ചെന്നൈ: കമൽ ഹാസനെ നായകനാക്കി വീണ്ടും സിനിമയൊരുക്കാൻ മണി രത്‌നം. നീണ്ട 35 വർഷങ്ങൾക്കു ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു സിനിമ ഒരുങ്ങുന്നത്. കമൽ ഹാസന്റെ പിറന്നാൾ ദിനത്തിന് തലേദിവസമാണ് സിനിമാപ്രേമികൾക്ക് ആവേശം പകരുന്ന പ്രഖ്യാപനം. പ്രഖ്യാപനത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

1987 ൽ പുറത്തെത്തിയ ഗ്യാങ്സ്റ്റർ ഡ്രാമ ചിത്രം നായകൻ ആണ് മണി രത്‌നത്തിന്റെ സംവിധാനത്തിൽ കമൽ ഹാസൻ ഇതിനു മുൻപ് നായകനായെത്തിയ ചിത്രം. മണി രത്‌നം തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിക്കുന്നത്.എ ആർ റഹ്‌മാൻ ആണ് സംഗീത സംവിധായകൻ. മണി രത്‌നം, കമൽ ഹാസൻ, എ ആർ റഹ്‌മാൻ എന്നിവർ ആദ്യമായാണ് ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്.

 

 

കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മണി രത്‌നത്തിന്റെ മദ്രാസ് ടാക്കീസ്, ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. കമൽ ഹാസൻ, മണി രത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണഅ ചിത്രം നിർമ്മിക്കുന്നത്.

കമൽ ഹാസന്റെ കരിയറിലെ 234-ാം ചിത്രമാണ് ഇത്. 2024 ൽ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ പദ്ധതി. ഒരേ മനസ് ഉള്ളവർക്കൊപ്പം പ്രവർത്തിക്കുന്നത് എപ്പോഴും ആവേശം പകരുന്ന ഒന്നാണെന്ന് മണി രത്‌നത്തിനും എ ആർ റഹ്‌മാനുമൊപ്പം പ്രവർത്തിക്കുന്നതിലെ ആഹ്ലാദം പങ്കുവച്ചുകൊണ്ട് കമൽ പറഞ്ഞു.

അതേസമയം തങ്ങൾ ഇരുവരുടെയും കരിയറിലെ ഏറ്റവും വിജയം നേടിയ രണ്ട് ചിത്രങ്ങൾക്കു ശേഷമാണ് കമൽ ഹാസനും മണി രത്‌നവും ഒന്നിക്കുന്നത് എന്നതും കൗതുകകരമാണ്. കമൽ ഹാസന് വൻ തിരിച്ചുവരവ് നൽകിയ ചിത്രമായിരുന്നു ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഈ വർഷമെത്തിയ വിക്രം. അതുപോലെതന്നെ മണി രത്‌നത്തിന്റെ എപിക് ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമ ചിത്രം പൊന്നിയിൻ സെൽവനും ബോക്‌സ് ഓഫീസിൽ വൻ വിജയമാണ് നേടിയത്.