യുന്നു. യോഗി ബാബു, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും തെന്നിന്ത്യയിൽ നിന്നുള്ളവരാണ്. ജികെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അറ്റ്ലിയുടെ 'മെർസൽ', 'ബിഗിൽ' എന്നീ ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചത് വിഷ്ണുവാണ്.