ലക്‌നൗ: ഉത്തർപ്രദേശിലെ സഹരാൻപൂരിൽ സെപ്റ്റംബർ 16ന് നടന്ന അണ്ടർ 17 സ്റ്റേറ്റ് ലെവൽ കബഡി മത്സരത്തിനെത്തിയ മത്സരാർത്ഥികൾക്ക് ടോയ്‌ലറ്റിനകത്ത് വച്ച് ഭക്ഷണം നൽകിയതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം വ്യാപകം. തീർത്തും വൃത്തിയില്ലാത്ത സാഹചര്യമാണിവിടെ. തറയിലെല്ലാം അഴുക്കും പാടുകളും കാണാം. വാഷ് ബേസിനുകളും, മൂത്രമൊഴിക്കാനുപയോഗിക്കുന്ന യൂറിനൽസും ഉള്ളിടത്ത് വെറും തറയിൽ തുറന്നുവച്ച വലിയ പാത്രത്തില് ചോറ് കാണാം. അതിനടുത്തായി കറിയും. അടുത്ത് തന്നെ ഒരു കടലാസ് വിരിച്ച് അതിൽ ബാക്കി വന്നിരിക്കുന്ന പൂരി അടുക്കിയിട്ടിരിക്കുന്നത് കാണാം.

സെപ്റ്റംബർ 16-ന് നടന്ന സംഭവം ചില താരങ്ങൾ തന്നെയാണ് ക്യാമറയിൽ പകർത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതു സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ടോയ്ലറ്റിനുള്ളിൽവെച്ച് താരങ്ങൾ ചോറും കറികളും വിളമ്പുന്നതാണ് വീഡിയോയിലുള്ളത്.

മത്സരാർത്ഥികൾ അടക്കമുള്ളവർ ഇതിനകത്ത് വന്ന് ഭക്ഷണമെടുത്ത് പുറത്തേക്ക് പോകുന്നത് വീഡിയോയിൽ കാണാം. നിരവധി പേരാണ് ഇത്തരത്തിൽ ഭക്ഷണം കഴിച്ചിരിക്കുന്നതെന്ന് വീഡിയോയിൽ തന്നെ വ്യക്തമാണ്. വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായതിനെ തുടർന്ന് വിശദീകരവുമായി അധികൃതർ രംഗത്തെത്തി. സ്ഥലമില്ലാത്തതിനാൽ ഭക്ഷണം 'ചേഞ്ചിങ് റൂമിൽ' സൂക്ഷിച്ചതാണെന്ന് സഹരൻപൂർ സ്പോർട്സ് ഓഫീസർ അനിമേഷ് സക്സേന പ്രതികരിച്ചു. അതേസമയം സംഭവത്തിൽ ഉത്തർ പ്രദേശ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ഥലമില്ലെങ്കിൽ പുറത്തുവച്ച് ഭക്ഷണം നൽകിയിരുന്നെങ്കിലും പ്രശ്‌നമില്ലായിരുന്നു, ഇതൊരിക്കലും ഉൾക്കൊള്ളാവുന്നതോ അംഗീകരിക്കാവുന്നതോ അല്ലെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. ബിജെപി സർക്കാരിനെതിരെയും വിമർശനങ്ങളുയരുന്നുണ്ട്. സംഭവം വിവാദമായതോടെ സഹരാൻപൂർ സ്പോർട്സ് ഓഫീസറെ സസ്‌പെൻഡ് ചെയ്തതായാണ് വിവരം.

ഏത് ടോയ്‌ലറ്റിലാണെങ്കിലും ദശലക്ഷക്കണക്കിന് ബാക്ടീരിയകളാണുണ്ടാവുക. തറ തൊട്ട് ഫ്‌ളഷ് ഹാൻഡിലിൽ വരെ രോഗാണുക്കളുണ്ടായിരിക്കും. നാം പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങളോ കപ്പുകളോ ബക്കറ്റോ പോലും ടോയ്‌ലറ്റിനകത്ത് വയ്ക്കാൻ പാടുള്ളതല്ല. അത്രമാത്രം ശ്രദ്ധിക്കേണ്ട കാര്യമാണിത്.

നേരത്തെ ഷവർമ്മ കഴിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മരണകാരണമായ ഷിജെല്ല ബാക്ടീരിയ എല്ലാം മലിനമായ സാഹചര്യത്തിലൂടെ ശരീരത്തിലെത്തുന്നതാണ്. ഇത് ബാധിച്ചയൊരാളുടെ വിസർജ്യത്തിലൂടെ മറ്റുള്ളവരിലേക്കും രോഗകാരിയെത്താം. ഇ-കോളി, ക്ലബ്‌സെല്ല തുടങ്ങിയ ടോയ്‌ലറ്റ് ബാക്ടീരിയകളും വൃത്തിഹീനമായ സാഹചര്യങ്ങിൽ വയ്ക്കുന്ന ഭക്ഷണത്തിൽ കാണപ്പെടാറുണ്ട്.

ഇത്രയധികം ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് അറിഞ്ഞിട്ടും ആവർത്തിച്ച് ഇത്തരം പിഴവുകൾ വരുത്തുന്നതാണ് പ്രതിഷേധം ഉയർത്തുന്നത്. ഇത്തരത്തിലുള്ള മലിനമായ സാഹചര്യങ്ങളിൽ ഭക്ഷണം നൽകുകയെന്നത് തന്നെ മാനുഷികതയ്ക്ക് നിരക്കാത്ത പ്രവർത്തിയാണെന്ന് വീഡിയോ കണ്ടവർ പ്രതികരിക്കുന്നു.