കൊച്ചി: അകാലത്തിൽ പൊലിഞ്ഞ മകൾ നന്ദനയുടെ ഓർമദിനത്തിൽ കെ എസ് ചിത്രയുടെ ഹൃദയസ്പർശിയായ കുറിപ്പ്. മലയാളികൾക്കാകെ നൊമ്പരപ്പെടുത്തുന്ന ഓർമയാണ് ചിത്രയുടെ മകളുടെ മരണം. ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം ചിത്രയ്ക്ക് ജനിച്ച മകൾ അൽപായുസായിരുന്നു. ഓരോ ഓർമദിനത്തിലും പിറന്നാൾ ദിനത്തിലും നന്ദനയുടെ ഓർമകൾ ചിത്ര പങ്കുവയ്ക്കാറുണ്ട്. ഓർമദിനത്തിൽ മകളെ കുറിച്ച് ചിത്ര പങ്കുവച്ച പുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്.

'ഞങ്ങളുടെ ഹൃദയം മുഴുവൻ നിന്നെ കുറിച്ചുള്ള ഓർമകളാണ്. നിന്നെ കുറിച്ച് ഞങ്ങൾ അഭിമാനത്തോടെ സംസാരിക്കുന്നു. നിന്നെ കൂടാതെ ജീവിതം മുന്നോട്ട് പോകുന്നെങ്കിലും ഒന്നും പഴയതുപോലെയല്ല. പ്രിയപ്പെട്ട നന്ദനമോളുടെ സ്‌നേഹ സ്മരണയ്ക്കായി.'

നന്ദനയുടെ പിറന്നാൾ ദിനത്തിലും ചിത്ര പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'സ്വർഗ്ഗത്തിലെ നിന്റെ ജന്മദിനമാണിന്ന്. വർഷങ്ങൾ എത്ര കടന്നുപോയാലും നീ മായാതെ എന്നും എന്റെ മനസ്സിലുണ്ടാകും. അകലെയാണെങ്കിലും നീ സുരക്ഷിതയാണെന്ന് എനിക്കറിയാം. ഈ ദിവസം ഞാൻ നിന്നെ കുറച്ചധികം മിസ് ചെയ്യുന്നു.ഒരുപാട് സ്‌നേഹിക്കുന്നു. പ്രിയപ്പെട്ട നന്ദനക്ക് പിറന്നാൾ ആശംസകൾ'.എന്നാണ് മകളുടെ ചിത്രത്തിനൊപ്പം ചിത്ര കുറിച്ചത്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2002ൽ ചിത്രക്കും ഭർത്താവ് ജയശങ്കറിനും നന്ദന ജനിക്കുന്നത്. എന്നാൽ ഈ സന്തോഷം അധിക കാലം നീണ്ടുനിന്നില്ല. എന്നും ചിരിച്ചുകൊണ്ടു കാണുന്ന കെ എസ് ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു മകൾ നന്ദനയുടെ മരണം. ഒമ്പത് വയസ് തികയും മുന്നേ മരണപ്പെടുകയും ചെയ്തു. 2011ൽ ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണായിരുന്നു മരണം.