- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
വിമാനം ആകാശച്ചുഴിയിൽ പെട്ട അനുഭവം വിവരിച്ച് ജോളി ജോസഫിന്റെ കുറിപ്പ്
തിരുവനന്തപുരം: ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്ക് പറന്ന സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശ ചുഴിയിൽ പെട്ട് ഒരുയാത്രക്കാരൻ മരിക്കുകയും, 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തത് അപൂർവ സംഭവമാണ്.മ്യാന്മാറിന് മുകളിൽ വച്ച് 37,000 അടി ഉയരെ ഒരു മിനിറ്റിലേറെ നേരത്തേക്കാണ് വിമാനം ആടിയുലഞ്ഞതെന്ന് ഏവിയേഷൻ ട്രാക്കിങ് സർവീസായ ഫ്‌ളൈറ്റ് ഡാറ്റ 24 വിശകലനം ചെയ്തു. വിമാനയാത്രയ്ക്കിടെ ആകാശച്ചുഴി എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും സീറ്റ് ബെൽറ്റ് ധരിക്കുന്നതാണ ഉചിതം, അമേരിക്കയുടെ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ മുന്നറിയിപ്പ് നൽകി.
തനിക്കുണ്ടായ സമാന അനുഭവം വിവരിക്കുകയാണ് നിർമ്മാതാവും വ്യവസായിയുമായ ജോളി ജോസഫ്. വർഷങ്ങൾക്ക് മുമ്പ് നടന്ന അനുഭവമാണ് അദ്ദേഹം വിവരിക്കുന്നത്. ഓരോ വിമാനയാത്രികനും ശ്രദ്ധിക്കേണ്ട കാര്യവും ജോളി ജോസഫ് കുറിപ്പിൽ വ്യക്തമാക്കുന്നു.
ജോളി ജോസഫിന്റെ കുറിപ്പ്:
അപൂർവങ്ങളിൽ അപൂർവമായ സംഭവത്തിൽ, ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ തിങ്കളാഴ്‌ച്ച സിംഗപ്പൂരിലേക്ക് പറന്നുയർന്ന എസ്‌ക്യു 321 എന്ന വിമാനം വഴിമധ്യേയുണ്ടായ ആകാശചുഴിയിൽ (AIR POCKET ) വീഴുകയും കടുത്ത പ്രക്ഷുബ്ധത (TURBULANCE ) മൂലം വെറും അഞ്ചു മിനിറ്റുള്ളിൽ 37000 അടിയിൽ നിന്നും 31000 അടിയിലേക്ക് കൂപ്പുകുത്തുകയും , അതിഭീകരമായി അലറി കരഞ്ഞു ഭയന്നുപോയ യാത്രക്കാരിൽ 73 കാരനായ ഒരു ബ്രിട്ടീഷുകാരൻ സംഭവത്തിനിടെ ഹൃദയാഘാതം മൂലം മരണമടയുകയും, തലയ്ക്ക് പരിക്കേറ്റ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബാങ്കോക്കിലെ സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട വിമാനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.45 ന് (പ്രാദേശിക സമയം) ലാൻഡ് ചെയ്തു. ബോയിങ് 777-300 ഇആർ വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരും ഉണ്ടായിരുവെന്നും ക്യാബിൻ ക്രൂ പ്രഭാതഭക്ഷണം വിളമ്പുന്നതിനിടെയാണ് വിമാനം ആകാശചുഴിയിൽ വീണതെന്നും റിപ്പോർട്ടുകൾ പറയുന്നു.
കാലാവസ്ഥാ റഡാറിൽ നിന്നുള്ള വിവരങ്ങൾ പ്രക്ഷുബ്ധതയൊന്നും കാണിക്കാത്തതിനാൽ പൈലറ്റിന് മുൻകൂർ മുന്നറിയിപ്പ് നൽകാൻ കഴിയാതെ വരുമെന്നും, യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്ത സാഹചര്യത്തിലാണ് ഇത്തരം പരിക്കുകൾ സംഭവിക്കാറുള്ളതെന്നും വ്യോമയാന വിദഗ്ദ്ധർ പറയാറു . കഴിഞ്ഞ വർഷം മേയിൽ ഡൽഹി-സിഡ്നി എയർ ഇന്ത്യ വിമാനത്തിൽ പ്രക്ഷുബ്ധത മൂലം നിരവധി യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
വർഷങ്ങൾക്ക് മുൻപ് ചെന്നൈയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവെസിന്റെ വിമാനം വഴിമധ്യേയുണ്ടായ AIR POCKET ൽ വീണതും, ടോയ്ലെറ്റിൽ ഉണ്ടായിരുന്ന എന്റെ കണ്ണട പൊട്ടി നെറ്റിയിലും മേലെയിടിച്ച് തലയിലും പരിക്കുപറ്റിയ ഭയന്ന് വിറച്ചുപോയ എനിക്ക് അടിയന്തിരമായി വിമാനമിറക്കിയ ദുബായ് എയർപോർട്ടിൽ നൽകിയ ആരോഗ്യപരിരക്ഷണവും ശുശ്രുഷയും മറക്കില്ലൊരിക്കലും .. ! അതിൽപിന്നെ, വണ്ടിയിൽ കയറിയാൽ സീറ്റ് ബെൽറ്റ് ധരിച്ചാൽ ഒരൊറ്റ ഉറക്കമാണ്, ആകാശം ഇടിഞ്ഞു വീണാലും ഞാൻ ഉറങ്ങും ...! അതിനുള്ള 'സൂത്രങ്ങൾ ' ഞാനെന്നെത്തന്നെ പരിശീലിപ്പിച്ചിട്ടുണ്ട് ...!
നിങ്ങൾ വിമാന സഞ്ചാരിയെങ്കിൽ, സീറ്റിലിരുന്നാൽ ദയവുചെയ്ത് സീറ്റ് ബെൽറ്റ് ധരിക്കുക..യാത്രക്കിടയിൽ അത്യാവശ്യത്തിനല്ലാതെ യാതൊരു കാരണവശാലും സീറ്റ് ബെൽറ്റ് അഴിക്കരുത്.. ഇനി ഏതെങ്കിലും ആവശ്യത്തിന് സീറ്റിൽ നിന്നും എഴുന്നേൽക്കണം എന്ന് തോന്നിയാൽ ആദ്യം വിമാനം കുലുങ്ങാതെ പറക്കുന്നുണ്ടെന്നും സീറ്റ് ബെൽറ്റ് അടയാളം കാണിച്ചിട്ടില്ലെന്നും ഉറപ്പു വരുത്തുക ..! എന്തൊക്കെയായാലും മറ്റുള്ള സൗകര്യങ്ങളെക്കാൾ ഇന്നും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്ര സൗകര്യമാണ് വിമാനയാത്രകൾ ... !