- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോളോവേഴ്‌സിനെ കൂട്ടാൻ ചിത്രത്തിലെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു; പരാതിയുമായി 'ജയ ജയ ജയ ജയ ഹേ' നിർമ്മാതാക്കൾ; നിറഞ്ഞ സദസ്സിൽ ചിത്രം ഓടുമ്പോൾ സൈബർ പ്രചരണം തിരിച്ചടിയാകുന്നു
കൊച്ചി: ബേസിൽ ജോസഫ്- ദർശന രാജേന്ദ്രൻ കൂട്ട്‌കെട്ടിൽ തിയേറ്റർ നിറഞ്ഞോടുന്ന വിജയ ചിത്രമായ 'ജയ ജയ ജയ ജയ ഹേ'യുടെ അണിയറ പ്രവർത്തകർ പൊലീസിൽ പരാതി നൽകി. ചിത്രത്തിലെ പ്രധാന രംഗങ്ങൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നതായാണ് പരാതി.ഫോളോവേഴ്‌സിനെ വർദ്ധിപ്പിക്കാനായി ഇത്തരത്തിലുള്ള സീനുകൾ അടങ്ങിയ റീലുകൾ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് വിവരങ്ങൾ അടക്കം നിർമ്മാതാക്കൾ സമർപ്പിച്ച പരാതിയിലുണ്ട്.
മുൻപും തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിലെ രംഗങ്ങൾ റീലുകളായും വാട്ട്‌സാപ്പ് സ്റ്റാറ്റസുകളായും പ്രചരിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളിൽ പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. നിർമ്മാതാക്കളുടെ പരാതിയെ തുടർന്ന് എറണാകുളം സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എല്ലാത്തരം പ്രേക്ഷകരെയും തിയേറ്ററുകളിലേയ്ക്ക് ആകർഷിച്ച ചിത്രമായ 'ജയ ജയ ജയ ജയ ഹേ' പതിനൊന്ന് ദിവസത്തിനുള്ളിൽ 25 കോടി ക്‌ളബ്ബിൽ ഇടം പിടിച്ചിരുന്നു.
ഒക്ടോബർ 28ന് തിയേറ്ററിലെത്തിയ ചിത്രത്തിൽ ആനന്ദ് മന്മഥൻ, അസീസ് നെടുമങ്ങാട്,സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള എന്നിവരാണ് മറ്റ് താരങ്ങൾ. പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ചിത്രത്തിലെ 'ജയ ജയ ജയ ജയ ഹേ' എന്ന് തുടങ്ങുന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. കുടുംബ പശ്ചാത്തലത്തിൽ പ്രേക്ഷകരിൽ ചിരിയുണർത്തുന്ന ചിത്രം ജാനേമനു ശേഷം ചിയേഴ്സ് എന്റർടൈന്മെന്റ്‌സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേശ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് നിർമ്മാണം. സംവിധായകൻ വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് തിരക്കഥ .ബബ്ലു അജു ഛായാഗ്രഹണം നിർവഹിക്കുന്നു. പി.ആർ. ഒ വൈശാഖ് സി വടക്കേവീട്,
മറുനാടന് ഡെസ്ക്